Click to learn more 👇

ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിന് കുറിപ്പ് നല്‍കി; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി


 

കൊച്ചി: ആണ്‍കുട്ടി ജനിക്കാൻ നിർബന്ധിച്ച്‌ ഏത് സമയത്ത് ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് ചൂണ്ടികാട്ടി ഭർതൃവീട്ടുകാർ നല്‍കിയ കുറിപ്പില്‍ നടപടി ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണ്ണയം വിലക്കുന്ന നിയമ പ്രകാരം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും യുവതി ഹർജിയില്‍ പറയുന്നു. കൊല്ലം സ്വദേശി നല്‍കിയ ഹർജിയില്‍ ഹൈക്കോടതി സർക്കാറിനോട് റിപ്പോർട്ട് തേടി.2012 ലായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹർജിക്കാരിയായ കൊല്ലം സ്വദേശിയുടെ വിവാഹം നടന്നത്. വിവാഹ ശേഷം ഭർതൃവീട്ടില്‍ വെച്ച്‌ ഭർത്താവിന്‍റെ അച്ഛനും അമ്മായിയമ്മയും ചേർന്ന് ഒരു ഇംഗ്ലീഷ് മാസികയിലെ കുറിപ്പ് നല്‍കിയെന്നാണ് യുവതി പറയുന്നത്.

നല്ല ആണ്‍കുഞ്ഞ് ജനിക്കാൻ ഏത് സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏർപ്പെടണമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. കത്തില്‍ തനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും ദാമ്ബത്യജീവിതം തകരാതിരിക്കാൻ പ്രതികരിച്ചില്ല. ഭർത്താവിനൊപ്പം പിന്നീട് ലണ്ടനില്‍പോയ താൻ 2014ല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍, തുടർന്നങ്ങോട്ട് വലിയ മാനസിക പീഡനം നേരിടേണ്ടിവന്നെന്നും പെണ്‍കുട്ടിയായതിനാല്‍ ഭർത്താവ് യാതൊരു ഉത്തരവാദിത്തവും നിർവഹിക്കുന്നില്ലെന്നും ഹർജിക്കാരി പറയുന്നു. പെണ്‍കുട്ടികള്‍ ജനിക്കുന്നത് ധന നഷ്ടമാണെന്ന് ഭർതൃവീട്ടുകാർ നിരന്തരം പറഞ്ഞതായും യുവതി ആരോപിക്കുന്നു. തന്‍റെ പരാതി സാമൂഹ്യ കുടുംബ ക്ഷേമ ഡയറക്ടർക്ക് കൈമാറിയിരുന്നു. എന്നാല്‍, ഇതുവരെ നടപടി സ്വീകരിച്ചില്ല.

ഗർഭസ്ഥ ശിശുവിന്‍റെ ലിംഗനിർണ്ണയം നടത്തുകയും ആണ്‍കുട്ടിയെ ഗർഭം ധരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് പെണ്‍കുട്ടിയുടെ അവകാശങ്ങളും മാനുഷിക അന്തസ്സും ലംഘിക്കുന്നതാണെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

ഇത് ഗർഭസ്ഥ ശിശുവിന്‍റെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതും ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്നുമാണ് ഹർജിക്കാരിയുടെ ആവശ്യം. ഇക്കാലത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ചോദിച്ച കോടതി സർക്കാറിന്‍റെ വിശദകരണത്തിനായി ഹർജി മാറ്റി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.