പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്ബാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്‍ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്.
ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഫാം ഹൗസിലെത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖന്‍ എന്ന നിലയിലാണ് ഡോക്ടര്‍ ജോര്‍ജ് പി അബ്രഹാം അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ജോര്‍ജ് പി എബ്രഹാം.
25 വര്‍ഷത്തിനിടയില്‍ വ്യക്തിഗതമായി 2500ലധികം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയ വിദഗ്ധനാണ്. കേരളത്തിലെ ആദ്യത്തെ കഡാവര്‍ ട്രാന്‍സ്പ്രാന്റ്, പിസിഎന്‍എല്‍, ലാപ് ഡോണര്‍ നെഫ്രെക്ടമി 3ഡി ലാപ്രോസ്‌കോപ്പി നടത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)