ജീവിതത്തെ തകിടംമറിക്കുന്ന ദുശ്ശീലങ്ങളെക്കുറിച്ച് പറയുമ്ബോള്‍ മദ്യപാനവും പുകവലിയുമൊക്കെയാണ് സാധാരണ ചർച്ചകളില്‍ നിറയാറുള്ളത്.
എന്നാല്‍ അതിനൊപ്പം അപകടകാരിയായൊരു ശീലത്തേക്കുറിച്ച് പറയുകയാണ് അമേരിക്കയില്‍ നിന്നുള്ള പ്രശസ്തനായ ഫിസിഷ്യൻ ഹൊവാർഡ് ടക്കർ.
മറ്റൊന്നുമല്ല ലക്ഷ്യബോധമില്ലാതെ ജീവിതം നയിക്കലാണത്. ദീർഘായുസ്സിന്റെ പ്രധാനശത്രു വിരമിക്കലും വിശ്രമവും ആണെന്നാണ് 102-കാരനായ ടക്കർ പറയുന്നത്. ലോകത്തിലെ തന്നെ ജീവിച്ചിരിക്കുന്നവരില്‍ വച്ച് ഏറ്റവും പ്രായമേറിയ ഫിസിഷ്യനായ ടക്കർ, ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആരോഗ്യകരമായ ജീവിതരഹസ്യം പങ്കുവെക്കുന്നതിനിടെ ഇക്കാര്യവും പറഞ്ഞത്.
ആയുസ്സ് വർധിപ്പിക്കാനും ആരോഗ്യകരമായ ജീവിതത്തിനും ഏതൊരു മരുന്നിനേക്കാളും പ്രധാനം ലക്ഷ്യബോധത്തോടെയുള്ള ജീവിതമാണെന്ന് ടക്കർ പറയുന്നു. ജീവിതത്തേക്കുറിച്ച് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ മുന്നോട്ടുപോകുന്നതോടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങും. പ്രത്യേകിച്ച് വിരമിക്കലോടെ പലരും ശാരീരികവും മാനസികവുമായി തളരുന്നതിന് കാരണം ഇതാണെന്നും അദ്ദേഹം പറയുന്നു.
പ്രായമായി, ഇനി വിശ്രമിക്കാം എന്ന് കരുതുന്നതിന് പകരം ബൗദ്ധികമായും വൈകാരികമായും സജീവമാകാൻ ശ്രദ്ധിക്കണം. സന്തോഷം പകരുന്ന ഹോബികളില്‍ ഏർപ്പെടുകയും സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാവുകയുമൊക്കെ ചെയ്യണം. ഇത് മസ്തിഷ്കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് ടക്കർ പറയുന്നത്. അറിവ് പകരുക, സർഗശേഷി വളർത്തുക, ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ മനസ്സ് വ്യാപൃതമാകുന്നത് മസ്തിഷ്കത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
നൂറാം വയസ്സുവരെയും താൻ വൈദ്യപരിശോധന നടത്തിയിരുന്നുവെന്നും ടക്കർ പറയുന്നുണ്ട്. താൻ ജോലിചെയ്തിരുന്ന ആശുപത്രി അടച്ചുപൂട്ടിയതുകൊണ്ട് മാത്രമാണ് ചികിത്സ നിർത്തിയത്. ഇല്ലെങ്കില്‍ ഇപ്പോഴും തുടർന്നേനെ. പ്രായം വെറുമൊരു നമ്ബർ മാത്രമാണെന്ന് ജീവിതത്തിലൂടെ നേരത്തേ തെളിയിക്കുക കൂടി ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. അറുപത്തിയേഴാം വയസ്സില്‍ നിയമത്തില്‍ ബിരുദം നേടിയാണ് അദ്ദേഹം പഠനത്തിന് പ്രായമൊരു പ്രശ്നമല്ലെന്ന് തെളിയിച്ചത്.
സന്തുലിതമായ ആഹാരശൈലിയും ആരോഗ്യകരമായ ശരീരം കാക്കുന്നതില്‍ പ്രധാനമാണെന്ന് ടക്കർ പറയുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തും. രാവിലെ കൊഴുപ്പ് കുറഞ്ഞ പാലിനൊപ്പം പഴങ്ങള്‍ കഴിക്കും. അത്താഴത്തിന് മത്സ്യവും ബ്രൊക്കോളി ഉള്‍പ്പെടെയുള്ള പച്ചക്കറികളും ഇടയ്ക്ക് ഇറച്ചിയും. ഇതിനെല്ലാമൊപ്പം ശാരീരിക പ്രവർത്തനങ്ങള്‍ തുടരുന്നതും പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ദിവസവും പതിനഞ്ച് മിനിറ്റെങ്കിലും നടക്കുന്നത് അകാലമരണത്തെ പ്രതിരോധിക്കുമെന്നും ടക്കർ കൂട്ടിച്ചേർക്കുന്നു.