ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെതിരെ വ്യാജ പരാതി നല്‍കിയ യുവതി ഹണിട്രാപ് കേസില്‍ കീഴടങ്ങി.
കോട്ടയം അതിരമ്ബുഴ സ്വദേശി ധന്യയാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. യുവതിയുടെ ഭർത്താവ് അർജുൻ, ഇവരുടെ സുഹൃത്ത് അലൻ തോമസ് എന്നിവരും കീഴടങ്ങിയിട്ടുണ്ട്.
കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഇവർ കോടതിയില്‍ കീഴടങ്ങിയത്. എട്ടുമാസം ഗർഭിണിയാണ് ധന്യ. കോടതിയില്‍ ഹാജരാക്കിയ ധന്യയെ ഗർഭിയെന്ന പരിഗണന നല്‍കി ജാമ്യം നല്‍കുകയായിരുന്നു. സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷം രൂപയും 61 പവൻ സ്വർണവും കവർന്നെന്ന പരാതിയിലാണ് അറസ്റ്റ്. കേസ് ഒതുക്കിതീർക്കാൻ ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാരോപിച്ച് യുവതി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പിആർഓയ്ക്കെതിരെ വിജിലൻസിന് വ്യാജ പരാതി നല്‍കുകയും ചെയ്തിരുന്നു.
മറ്റൊരു കേസില്‍ നിന്ന് രക്ഷപ്പെടുവാനായി ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ചാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പിആർഒക്കെതിരെ യുവതിയും ഭർത്താവും വിജിലൻസില്‍ പരാതി നല്‍കിയത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്ബനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവാവിനെയാണ് ധന്യയും ഭർത്താവും ചേർന്ന് ഹണിട്രാപ്പില്‍ കുടുക്കിയത്. ധന്യയുടെ വീടിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു യുവാവ്.
യുവാവിന്റെ ഭാര്യ എംജി സർവകലാശാലയില്‍ പഠനത്തിനായി എത്തിയപ്പോള്‍ വാടകയ്ക്ക് താമസിച്ചത് ധന്യയുടെ വീടിന് സമീപത്തായിരുന്നു. അയല്‍വാസിയായിരുന്ന ധന്യ പരാതിക്കാരനോട് അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇയാളുമായി അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങള്‍ പകർത്തുകയും ചെയ്തു.സ്വകാര്യ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാളില്‍ നിന്ന് പല തവണയായി 60 ലക്ഷം രൂപയും 61 പവൻ സ്വർണവും കൈക്കലാക്കിയത്.
ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും 60 ലക്ഷം രൂപ ധന്യയും ഭർത്താവ് അർജുനും ചേർന്ന് വാങ്ങിയെടുക്കുകയുമായിരുന്നു. ഇതിനിടെ പ്രതികളുടെ സുഹ്യത്തായ തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നയാളും പരാതിക്കാരനെ ഭീഷണിപ്പെടുത്തി പണംവാങ്ങി. പരാതിക്കാരന്റെ കൈവശമുള്ള പണം മുഴുവൻ തട്ടിയെടുത്തശേഷം പ്രതികള്‍ ഭീഷണിപ്പെടുത്തി പരാതിക്കാരന്റെ ബാങ്ക് ലോക്കർ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവൻ സ്വർണാഭരണങ്ങളും വാങ്ങിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു.