തെലങ്കാനയില്‍ ഉയർന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ.
വാടതക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്കാണ് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. എസ്.സി-എസ്.ടി സെക്കന്റെ അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ വിചാരണ ആരംഭിച്ച് ആറ് വർഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.
2018ല്‍ മിരിയാല്‍ഗുഡയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഉയർന്ന ജാതിയില്‍പ്പെട്ട അമൃതവർഷിണി എന്ന പെണ്‍കുട്ടിയെ പെരുമല്ല പ്രണയ് കുമാർ വിവാഹം കഴിച്ചിരുന്നു. സമ്ബന്ന കുടുംബത്തില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന് പറഞ്ഞായിരുന്നു യുവാവിനെ വെട്ടികൊലപ്പെടുത്തിയത്. പ്രണയ് കുമാർ ദളിത് ക്രിസ്ത്യൻ വിഭാഗത്തില്‍ പെട്ട യുവാവായിരുന്നു. അമൃത വർഷിണിയുടെ
പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നല്‍കി വാടകക്കൊലയാളിയെ ഏർപ്പാടാക്കി സംഭവം നടത്തിയത്.
ഗർഭിണിയായ അമൃതവർഷിണിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നവഴിയാണ് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. 2018 സെപ്റ്റംബർ 14നായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് ആറ് മാസം മാത്രം കഴിയവയാണ് ഈ ക്രൂരത അരങ്ങേറിയത്. 2019 ജനുവരിയില്‍ അമൃതവർഷിണി ഒരു കുഞ്ഞിന് ജന്മം നല്‍കി.
കേസില്‍ അറസ്റ്റിലായ മാരുതി റാവു 2020ല്‍ കുറ്റത്തില്‍ പശ്ചാത്തപിച്ച് കത്തെഴുതി വച്ച ശേഷം ജയിലില്‍ ആത്മഹത്യ ചെയ്തു. മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുല്‍ ബാരി, അബ്ദുല്‍ കരിം, മാരുതി റാവുവിന്റെ സഹോദരൻ ശ്രാവണ്‍ കുമാർ, ഡ്രൈവർ എസ്. ശിവ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. 2003ല്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരണ്‍ പാണ്ഡ്യയെ വധിച്ച കേസില്‍ വിട്ടയയ്ക്കപ്പെട്ട പ്രതികളാണ് മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുല്‍ ബാരി എന്നിവർ.
സംഭവത്തില്‍ കേസെടുത്ത പോലീസ് ഫോറൻസിക് തെളിവുകള്‍, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സാക്ഷി മൊഴികള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ദുരഭിമാന കൊലയില്‍ കോടതി വിധി പുറപ്പെടുവിച്ചത്. 1,600 പേജുള്ള കുറ്റപത്രമാണ് പ്രതികള്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയില്‍ സമർപ്പിച്ചത്. വിചാരണയില്‍ 102 പേരുടെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു