Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


 


◾രാജ്യത്തെ കര, വ്യോമ, നാവിക സേനയില്‍ ഇനി റാങ്ക് പരിഗണിക്കാതെ അവധി. വനിതാ സൈനികര്‍ക്കായുള്ള സുപ്രധാന തീരുമാനത്തിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. രാജ്യത്തെ സേനകളിലെ വനിതാ സൈനികര്‍ക്കും, ഇനി ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പ്രസവ, ശിശുപരിപാലന അവധികള്‍ ലഭിക്കും. ഇതിന് പുറമെ കുട്ടികളെ ദത്തെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രത്യേക അവധിയും സൈന്യത്തിലെ ഓഫീസര്‍മാരെപ്പോലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും.


◾ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധ ഹെലികോപ്റ്ററായ രുദ്ര ഹെലികോപ്റ്ററിന്റെ പരീക്ഷണം വിജയം. രുദ്രയില്‍ നിന്ന് റോക്കറ്റുകള്‍ വര്‍ഷിക്കുന്ന വിഡിയോ ഇന്ത്യന്‍ ആര്‍മിയുടെ സ്പിയര്‍ കോര്‍പ്സ് എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കു വെച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് രുദ്ര വികസിപ്പിച്ചത്.


◾സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ആര്യാടന്‍ ഷൗക്കത്തിനെ പോലെ സമാനരീതിയില്‍ ചിന്തിക്കുന്ന കോണ്‍ഗ്രസുകാരെ ക്ഷണിക്കുമെന്നും മുസ്ലിം ലീഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പങ്കെടുക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ലെന്നും അതാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് നിലപാടെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.


◾കെ.എസ്.ആര്‍.ടി.സിയില്‍ പ്രൊഫഷണലിസം കൊണ്ടുവരാന്‍ നാല് കെ.എ.എസ് ഉദ്യോഗസ്ഥര്‍. മൂന്ന് പേരെ സോണല്‍ ജനറല്‍ മാനേജര്‍മാരായും, ഒരാളെ ഹെഡ് കോട്ടേര്‍ഴ്സിലേക്കുമാണ് നിയമിക്കുക.


◾ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുപുള്ളികള്‍ വിയ്യൂര്‍ ജയിലിലെ ജീവനക്കാരെ ആക്രമിച്ചു. മൂന്ന് ജയില്‍ ജീവനക്കാര്‍ക്കും ഒരു പ്രതിക്കും പരിക്കേറ്റു.


◾ജീവകാരുണ്യ പട്ടികയില്‍ മലയാളികളായ 10 പേര്‍ ഇടം പിടിച്ചു. ഇത്തവണയും മലയാളികളില്‍ മുന്നില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി തന്നെയാണ്. 107 കോടി രൂപയാണ് അദ്ദേഹം ഒരുവര്‍ഷം കൊണ്ട് ചെലവിട്ടത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 93 കോടിയുമായി രണ്ടാം സ്ഥാനത്തും വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 82 കോടിയുമായി മൂന്നാം സ്ഥാനത്തുമാണ്. സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹുറുണ്‍ ഇന്ത്യയും എഡെല്‍ഗിവ് ഫൗണ്ടേഷനും ചേര്‍ന്നാണ് ഈ പട്ടിക തയ്യാറാക്കിയത്.


◾മൂവാറ്റുപുഴ അടൂപറമ്പില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തടിമില്ലിലെ തൊഴിലാളികളും അസം സ്വദേശികളുമായ മോഹന്‍തോ, ദീപങ്കര്‍ ബസുമ എന്നിവരാണ് കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്ന അസം സ്വദേശിക്കായി അന്വേഷണം തുടങ്ങി.


◾ഫോട്ടോ എടുക്കുന്നതിനിടയില്‍ വെള്ളത്തിലേക്ക് കുഴഞ്ഞു വീണ യുവാവ് മണ്‍റോതുരുത്തില്‍ മുങ്ങി മരിച്ചു. ഉല്ലാസയാത്രക്കെത്തിയ കടയ്ക്കല്‍ സ്വദേശി ലാല്‍കൃഷ്ണന്‍ (26) ആണ് മരിച്ചത്.


◾ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വമ്പന്‍ വാഗ്ദാനങ്ങള്‍. എല്ലാ വിഭാഗക്കാര്‍ക്കും ഇരുനൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി, ഗ്യാസ് സിലിണ്ടറുകള്‍ക്ക് 500 രൂപ സബ്‌സിഡി, കര്‍ഷക വായ്പകള്‍ എഴുതി തള്ളല്‍, ക്വിന്റലിന് 3200 രൂപ നിരക്കില്‍ നെല്‍ സംഭരണം, നഴ്‌സറി മുതല്‍ പിജി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം എന്നീ പ്രഖ്യാപനങ്ങള്‍ക്ക് പുറമെ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പ്രഖ്യാപിച്ചു.


◾യുഎഇയിലേക്കു പോകാന്‍ ഉപദേശിച്ചത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണെന്ന് വെളിപ്പെടുത്തി വിവാദ ഓണ്‍ലൈന്‍ വാതുവയ്പ് ശൃംഖലയായ മഹാദേവ് ബെറ്റിങ് ആപ്പിന്റെ യഥാര്‍ഥ ഉടമസ്ഥനെന്ന് അവകാശപ്പെട്ട് ഒരു യുവാവ് രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന ശുഭം സോണിയാണ്, യുഎഇയിലേക്കു പോകാന്‍ ബാഗേല്‍ ഉപദേശിച്ചതായി വെളിപ്പെടുത്തിയത്. ദുബായില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ വഴിയാണ് ശുഭം സോണിയുടെ വെളിപ്പെടുത്തല്‍.


◾ഓണ്‍ലൈന്‍ വാതുവയ്പ്പ് ആപ്പ് മഹാദേവ് അടക്കം 22 ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്ന് ഐ ടി മന്ത്രാലയം അറിയിച്ചു. മഹാദേവ് ആപ്പിനെതിരെ ഛത്തീസ്ഗഡിലടക്കം അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ്  ഇഡിയുടെ ഇടപെടല്‍.


◾കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ഇന്ത്യാ മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സമാജ് വാദി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ വോട്ടു കിട്ടാനുള്ള കുതന്ത്രം മാത്രമാണെന്നും കോണ്‍ഗ്രസിന് വോട്ടു ചെയ്യരുതെന്നും മധ്യപ്രദേശിലെ പാര്‍ട്ടി അണികളോട് അഖിലേഷ് പറഞ്ഞു. മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക് സീറ്റു നല്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതാണ് അഖിലേഷ് യാദവിനെ ചൊടിപ്പിച്ചത്.

◾സൗജന്യ റേഷന്‍ അഞ്ചു വര്‍ഷം കൂടി നീട്ടിയെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യുടേണ്‍ അടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദേശീയ ഭക്ഷ്യ സുരക്ഷ ആക്ടിനെ എതിര്‍ത്തയാളാണ് മോദിയെന്നും സൗജന്യ റേഷന്‍ നല്‍കുന്ന പദ്ധതി ദേശീയ ഭക്ഷ്യ സുരക്ഷ ആക്ടിലെ നിര്‍ദേശമായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.


◾അന്‍പതിലധികം സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് അറസ്റ്റിലായത്. ഓഫിസ് റൂമിലേക്കു വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നത്.


◾റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കെതിരെ വധ ഭീഷണി മുഴക്കിയ യുവാക്കള്‍ പിടിയില്‍. തെലങ്കാന സ്വദേശികളായ ഗണേഷ് രമേഷ് വനപര്‍ധി, ഷബദ് ഖാന്‍ എന്നിവരാണ് പിടിയിലായത്.


◾ഇസ്രയേല്‍ സൈന്യം അണുബോംബ് വര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്നു പ്രഖ്യാപിച്ച തീവ്ര വലതുപക്ഷ നേതാവും മന്ത്രിയുമായ അമിഹായ് എലിയാഹുവിനെ തിരുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മന്ത്രിയുടെ പ്രസ്താവനയ്ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധികളെ ഉപദ്രവിക്കാതെ രാജ്യാന്തര യുദ്ധ നിയമങ്ങള്‍ അനുസരിച്ചാണ് ഗാസയില്‍ ഇസ്രയേല്‍ സൈന്യം പോരാടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.


◾ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭമാക്കി ഇന്ത്യ. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയം. ലോകകപ്പിലെ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 243 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 101 റണ്‍സ് നേടിയ വിരാട് കോലിയുടേയും 77 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. ജഡേജ 5 വിക്കറ്റെടുത്തു. തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ ഇതോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. സെമിയില്‍ നാലാം സ്ഥാനത്തെത്തുന്ന ടീമിനെയാണ് ഇന്ത്യ നേരിടുക.


◾സെഞ്ച്വറികളില്‍ സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി. ഏകദിന ക്രിക്കറ്റ് ലോക കപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലാണ് വിരാട് കോലിയുടെ 49-ാം ഏകദിന സെഞ്ച്വറി. സച്ചിന്‍ 462 മത്സരങ്ങളില്‍ നിന്നാണ് 49 ഏകദിന സെഞ്ചുറികള്‍ നേടിയതെങ്കില്‍ കോലിക്ക് സച്ചിനൊപ്പമെത്താന്‍ വേണ്ടിവന്നത് 289 മത്സരങ്ങള്‍ മാത്രമാണ്. 119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി തന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ 49 -ാം സെഞ്ച്വറിയടിച്ചത്.


◾ഇന്ത്യയിലെ പൊതു മേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറയുന്നു. ആറു വര്‍ഷം മുന്‍പ് ബാങ്കുകളുടെ നിലനില്‍പ്പിനെ പോലും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കുമിഞ്ഞ് കൂടിയ നിഷ്‌ക്രിയ ആസ്തികള്‍ വലിയ തോതില്‍ കുറഞ്ഞതോടെ ബാങ്കുകളുടെ പ്രവര്‍ത്തന ലാഭത്തിലും വന്‍ വര്‍ദ്ധനയാണ് ദൃശ്യമാകുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസക്കാലയളവില്‍ മുന്‍നിര പൊതു മേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയവയുടെ നിഷ്‌ക്രിയ ആസ്തിയില്‍ വന്‍ ഇടിവുണ്ടായി. എസ് ബി. ഐയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി സെപ്തംബര്‍ 30 ന് അവസാനിച്ച കാലയളവില്‍ മൊത്തം വായ്പയുടെ 2.55 ശതമാനമായാണ് കുറഞ്ഞത്. മുന്‍വര്‍ഷം ഇതേകാലയളവിലിത് 3.52 ശതമാനമായിരുന്നു. ബാങ്കിന്റെ പ്രൊവിഷനിംഗ് മുന്‍വര്‍ഷം 3039 കോടി രൂപയില്‍ നിന്നും 115.28 കോടി രൂപയായി കുറഞ്ഞു. ഇതോടെ എസ്. ബി. ഐയുടെ അറ്റാദായം മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ എട്ടു ശതമാനം ഉയര്‍ന്ന് 14,330 കോടി രൂപയിലെത്തി. ഇതേകാലയളവില്‍ ബാങ്ക് ഒഫ് ബറോഡയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 5.31 ശതമാനത്തില്‍ നിന്നും 3.32 ശതമാനത്തിലേക്ക് താഴ്ന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി സെപ്തംബര്‍ 30 ന് അവസാനിച്ച കാലയളവില്‍ 8.74 ശതമാനത്തില്‍ നിന്നും 7.73 ശതമാനമായി താഴ്ന്നു. പലിശ നിരക്കിലുണ്ടായ വര്‍ദ്ധനയും സാമ്പത്തിക മേഖലയിലെ മികച്ച പ്രകടനവും രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെ ലാഭം ഉയര്‍ത്തി. എസ്. ബി. ഐയുടെ ലാഭം ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ എട്ടു ശതമാനം ഉയര്‍ന്നു. ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം അവലോകന കാലയളവില്‍ 52 ശതമാനം വര്‍ദ്ധനയോടെ 1458 കോടി രൂപയിലെത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റാദായം ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ 327 ശതമാനം ഉയര്‍ന്ന് 1,756 കോടി രൂപയായി.

◾ആര്‍.ഡി.എക്‌സിന്റെ വന്‍ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത സംവിധാനത്തില്‍ ഷെയിന്‍ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ 'പാതകള്‍ പലര്‍' എന്ന ഗാനത്തിന്റെ വീഡിയോ റിലീസായി. അന്‍വര്‍ അലി ഗാനരചന നിര്‍വഹിച്ചിരിക്കുന്ന വേലയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്. ഷെയിന്‍ നിഗവും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാര്‍ജുനന്‍ എന്ന പോലീസ് കഥാപാത്രത്തെ സണ്ണിവെയ്നും അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന്‍ ചിത്രത്തില്‍ ശ്രേദ്ധേയമായ പോലീസ് കഥാപാത്രത്തിലെത്തുന്നു.സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം.സജാസും നിര്‍വഹിച്ചിരിക്കുന്നു. അതിഥി ബാലന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്‌സ് ടി സീരീസാണ് കരസ്ഥമാക്കിയത്. നവംബര്‍ 10നാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് കേരളത്തില്‍ ചിത്രം വിതരണം നിര്‍വഹിക്കുന്നത്.


◾മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രമാണ് 'ഗുണ്ടുര്‍ കാരം'. ഗുണ്ടുര്‍ കാരത്തിന്റെ പ്രമോഷണല്‍ മെറ്റീരിയലുകള്‍ സിനിമയില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. സംവിധാനം നിര്‍വഹിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. ഗുണ്ടുര്‍ കാരത്തിലെ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഡം മസാല ഗാനത്തിന്റെ പ്രമൊ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസിനെയും ഗുണ്ടുര്‍ കാരത്തെയും കുറിച്ച് ഒരു വാക്കില്‍ അഭിപ്രായം പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ട ആരാധകന് സംഗീത സംവിധായകന്‍ എസ് തമന്‍ നല്‍കിയ മറുപടി അടുത്തിടെ ചര്‍ച്ചയായിരുന്നു. റിലീസിനൊരുങ്ങുന്ന ഗുണ്ടുര്‍ കാരത്തിന്റെ സംഗീത സംവിധായകന്‍ എസ് തമന്‍, അവനെ നിങ്ങള്‍ക്ക് 2024 ജനുവരി 12ന് കാണാം, കേള്‍ക്കാം എന്നാണ് മറുപടി നല്‍കിയത്. തീ ഇമോജിയും ചേര്‍ത്ത തമന്‍ ചിത്രം മികച്ചതാകും എന്ന സൂചന നല്‍കിയതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. മഹേഷ് ബാബുവിന്റെ പുതുയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസാണ്. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.

◾ഉത്സവകാലത്ത് അതിഗംഭീര പ്രകടനം കാഴ്ചവച്ച് രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍. ഉത്തരേന്ത്യ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ മുതല്‍ ഉത്സവകാലത്തിന് തുടക്കമായതോടെ വാഹന വിപണി കൂടുതല്‍ കരുത്ത് നേടിയിരിക്കുകയാണ്. മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, എംജി ഹെക്ടര്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളെല്ലാം ഒക്ടോബറില്‍ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി. ഇത്തവണയും കാറുകളുടെ വില്‍പ്പനയില്‍ ഒന്നാമതെത്തിയത് മാരുതി സുസുക്കിയാണ്. 1,99,217 കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം അധിക വര്‍ദ്ധനവ് നേടാന്‍ ഇത്തവണ മാരുതിക്ക് സാധിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര വാഹന വില്‍പ്പന 6 ശതമാനം വര്‍ദ്ധനവോടെ 80,825 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 76,537 വാഹനങ്ങളുടെ വില്‍പ്പനയാണ് ഉണ്ടായത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഹന വില്‍പ്പന ഇക്കാലയളവില്‍ 32 ശതമാനം ഉയര്‍ന്ന് 80,679 യൂണിറ്റായി. അതേസമയം, ആഭ്യന്തര വിപണിയില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന 36 ശതമാനം വര്‍ദ്ധിച്ച് 43,708-ല്‍ എത്തി.


◾പകരം വെയ്ക്കാനില്ലാത്ത അമൂല്യവസ്തുവാണ് രക്തം എന്ന അറിവും രക്തദാനത്തിന്റെ പ്രാധാന്യവും ഇന്ന് എല്ലാവര്‍ക്കും അറിയാം. രക്തദാനത്തിനെക്കുറിച്ച് അനവധി തെറ്റിദ്ധാരണകളും ഭയവും നിലനിന്നിരുന്ന എഴുപതുകളില്‍ ഈ ജീവന്‍ദാന പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍ തുടക്കം കുറിച്ച ഒരു പ്രസ്ഥാനമാണ് പിന്നീട് കേരള ബ്ലഡ് ഡോണേഴ്സ് ഫോറം എന്ന സംഘടനയായി കേരളം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചത്. ആ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാളായ ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്, രക്തദാനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടിയ കര്‍മ്മശ്രേഷ്ഠന്മാരായ നിസ്വാര്‍ത്ഥസേവകരെയാണ് അദ്ദേഹം രക്തബന്ധുക്കളായി കണ്ട് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അതിലൂടെ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാരംഭപ്രവര്‍ത്തനങ്ങളെക്കുറിച്ചും ശാസ്ത്രാവബോധത്തിലൂന്നിയ തിരിച്ചറിവുകളെക്കുറിച്ചും പറഞ്ഞുതരുന്നു. 'എന്റെ രക്തബന്ധങ്ങള്‍'. ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്. ഗ്രീന്‍ ബുക്സ്. വില 114 രൂപ.


◾ഇടവിട്ടുള്ള ഉപവാസം പ്രമേഹ രോഗികളുടെ ഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനം. ഷിക്കാഗോയിലെ ഇലിനോയ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ആറു മാസം നീണ്ട പഠനകാലത്ത്, 75 പ്രമേഹ രോഗികളെ മൂന്നു സംഘങ്ങളായി തിരിച്ചു. ഇതില്‍ ആദ്യ സംഘം ഉച്ചയ്ക്ക് 12നും രാത്രി എട്ടിനും ഇടയിലുള്ള എട്ടു മണിക്കൂറില്‍ മാത്രം ഭക്ഷണം കഴിച്ചു. രണ്ടാമത്തെ സംഘം ആറ് മാസക്കാലയളവില്‍ അവര്‍ കഴിക്കുന്ന പ്രതിദിന കലോറിയുടെ അളവ് 25 ശതമാനം കുറച്ചു. മൂന്നാമത്തെ സംഘം പ്രത്യേകിച്ച് മാറ്റമൊന്നും വരുത്താത്ത കണ്‍ട്രോള്‍ ഗ്രൂപ്പായിരുന്നു. ഓരോ സംഘത്തിലുള്ളവരുടെയും ഭാരവും അരക്കെട്ടിന്റെ വ്യാസവും രക്തത്തിലെ പഞ്ചസാരയുടെ തോതും മറ്റ് ആരോഗ്യ സൂചകങ്ങളും രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ഇതില്‍നിന്ന്, ആദ്യ സംഘത്തില്‍പ്പെട്ടവര്‍ക്ക് രണ്ടാമത്തെ സംഘത്തെ അപേക്ഷിച്ച് കൂടുതല്‍  ഭാരം നിയന്ത്രിക്കാന്‍  സാധിച്ചതായി ഗവേഷകര്‍ നിരീക്ഷിച്ചു. എച്ച്ബിഎ1സി പരിശോധന ഉപയോഗിച്ച് നടത്തിയ പ്രമേഹ പരിശോധനയില്‍ രണ്ട് സംഘങ്ങളുടെയും രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ കുറവ് കണ്ടെത്തി. സമയബന്ധിതമായ ഭക്ഷണക്രമത്തിലൂടെ പ്രമേഹ രോഗികള്‍ക്ക് ഭാരവും രക്തത്തിലെ പഞ്ചസാരയുടെ തോതും കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ സാധിക്കുന്നതായി ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.