ഇടുക്കിയില്‍ അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.
കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.
ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച് ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.