Click to learn more 👇

നിപ: വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം; മാസ്ക് നിര്‍ബന്ധമാക്കി, നിരീക്ഷണം തുടരും


 

വയനാട്: കുറ്റ്യാടി മേഖലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത നിര്‍ദേശം. തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ പൊതുപരിപാടിക്ക് എത്തുന്നവര്‍ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

കണ്ടയിൻമെന്റ് സോണിലോ അതിന് സമീപത്തോ ഉള്ളവര്‍ വയനാട്ടിലെ ജോലിക്കാര്‍ ആണെങ്കില്‍ യാത്ര ഒഴിവാക്കണമെന്നും കളക്ടര്‍ രേണുരാജ് അറിയിച്ചു. 

അതേ സമയം, നിപ വൈറസ് ബാധയില്‍ കോഴിക്കോട് നിന്ന് ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. നിപ പ്രതിരോധത്തില്‍ കേരളം ശരിയായ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആശ്വാസ വാര്‍ത്ത.

അതേസമയം നിപ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരൻ്റെ നിലയില്‍ ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. 9 വയസുകാരൻ്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. എന്നാല്‍ ഏറ്റവും ഒടുവിലായി നിപ്പ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നത് ആശ്വാസകരമാണ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ജില്ലയിലെ ആക്റ്റീവ് കേസുകള്‍ 3 ആയത്. ആദ്യം മരിച്ച രോഗിയുടെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടയാളാണ് ഒടുവിലായി നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകൻ.

ആദ്യം നിപ സ്ഥിരീകരിച്ചവരുടെ സമ്ബര്‍ക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറായിട്ടുണ്ട്. നിലവില്‍ ആകെ 706 പേരാണ് സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യം മരണപ്പെട്ട ആളുടെ സമ്ബര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്ബര്‍ക്കപട്ടികയില്‍ 281 പേരുമാണ് ഉള്ളത്. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ളവരെയും ചേര്‍ത്താണ് 706 പേരുടെ സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവരെല്ലാം ആശുപത്രികളിലും വീടുകളിലമായി നിപ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ സമ്ബര്‍ക്കപ്പട്ടികയുടെ വിവരങ്ങള്‍ വൈകാതെ ലഭിക്കും

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.