Click to learn more 👇

6500 കമ്പനികള്‍; മലയാളികള്‍ക്ക് വന്‍ അവസരങ്ങളൊരുക്കി ഹംറിയ ഫ്രീസോണ്‍; ഹംറിയ ഫ്രീസോണിലെ അവസരങ്ങളെക്കുറിച്ചറിയാം; സെമിനാർ 18-ന്


 

വൻതോതിൽ വിദേശനിക്ഷേപം ആകർഷിച്ച് യു.എ.ഇ. സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകി രാജ്യത്തെ ഫ്രീസോണുകൾ. സാമ്പത്തികവികസനപദ്ധതികളുടെ ഭാഗമായാണ് ഫ്രീസോണുകൾ അഥവാ സ്വതന്ത്ര വ്യവസായമേഖലകൾ യു.എ.ഇ.യിൽ ആരംഭിച്ചത്.



നിലവിൽ 45 ഫ്രീസോണുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇതിൽ ഏറ്റവും വലിയ ജബൽ അലി ഫ്രീസോണിനുശേഷം യു.എ.ഇ.യിലെ രണ്ടാമത്തെ വലിയ സ്വതന്ത്ര വ്യവസായ മേഖലയായാണ് ഹംറിയ ഫ്രീസോൺ കണക്കാക്കപ്പെടുന്നത്. റാസൽഖൈമയിലേക്ക് നേരിട്ട് പ്രവേശനമുള്ള ഷാർജ, അജ്മാൻ അതിർത്തിയിലായാണിത് സ്ഥിതിചെയ്യുന്നത്.


ബിസിനസ് രംഗത്ത് മലയാളികൾ ഏറെയുള്ള ഷാർജയിൽ വൻ അവസരങ്ങളാണ് ഹംറിയ ഫ്രീസോൺ ഒരുക്കുന്നത്. ബിസിനസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാണ് എന്നതാണ് നിക്ഷേപകരെ ആകർഷിക്കുന്നത്.



163 രാജ്യങ്ങളിൽനിന്നായി ഏകദേശം 6500-ലേറെ കമ്പനികളാണ് ഹംറിയ ഫ്രീസോണിലുള്ളത്. ഇതിൽ 30 ശതമാനത്തിലേറെയും ഇന്ത്യൻ കമ്പനികളാണ്. ട്രാൻസ്ഫോമറുകളിലും വാഹനങ്ങളിലും ഉപയോഗിക്കാനുള്ള ലൂബ്രിക്കന്റുകൾ, ഹൈഡ്രോളിക് ലിക്വിഡ്, എണ്ണ, റബ്ബർ സംസ്കരണത്തിനുള്ള രാസവസ്തുക്കൾ, മെഡിക്കൽ ഉത്പന്നങ്ങൾ, നിർമാണസാമഗ്രികൾ, ഭക്ഷണം തുടങ്ങിയവയുണ്ടാക്കുന്ന പല ഇന്ത്യൻ കമ്പനികളും ഫ്രീസോണിൽ പ്രവർത്തിക്കുന്നുണ്ട്.

1995 നവംബറിലാണ് ഷാർജയിലെ ഹംറിയയിൽ ഫ്രീസോൺ അഥവാ സ്വതന്ത്ര വ്യവസായമേഖല ആരംഭിക്കുന്നത്.



ആദ്യഘട്ടത്തിൽ 24 ചതുരശ്ര കിലോമീറ്ററിലാണ് ഫ്രീസോൺ ആരംഭിച്ചതെങ്കിൽ ഇന്നതിന്റെ വിസ്തൃതി ഇരട്ടിയിലേറെയാണ്. ഹംറിയ ഫ്രീസോണിന് ഏകജാലക സംവിധാനമാണ്. അതുകൊണ്ടുതന്നെ നടപടിക്രമങ്ങൾ സുതാര്യവുമാണ്. കമ്പനികൾ രജിസ്റ്റർചെയ്ത് ലൈസൻസ് നേടുന്നതിനുള്ള നടപടികൾ ഒരു മണിക്കൂർകൊണ്ട് പൂർത്തിയാക്കാം. തൊഴിലാളികളുടെ വിസ സ്റ്റാംപിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ദിവസങ്ങൾകൊണ്ടും പൂർത്തിയാക്കാനാകും.

മൂല്യവർധിത നികുതി (വാറ്റ്) ബാധകമല്ല. കയറ്റുമതി, ഇറക്കുമതി, പുനർകയറ്റുമതി എന്നിവയ്ക്ക് കസ്റ്റംസ് തീരുവയില്ല. മാത്രമല്ല സംരംഭകർക്ക് 100 ശതമാനം ഉടമസ്ഥാവകാശം എന്നതാണ് പ്രത്യേകത. വിസ പുതുക്കുന്നതടക്കം 300-ലേറെ ഓൺലൈൻ സേവനങ്ങളുണ്ട്.

ഫ്രീസോണിനുള്ളിൽ തൊഴിലാളി ക്യാമ്പുകൾ, ഉല്ലാസകേന്ദ്രങ്ങൾ, ചികിത്സാസംവിധാനങ്ങൾ എന്നിവയുമുണ്ട്. വ്യവസായയൂണിറ്റുകൾ, ഓഫീസുകൾ, വെയർഹൗസുകൾ എന്നിവയ്ക്ക് താരതമ്യേന കുറഞ്ഞ നിരക്കാണ് ഇവിടെയുള്ളത്. ശാസ്ത്രീയ സുരക്ഷാസംവിധാനങ്ങളുള്ള ഫ്രീസോൺ 24 മണിക്കൂറും സി.സി.ടി.വി. നിരീക്ഷണത്തിലുമാണ്. വെയർഹൗസ് സൗകര്യങ്ങൾക്കുപുറമേ വിവിധ രാജ്യങ്ങളിൽ ഉത്പന്നങ്ങൾ അതിവേഗമെത്തിക്കാമെന്നതും ഹംറിയ ഫ്രീസോണിന്റെ പ്രത്യേകതയാണ്.


ഹംറിയ ഫ്രീസോണിലെ അവസരങ്ങളെക്കുറിച്ചറിയാം; സെമിനാർ 18-ന്

കോഴിക്കോട്: ഹംറിയ ഫ്രീസോണിലെ സംരംഭകസാധ്യതകളെക്കുറിച്ചറിയാൻ ഈ മാസം 18-ന് കോഴിക്കോട് താജ് ഗേറ്റ് വേ ഹോട്ടലിൽ സെമിനാർ നടക്കും. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ (സി.എം.എ.), എസ്.എൻ.ഇ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ഇംസാർ), പ്രസാദ് അസോസിയേറ്റ്സ് (ദുബായ്) എന്നിവർ ചേർന്നാണ് സെമിനാർ നടത്തുന്നത്. വൈകുന്നേരം ആറുമണിക്ക് നടക്കുന്ന സെമിനാറിൽ ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ പങ്കെടുക്കും. വിവരങ്ങൾക്ക് ഫോൺ: 9496939922. ഇ-മെയിൽ: hamriyacltmeet@gmail.com.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക