യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട ഭർത്താവും സുഹൃത്തും അറസ്റ്റില്‍. കോഴിക്കോട് താമരശേരിയിലാണ് സംഭവം.
താമരശേരി അടിവാരം മേലെ പൊടിക്കൈയില്‍ പികെ പ്രകാശൻ, യുവതിയുടെ ഭർത്താവ് ഷെമീർ എന്നിവരാണ് പിടിയിലായത്. കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടിയാണ് തന്നോട് നഗ്നപൂജ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടതെന്നാണ് പുതുപ്പാടി സ്വദേശിനിയായ യുവതി പരാതിയില്‍ പറയുന്നത്.
പ്രകാശൻ പൂജയുടെ കർമി ചമഞ്ഞാണ് എത്തിയത്. പൂജ നടത്തിയാല്‍ പ്രശ്നങ്ങള്‍ തീരുന്നതിനൊപ്പം ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ സാധിക്കുമെന്നും ഇരുവരും യുവതിയെ ധരിപ്പിച്ചു. എന്നാല്‍ യുവതി ഒഴിഞ്ഞുമാറി. ഇതോടെ നിർബന്ധമായി. ശല്യം സഹിക്കാൻ വയ്യാതായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
താമരശേരി പൊലീസ് ഇൻസ്പെക്ടർ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
കൊല്ലം ചടയമംഗലത്ത് നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തെന്ന ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതി പരാതിപ്പെട്ടിരുന്നു. 2016 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭർത്താവിന്റെ വീട്ടില്‍ സ്ഥിരമായി എത്തുന്ന രണ്ടുപേരായിരുന്നു മന്ത്രവാദികള്‍ എന്നും ഇവരാണ് ശരീരത്തില്‍ ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും പറഞ്ഞത്. തുടർന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . പലപ്പോഴും ശാരീരികമായ ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തന്നെപ്പോലെ മറ്റുചില യുവതികളെയും ഇവർ സമാനരീതിയില്‍ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. പൂജയ്ക്ക് നഗ്നയായി ഇരിക്കാൻ വിസമ്മതിച്ചപ്പോള്‍ ഭർത്താവ് ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.