വ്യാജ പാസ്പോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പോലീസുകാരൻ അറസ്റ്റില്‍. സസ്പെൻഷനിലായിരുന്ന തുമ്ബ സ്റ്റേഷനിലെ പോലീസുകാരൻ അൻസിലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പാസ്പോർട്ടിനായി വ്യാജരേഖകള്‍ ചമയ്ക്കാൻ കൂട്ടുനിന്നതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരം തുമ്ബ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ. ആയ അൻസില്‍ അസീസാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരൻ. തുമ്ബ പോലീസ് സ്റ്റേഷൻ പരിധിയില്‍ നല്‍കിയ 13 പാസ്പോർട്ടുകളില്‍ കൃത്രിമത്വം കാട്ടിയതിനാണ് കേസ്. വിഷയത്തില്‍ അൻസിലിനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാള്‍ ഒളിവിലായിരുന്നു. അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ലഭിച്ച പോലീസുകാരനാണ് അൻസില്‍.
തിരുവനന്തപുരം തുമ്ബ പോലീസ് സ്റ്റേഷനില്‍ നടന്നത് രാജ്യത്തിന് തന്നെ ഞെട്ടലുണ്ടാക്കുന്ന കുറ്റകൃത്യമാണ്. ഏറ്റവും സുരക്ഷിതമായ അനുവദിക്കപ്പെടേണ്ട പാസ്പോർട്ടിനായി വൻ അട്ടിമറിയാണ് നടന്നത്. വ്യാജ രേഖ ചമച്ച് ഔദ്യോഗിക സംവിധാനങ്ങളെ കബളിപ്പിച്ച് പാസ്പോർട്ട് സമ്ബാദിക്കുന്ന നിഗൂഢ സംഘത്തിന്റെ അണിയറയില്‍ പ്രവർത്തിച്ചയാളാണ് അൻസില്‍ അസീസ്.
തുമ്ബയിലെ ആളൊഴിഞ്ഞ വീട് വാടകയ്ക്കെടുത്താണ് മരിച്ചവരുടെ പേരില്‍ വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തിയത്. പാസ്പോർട്ട് ഓഫീസില്‍ ലഭിക്കുന്ന അപേക്ഷ വേരിഫിക്കേഷന് തുമ്ബ പോലീസ് സ്റ്റേഷനില്‍ എത്തുമ്ബോള്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനായ അൻസില്‍ അസീസ് ഫയല്‍ പാസാക്കി തട്ടിപ്പ് സംഘത്തിന് ഒത്താശ ചെയ്തു.
2021 മുതല്‍ അൻസില്‍ തുമ്ബ പോലീസ് സ്റ്റേഷനിലുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി പാസ്പോർട്ട് വേരിഫിക്കേഷൻ ഡ്യുട്ടിയിലും. വ്യാജ പാസ്പോർട്ട് സംഘം വാടകയ്ക്കെടുത്ത വീടിന്റെ വിലാസത്തില്‍ വരുന്ന അപേക്ഷകളെല്ലാം അൻസില്‍ പരിശോധനയില്ലാതെ പാസാക്കി വിടുകയായിരുന്നു. മറ്റേതെങ്കിലും ഉദ്യോഗസ്ഥരുടെ കൈവശമാണ് ഫയല്‍ എത്തുന്നതെങ്കില്‍ തനിക്ക് പരിചയമുള്ള ആളെന്ന് വരുത്തി സ്വാധീനത്തിലുടെ വേരിഫിക്കേഷൻ പാസാക്കും.
നിരവധി ക്രിമനില്‍ കേസുകളില്‍ പ്രതികളായവരും ഈ സംഘത്തിന്റെ ഒത്താശയോടെ പാസ്പോർട്ട് സംഘടിപ്പിച്ചുവെന്നാണ് വിവരം. മറ്റേതെങ്കിലും തരത്തില്‍ അപകടകാരികളായവർ ഈ സംഘത്തെ ഉപയോഗിച്ച് പാസ്പോർട്ട് സംഘടിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇവർ നല്‍കിയ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിട്ടവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
കേസില്‍ അൻസിലിന് മുമ്ബ് ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. പാസ്പോർട്ട് അപേക്ഷകരായ നാലുപേരെ കൂടാതെ വ്യാജരേഖ ചമച്ച മണക്കാട് സ്വദേശി കമലേഷ്, ഇടനിലക്കാരൻ മണ്‍വിള സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. വ്യാജരേഖ ചമച്ച് പാസ്പോർട്ട് സമ്ബാദിക്കാൻ ശ്രമിച്ചതിന് കൊല്ലം സ്വദേശികളായ സഫറുള്ള, ബദറുദ്ദീൻ, തിരുവനന്തപുരം സ്വദേശികളായ സുനില്‍കുമാർ, എഡ്വേർഡ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.