വവ്വാല്‍ ദേഹത്തിടിച്ചതായി പറഞ്ഞ ബിഡിഎസ് വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.
ഹോസ്റ്റലില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥി വവ്വാല്‍ ശരീരത്തില്‍ ഇടിച്ചത് സഹപാഠികളോട് പറഞ്ഞതാണ് പരിഭ്രാന്തിക്കിടയാക്കിയത്. കടുത്ത പനി അനുഭവപ്പെടുന്ന വിദ്യാര്‍ത്ഥിയുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചു.
അതേസമയം, കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്.രണ്ടാഴ്ച മുമ്ബ് മരുതോങ്കരയില്‍ മരിച്ച നാല്പത്തിയഞ്ചുകാരനും കഴിഞ്ഞ ദിവസം ആയഞ്ചേരി പഞ്ചായത്തില്‍ മരിച്ച നാല്പതുകാരനും ചികിത്സയിലുള്ള മറ്റു രണ്ടുപേര്‍ക്കുമാണ് നിപ സ്ഥിരീകരിച്ചത്. നാല്പത്തിയഞ്ചുകാരന്റെ ഒൻപത് വയസുള്ള മകനും ഭാര്യാ സഹോദരനായ ഇരുപത്തിരണ്ടുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്ബതുവയസുകാരൻ വെന്റിലേറ്ററിലാണ്. ഏഴ് പേരാണ് ചികിത്സയിലാണ്. ജില്ലയില്‍ 168 പേര്‍ സമ്ബര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ 127 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു.
കണ്ടെയിൻമെന്റ് സോണായ മേല്‍ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ലെന്ന് കളക്ടര്‍ അറിയിച്ചു. പ്രസ്തുതവാര്‍ഡുകളില്‍ കര്‍ശനമായ ബാരികേഡിംഗ് നടത്തേണ്ടതാണെന്നും ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണെന്നും കളക്ടര്‍ വ്യക്തമാക്കി.