Click to learn more 👇

കെ.ബി.ഗണേഷ് കുമാര്‍ പരാതിക്കാരിയുടെ കത്തില്‍ ഉമ്മൻ ചാണ്ടിയുടെ പേരെഴുതി ചേര്‍ത്തു; സോളാര്‍ പീഡനക്കേസില്‍ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ,


 

സോളാര്‍ പീഡനക്കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ. കെ ബി ഗണേഷ് കുമാര്‍, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍.

കേസില്‍ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൂഢാലോചനയെക്കുറിച്ച്‌ പരാമര്‍ശം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് അംഗീകരിച്ചത്. 

പരാതിക്കാരി ആദ്യം എഴുതിയ കത്തില്‍ ഉമ്മൻ ചാണ്ടിയുടെ പേരോ അദ്ദേഹത്തെക്കുറിച്ചുള്ള പരാമര്‍ശമോ ഇല്ലായിരുന്നു. ഇത് പിന്നീട് എഴുതി ചേര്‍ത്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഗണേഷ് കുമാര്‍ സഹായിയെ വിട്ട് കത്ത് കൈവശപ്പെടുത്തിയ ശേഷം ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നു. വിവാദ ദല്ലാളും ഉമ്മൻ ചാണ്ടിയെ കുടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ പീഡനക്കേസുമായി മുന്നോട്ട് പോകാനായി പരാതിക്കാരിക്ക് പിന്തുണ നല്‍കിയതും വിവാദ ദല്ലാളാണെന്നും സിബിഐ കണ്ടെത്തി. കേസില്‍ സിബിഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാള്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സോളാര്‍കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി ജയിലില്‍ക്കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കത്തെഴുതുന്നത്. ഗണേഷ് കുമാറിന്റെ ഭാര്യ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസില്‍ വച്ച്‌ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും സിബിഐ പറയുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.