അവഹേളനങ്ങളും അധിക്ഷേപങ്ങളും ആ കുഞ്ഞുമനസിനെ ഏറെ നൊമ്ബരപ്പെടുത്തിയിരുന്നു. എന്നാലിന്ന് പരിഹസിച്ചവരെല്ലാം അവനെ നോക്കി അമ്ബരക്കുകയാണ്.
ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ലളിത് പട്ടീദാർ ഇന്ന് ലോകമുഴുവനും അറിയപ്പെടുന്ന യുവാവാണ്.
മുഖമാകെ രോമങ്ങള്‍. തലയില്‍ വളരുന്നതുപോലെ ദേഹമാസകലം മുടി വളരുന്നു. ചെന്നായ മനുഷ്യരൂപമായതുപോലെ എന്നാണ് ലളിതിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ഇതിന് കാരണമായതാകട്ടെ ഹൈപ്പർട്രൈക്കോസിസ് (hypertrichosis) അല്ലെങ്കില്‍ വെർവുള്‍ഫ് സിൻഡ്രോം (werewolf syndrome) എന്ന രോഗാവസ്ഥയും. എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടുവളർന്ന ആ ബാലൻ തന്റെ കുട്ടിക്കാലം മുതല്‍ നേരിട്ട അവഹേളനങ്ങളും അപഹാസ്യങ്ങളും ചില്ലറയല്ല. പിന്നീടവൻ തിരിച്ചറിഞ്ഞു, രൂപംകൊണ്ട് മറ്റുള്ളവരില്‍ നിന്ന് താൻ വ്യത്യസ്തനാണ്. ആ വ്യത്യസ്തത തന്നെയാണ് ഇന്ന് ഗിന്നസ് റെക്കോർഡ് നേടിതന്നതും.
18-കാരനായ ഈ മധ്യപ്രദേശ് സ്വദേശി സ്വന്തമാക്കിയത് "മുഖത്ത് ഏറ്റവുമധികം രോമങ്ങളുള്ള പുരുഷൻ" എന്ന റെക്കോർഡാണ്. ഒരു ചതുരശ്രമീറ്ററില്‍ 201.72 മുടിനാരുകള്‍ എന്നതാണ് ലളിതിന്റെ സവിശേഷതയായി ഗിന്നസ് അധികൃതർ കണ്ടെത്തിയത്. മുഖത്തിന്റെ 95 ശതമാനവും രോമങ്ങളുണ്ടെന്നതാണ് ഇതേ രോഗമുള്ള മറ്റുള്ളവരില്‍ നിന്ന് ലളിതിനെ വ്യത്യസ്തനാക്കുന്നതെന്ന് ഗിന്നസ് അധികൃതർ പറഞ്ഞു.
ഈ അംഗീകാരം ലഭിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ലെന്നും പുരസ്കാരം ഏറ്റുവാങ്ങിയ ലളിത് പട്ടീദാർ പ്രതികരിച്ചു. താൻ എന്താണ് എന്നുള്ളതില്‍ അഭിമാനമാണുള്ളതെന്നും യുവാവ് പറഞ്ഞു.
ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി പേരാണ് ലളിതിനെ ഫോളോ ചെയ്യുന്നത്. 2.65 ലക്ഷം പേർ ഇൻസ്റ്റഗ്രാമില്‍ ഫോളോ ചെയ്യുമ്ബോള്‍ 1.08 ലക്ഷം പേർ ലളിതിന്റെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
വിചിത്രരൂപമെന്ന് പറഞ്ഞ് ആക്ഷേപിച്ച നാട്ടുകാരും കുരങ്ങനെന്നും ചെന്നായയെന്നും വിളിച്ചിരുന്ന സഹപാഠികള്‍ക്കും മുൻപില്‍ ലോക റെക്കോർഡ് സമർപ്പിക്കുകയാണ് ലളിത് പട്ടീദാർ.