സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. "പ്രതി നായിക " എന്ന പേരിലുള്ള ആത്മകഥയുടെ കവര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്.
"ഞാൻ പറഞ്ഞതെന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടു പോയവയും" പുസ്തകത്തിലുണ്ടെന്ന് സരിതയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കൊല്ലം ആസ്ഥാനമായ റെസ്പോൻസ് ബുക്ക് ആണ് പുസ്തകം തയാറാക്കുന്നത്.
ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ ആരൊക്കെ ഉണ്ടെന്നുള്ളതിന്റെ ചര്‍ച്ച ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പുസ്തകവുമായി സരിത എത്താൻ പോകുന്നത്. ഒരിടവേളക്ക് ശേഷം സോളാര്‍ വിവാദം കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാകുന്നതിനിടെയാണ് കേസിലെ പ്രതിസ്ഥാനത്തുളള മുഖ്യപ്രതിയായ സരിത എസ് നായര്‍ ആത്മകഥയുമായി രംഗത്ത് വരുന്നത്. ഫേസ്ബുക്ക് കുറിപ്പിലാണ് താൻ ഒരു ആത്മകഥ തയ്യാറാക്കുന്നു എന്ന കാര്യം സരിത പുറത്തുവിട്ടത്. പ്രതി നായിക എന്നോ പ്രതിനായിക എന്നോ വായിക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ കവര്‍ പേജ് തയ്യാറാക്കിയിരിക്കുന്നത്.
2023 ഫെബ്രുവരിയില്‍, തന്നെ വിഷം നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന സരിതയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇടപെട്ടിരുന്നു. സരിത എസ് നായരുടെ രക്തം, മുടി എന്നിവ പരിശോധനക്കായി ദില്ലിയിലെ നാഷണല്‍ ഫൊറൻസിക് ലാബിലേക്ക് അയച്ച് കൊടുത്തിരുന്നു. സഹപ്രവര്‍ത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നല്‍കി കലര്‍ത്തി നല്‍കി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത അന്ന് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
അതേ സമയം, വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു സരിതയുടെ സഹായിയായിരുന്ന വിനുകുമാറിന്‍റെ ആരോപണം. സരിതയുടെ പല തട്ടിപ്പുകളും പുറത്തുവിടുമെന്ന പേടി കൊണ്ടാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും വിനുകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. സരിതാ എസ് നായരുടെ വലം കയ്യായിരുന്ന വിനുകുമാറിനെതിരെ 2022 നവംബര്‍ മാസം എട്ടിനാണ് വധശ്രമത്തിന് കേസെടുത്തത്. ജ്യൂസില്‍ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു സരിതയുടെ പരാതി.