അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം. ലീല ലാല്‍ (67) എന്ന നഴ്‌സാണ് മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായത്
സ്റ്റീഫന്‍ സ്‌കാന്റില്‍ബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരെ മനപൂര്‍വമുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തു.
കടുത്ത മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സ്റ്റീഫന്‍. ചൊവ്വാഴ്ച യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ ലീലയെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ലീലയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലീലയുടെ മുഖത്തെ അസ്ഥികള്‍ തകര്‍ന്നതായി വ്യക്തമായി. രണ്ട് കണ്ണിന്റെയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു.
രോഗിയുടെ ആക്രമണത്തില്‍ അമ്മയുടെ മുഖം മുഴുവനായും തകര്‍ന്നുവെന്ന് മകള്‍ സിന്‍ഡി പറഞ്ഞു. അമ്മയെ കണ്ടിട്ട് തനിക്ക് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. രണ്ട് കണ്ണുകളും വീര്‍ത്താണിരിക്കുന്നതെന്നും തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും മകള്‍ പറയുന്നു.
'ഇന്ത്യക്കാർ മോശമാണെന്നും ഒരു ഇന്ത്യൻ ഡോക്ടറെ അടിച്ച് തീർത്തിട്ടുണ്ട്' എന്നും ഇയാള്‍ പറഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മൊഴി നല്‍കി.
എച്ച്‌സിഎ ഫ്ലോറിഡ പാംസ് വെസ്റ്റ് ഹോസ്പിറ്റലിലെ സൈക്യാട്രിക് വാർഡില്‍ ചികിത്സയിലായിരുന്നു സ്റ്റീഫൻ സ്കാൻ്റില്‍ബറി. ഇവിടെ വച്ചാണ് ഇയാള്‍ ആശുപത്രിയിലെ നഴ്സായ 67 വയസുകാരി ലീലാമ്മ ലാലിനെ ആക്രമിച്ചത്.
ലീലാമ്മയെ ആക്രമിക്കുന്നതിനിടെ സ്റ്റീഫൻ പറഞ്ഞ വംശീയ പരാമർശങ്ങള്‍ പോലീസ് ഓഫീസറായ ബെത്ത് ന്യൂകോമ്ബ് കോടതിയെ അറിയിച്ചു. പാം ബീച്ച് കൗണ്ടി ഷെരിഫ് ഓഫീസിലെ സാർജൻ്റാണ് ബെത്ത് ന്യൂകോമ്ബ്. പാം ബീച്ച് കൗണ്ടി കോർട്ട്ഹൗസിലാണ് ഇതുമായി ബന്ധപ്പെട്ട വാദം നടന്നത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്റ്റീഫൻ സ്കാൻ്റില്‍ബറി ഷർട്ടില്ലാതെ ഇറങ്ങിയോടുകയായിരുന്നു എന്ന് ബെത്ത് ന്യൂകോമ്ബ് കോടതിയെ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ സ്റ്റീഫനെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമവും ഹേറ്റ് ക്രൈമുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാള്‍ക്ക് ഷർട്ടോ ചെരിപ്പോ ഇല്ലായിരുന്നു എന്ന് പോലീസ് അറിയിച്ചു. മാനസിക പ്രശ്നങ്ങളുള്ളവർക്ക് എത്രയും വേഗം ചികിത്സ നല്‍കണമെന്ന ഫ്ലോറിഡ ബേക്കേഴ്സ് നിയമപ്രകാരമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ആക്രമണത്തിന് ശേഷം മലയാളി നഴ്സിനെ അനുകൂലിച്ച് ആളുകള്‍ രംഗത്തുവന്നു. ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇത്തരത്തില്‍ ഉണ്ടാവുന്ന ആക്രമണങ്ങളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള പൊതുതാത്പര്യ ഹർജിയില്‍ രണ്ട് ദിവസം കൊണ്ട് 10,000ഓളം പേരാണ് ഒപ്പിട്ടത്. ആരോഗ്യമേഖലയില്‍ പ്രവർത്തിക്കുന്നവർക്ക് കൂടുതല്‍ സുരക്ഷയൊരുക്കേണ്ടതുണ്ട്. ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമങ്ങളില്ലെന്നത് ആശങ്കയാനെന്നും സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പറഞ്ഞു.