റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു.
8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്.
അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവില്‍ സുനാമി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ആളുകള്‍ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോള്‍ വ്യക്തമല്ല.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ഏകദേശം 30 സെന്റീമീറ്റർ ഉയരമുള്ള സുനാമി തിരമാലകള്‍ ഹൊക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയില്‍ ആഞ്ഞടിച്ചു. റഷ്യയുടെ കുറില്‍ ദ്വീപുകളിലെ പ്രധാന വാസസ്ഥലമായ സെവെറോ-കുരില്‍സ്കിന്‍റെ തീരപ്രദേശത്ത് സുനാമി തിരമാലകള്‍ ആഞ്ഞടിച്ചതായി പ്രാദേശിക ഗവർണർ വലേരി ലിമാരെങ്കോ അറിയിച്ചു. ആളുകള്‍ സുരക്ഷിതരാണെന്നും ഭീഷണി അവസാനിക്കുന്നത് വരെ ഉയർന്ന സ്ഥലങ്ങളില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹവായ്, ചിലി, ജപ്പാൻ, സോളമൻ ദ്വീപുകളിലെ ചില തീരപ്രദേശങ്ങളില്‍ കടല്‍നിരപ്പില്‍ നിന്ന് 1 മുതല്‍ 3 മീറ്റർ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. റഷ്യയുടെയും ഇക്വഡോറിന്റെയും ചില തീരപ്രദേശങ്ങളില്‍ 3 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ജനങ്ങളെ സുരക്ഷിതരാക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
A video shows the tsunami already reaching Petropavlovsk-Kamchatsky, Kamchatka, Russia, following the massive earthquake pic.twitter.com/G3mLFUk5dn
റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്ബമുണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ അറിയിച്ചു.