Click to learn more 👇

കലാകിരീടം തൃശൂരിന്; കപ്പെടുക്കുന്നത് 26 വര്‍ഷത്തിന് ശേഷം


 

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂരിന് കലാകിരീടം. 1008 പോയിന്റ് നേടിയാണ് സ്വർണക്കപ്പ് തൃശൂർ സ്വന്തമാക്കിയത്.

ഫോട്ടോ ഫിനിഷില്‍ പാലക്കാടിനെ ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ പിന്തള്ളിയാണ് തൃശൂർ കിരീടം നേടിയത്. 1003 പോയിന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞവർഷം കണ്ണൂരായിരുന്നു ജേതാക്കള്‍.


കാല്‍ നൂറ്റാണ്ടിനുശേഷമാണ് തൃശൂർ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം നേടുന്നത്. 1999ല്‍ കൊല്ലത്തുനടന്ന കലോത്സവത്തിലായിരുന്നു തൃശൂർ ഇതിനുമുമ്ബ് സ്വർണക്കപ്പ് സ്വന്തമാക്കിയത്.

ഹൈസ്കൂള്‍ വിഭാഗത്തില്‍ തൃശൂരും പാലക്കാടും 42 പോയിന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ ഹയർസെക്കൻഡറി വിഭാഗത്തില്‍ തൃശൂർ 526 പോയിന്റ് നേടിയപ്പോള്‍ പാലക്കാടിന് 525 പോയിന്റ് നേടാനേ ആയുള്ളൂ. അതോടെ കലാകിരീടം തൃശൂർ ഉറപ്പിക്കുകയായിരുന്നു. 


സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂർ ബി എസ് ജി ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളാണ് ഒന്നാമത്. 171 പോയിന്റാണ് ഇവർ നേടിയത്. തിരുവനന്തപുരം കാർമല്‍ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്. ഇടുക്കി എം.കെ. എൻ.എം.എച്ച്‌.എസ് സ്‌കൂളാണ് മൂന്നാമത്.

സമാപന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസും ആസിഫലിയും ചടങ്ങിയല്‍ മുഖ്യാതിഥികളായി പങ്കെടുക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക