75000 രൂപ മാസശമ്ബളം ലഭിക്കുന്ന സർക്കാർ ജോലി കളഞ്ഞിട്ട് കാർഷിക വളം നിർമ്മാണത്തിലേക്ക് തിരിഞ്ഞ കാവ്യ ധോബലെ തന്റെ തീരുമാനം ഒരിക്കലും തെറ്റിപ്പോയിട്ടില്ല എന്നു തെളിയിച്ചിരിക്കുകയാണ്.
ഇത്തരത്തിലൊരു മാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ കാവ്യയെ പ്രേരിപ്പിച്ചത് കോവിഡ് മഹാമാരിയാണ്. കോവിഡ് കാലഘട്ടത്തില്‍ കാവ്യ മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ നഴ്സായി ജോലിനോക്കുകയായിരുന്നു. കോവിഡിന്റെ ബുദ്ധിമുട്ടുകളും നിരവധി മരണങ്ങളും നേരിട്ട് കണ്ടെങ്കിലും, അതല്ല വഴിത്തിരിവായത്. തനിക്കുതന്നെ ബാധിച്ച കോവിഡാണ് കാവ്യയെ മാറ്റി ചിന്തിപ്പിച്ചത്.
കാവ്യയ്ക്കും സാരമായി കോവിഡ് ബാധിച്ചെങ്കിലും പ്രതിരോധശേഷി ജീവൻ രക്ഷിച്ചു. ഇതിന്റെ കാരണം അന്വേഷിച്ച ഈ നഴ്സിന് മനസിലായത് പ്രശ്നം നാം കഴിക്കുന്ന ആഹാരത്തിനും നമ്മുടെ രോഗപ്രതിരോധം വർധിപ്പിക്കുന്നതിന് സാരമായ പങ്കുണ്ടെന്നാണ്. അശാസ്ത്രീയ കൃഷിരീതിയിലൂടെ കീടനാശിനി കലർന്ന ഭക്ഷണം ക്രമേണ മനുഷ്യന്റെ പ്രതിരോധശേഷിയെത്തന്നെയാണ് ബാധിക്കുന്നത് എന്ന് കാവ്യ പറയുന്നു. ഇത് മനസിലായപ്പോഴാണ് മണ്ണിര കംപോസ്റ്റ് ഉല്‍പാദനത്തിലേക്ക് തിരിഞ്ഞത്. മാസം 75,000 രൂപ ലഭിക്കുന്ന സർക്കാർ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞപ്പോള്‍ പലരും എതിർത്തു. പക്ഷേ ഭർത്താവ് രാജേഷ് പിന്തുണ നല്‍കി. തുടർന്ന് ഭർത്താവിന്റെ ഗ്രാമത്തിലേക്ക് താമസം മാറിയ കാവ്യ അവിടെനിന്നാണ് തന്റെ പദ്ധതിക്കു രൂപം കൊടുത്തത്.
പൂനയിലെ ജുന്നറിലുള്ള ഗ്രാമത്തില്‍ രാജേഷിന്റെ കുടുംബത്തിന് ഒരേക്കർ നിലമുണ്ടായിരുന്നു. ഇതില്‍ അല്‍പം സ്ഥലം വെറുതെയിട്ടിരിക്കുകയായിരുന്നു. ഗ്രാമത്തിലെത്തിയ കാവ്യ ആദ്യം ശ്രമിച്ചത് കീടനാശിനിമുക്തമായ കൃഷിരീതിയുടെ സാധ്യതകളെക്കുറിച്ച് അറിയാനായിരുന്നു. നിങ്ങള്‍ ആദ്യം ചെയ്തു കാണിക്കൂ എന്നായിരുന്നു പലരുടെയും പ്രതികരണം.
ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്യാൻ ആരും മുന്നോട്ട് വന്നില്ല. 2022ല്‍ ഒരു കർഷനില്‍നിന്നും ഒരു കിലോ മണ്ണിരകളെ വാങ്ങിയ കാവ്യ തന്റെ ഉദ്യമത്തിന് തുടക്കം കുറിച്ചു. ഈ വളം കർഷകർക്കിടയില്‍ വിതരണം ചെയ്യുകയും അത് മികച്ച ഫലം നല്‍കുകയും ചെയ്തതാണ് മാറ്റങ്ങളുടെ തുടക്കം.
'കൃഷികാവ്യ' എന്ന പേരില്‍ 2023ല്‍ മണ്ണിരവളം വിപണിയിലിറക്കി. ഇപ്പോള്‍ 70 മണ്ണിര ബെഡുകളുണ്ട്. ഓരോ ബെഡില്‍നിന്നും 500-600 കിലോ വളം രണ്ടു മാസത്തിനുള്ളില്‍ ലഭിക്കാറുണ്ട്. കൂടാതെ മണ്ണിരകളുടെ വില്‍പനയുമുണ്ട്. രണ്ടു മാസത്തിലൊരിക്കലാണ് മണ്ണിരകളുടെ വില്‍പന. കിലോയക്ക് 400 രൂപ നിരക്കില്‍ 200 കിലോ മണ്ണിരകളെ ഓരോ തവണയും വില്‍ക്കുന്നു. കൂടാതെ മണ്ണിരവള നിർമാണത്തില്‍ ഒരു ദിവസത്തെ പരീശീലന കാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. മഹാരഷ്ടയില്‍ ഏകദേശം 200 കർഷകർ സ്വന്തമായി മണ്ണിരവളം നിർമിക്കാൻ പര്യാപ്തത നേടി എന്നത് കാവ്യയ്ക്ക് സംതൃപ്തി നല്‍കുന്നു. കഴിഞ്ഞ സാമ്ബത്തിക വർഷം 24 ലക്ഷമായിരുന്നു വിറ്റുവരവ്. ഈ വർഷം അത് 50 ലക്ഷമാക്കാനുള്ള ശ്രമത്തിലാണ് ഈ 'മണ്ണിര സംരംഭക'.
ചാണകവും മണ്ണിരകളുമുണ്ടെങ്കില്‍ 500 രൂപ മുതല്‍മുടക്കില്‍ തന്നെ ഈ സംരംഭം തുടങ്ങാമെന്ന് കാവ്യ പറയുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാൻ കഴിയുന്ന ഈ സംരംഭം ആഗോളതലത്തില്‍ തന്നെ വളർന്നു കൊണ്ടിരിക്കുന്ന മേഖലയാണ്. എറ്റവും കൂടുതല്‍ മണ്ണിരവളം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നു കൂടി അറിയമ്ബോഴാണ് ഈ സംരംഭത്തിന്റെ സാധ്യതകള്‍ മനസിലാകുക.