വിദേശത്ത് ജോലിക്കുപോകാനിരുന്ന യുവതി വിസ തട്ടിപ്പിനിരയായെന്നു മനസ്സിലായതോടെ ആത്മഹത്യ ചെയ്തു. തലവടി സൗത്ത് മാളിയേക്കല്‍ ശരണ്യയാ(34)ണ് തൂങ്ങിമരിച്ചത്.
ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭർത്താവ് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസിന്റെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
വിദേശത്ത് ജോലിചെയ്തിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയില്‍ വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിക്ക് വിസയ്ക്കും വിമാന ടിക്കറ്റിനുമുള്ള പണം കൈമാറിയിരുന്നതായാണ് സൂചന. താൻ തട്ടിപ്പിനിരയായെന്നു മനസ്സിലാക്കിയ ശരണ്യ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. നാട്ടുകാർ ശരണ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. പോലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ശരണ്യയുടെ ഭർത്താവ് വീടിനുള്ളില്‍ക്കടന്ന് വാതില്‍ പൂട്ടിയശേഷം കഴുത്തില്‍ കുടുക്കിട്ട് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് വാതില്‍ തകർത്ത് അകത്തുകടന്നശേഷം കുടുക്കറുത്തുമാറ്റി ആശുപത്രിയിലെത്തിച്ചതിനാല്‍ രക്ഷപ്പെട്ടു.
ഏഴുവർഷം മുൻപ് വിവാഹിതരായെങ്കിലും ഇവർക്കു മക്കളില്ല.
പാലാ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ വ്യക്തി തലവടിയിലെ പലരുടെ കൈയില്‍നിന്നും വിസയ്ക്ക് പണംവാങ്ങിയതായും സൂചനയുണ്ട്. ഏജൻസിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം എടത്വാ പോലീസ് എസ്.ഐ. എൻ. രാജേഷിന്റെ നേതൃത്വത്തിലാരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)