വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവിനായി തെരച്ചില്‍ തുടരുന്നു. അത്തോളി സഹകരണ ആശുപത്രിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന മഷൂദാണ് (33) കത്തി വീശിയത്.
അക്രമത്തില്‍ അത്തോളി സഹകരണ ആശുപത്രിക്കു സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്ബ്ര സ്വദേശിനിക്ക് പരിക്കേറ്റു. ഇവർ മൊടക്കല്ലൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി 7.30നായിരുന്നു സംഭവം. അത്താണിയിലെ കടയിലെ ജീവനക്കാരിയാണ് യുവതി. അത്താണി കൊങ്ങന്നൂർ റോഡ് ജംഗ്ഷനിലെ മത്സ്യക്കടയിലെ തൊഴിലാളിയായിരുന്നു മഷൂദ്. അതിനിടെ യുവതിയുമായി ഇയാള്‍ സൗഹൃദത്തിലായി. തുടർന്ന് മഷൂദ് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും യുവതി നിരസിച്ചു.
ഇതേത്തുടർന്നായിരുന്നു ആക്രമണം.
വീടിന് മുന്നില്‍ സ്കൂട്ടർ വച്ച ശേഷം മുന്നോട്ട് നടക്കവേ പിന്നില്‍ നിന്ന് യുവതിയുടെ കഴുത്തിനു നേരെ മഷൂദ് കത്തി വീശുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇവരുടെ ഭർത്താവ് പ്രവാസിയാണ്. ഇവർക്ക് പതിമൂന്നും ഏഴും വയസുള്ള രണ്ട് പെണ്മക്കളുണ്ട്. യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ അത്തോളി പൊലീസ് വധശ്രമത്തിന് കേസെടുത്തു.