2025 | ഒക്ടോബർ 30 | വ്യാഴം | തുലാം 13 |
◾ പിണറായി 3.o ലക്ഷ്യമിട്ട്, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമായി പിണറായി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയാക്കി. നിലവില്‍ സഹായം കിട്ടാത്ത 35 നും 60 നും ഇടയില്‍ പ്രായമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കും. പ്രതി വര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാര്‍, സാക്ഷരതാ പ്രേരക്, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ കൂടി പ്രതി മാസ ഓണറേറിയവും നല്‍കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസ തീരുമാനങ്ങളുണ്ട്. ഒരു ഗഡു ഡി എ കൂടി എല്ലാവര്‍ക്കും അനുവദിച്ചു. ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ബജറ്റ് അവതരണ മാതൃകയിലുള്ള ജനക്ഷേമ പ്രഖ്യാപനങ്ങള്‍. അതേസമയം ജനപ്രിയ ബജറ്റുകളെ തോല്‍പ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
◾ പിണറായി വിജയന്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മിനി ബജറ്റ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തങ്ങള്‍ക്ക് കൊടുക്കേണ്ടി വരില്ലെന്നുറപ്പുണ്ടായതു കൊണ്ട് അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് കെട്ടിവെക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ജനങ്ങള്‍ക്കു മേല്‍ വന്‍ നികുതിഭാരം അടിച്ചേല്‍പിച്ചതാണ്. ജനം യാതൊരു ഗൗരവവും ഇതിന് നല്‍കില്ലെന്നും ചെന്നിത്തല പറഞ്ഞു.
◾ ആശ പ്രവര്‍ത്തകര്‍ക്കുള്ള ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ആശ വര്‍ക്കര്‍മാര്‍. വിരമിക്കല്‍ ആനുകൂല്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും 1000 രൂപ എത്രയോ ചെറുതാണെന്നും അഞ്ചുലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നേടിയെടുക്കുന്നതുവരെസമരം തുടരുമെന്നും സമരത്തിന്റെ രൂപം എങ്ങനെ വേണമെന്ന് നാളത്തെ യോഗത്തില്‍ തീരുമാനിക്കുമെന്നും ആശ സമരസമിതി പ്രതിനിധി മിനി പറഞ്ഞു.
◾ പിഎംശ്രീയുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് പുനഃപരിശോധിക്കുമെന്ന് മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധാരണാപത്രം ഒപ്പിടുന്നത് സംബന്ധിച്ചും പിന്നീട് സിപിഐയുടെ എതിര്‍പ്പ് സംബന്ധിച്ചുമുള്ള ചോദ്യങ്ങള്‍ക്ക്, ഇപ്പോള്‍ പറഞ്ഞതില്‍ക്കൂടുതല്‍ വിശദീകരണമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവയൊന്നും മറുപടിയില്ലാത്തതു കൊണ്ടല്ല മറിച്ച്, നിലവില്‍ തങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണയില്‍ നിന്ന് വ്യതിചലിക്കാന്‍ തയ്യാറല്ലാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
◾ പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെ കുറിച്ചുള്ള കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പദ്ധതിയില്‍ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാന്‍ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നത്. കരാര്‍ ഒപ്പിടുന്നതിന് മുന്‍പായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതിയെന്നും സതീശന്‍ ചോദിച്ചു.
◾ പി എം ശ്രീയില്‍ നിന്ന് പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ ബിജെപി അപലപിക്കുന്നുവെന്ന് വി മുരളീധരന്‍. ചരിത്രപരമായ ഒരു മണ്ടത്തരം ആയിട്ട് ഇതിനെ സമൂഹം വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വൈരാഗ്യം മൂലമാണ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്നും രാജ്യത്തെ 95 ശതമാനം കുട്ടികള്‍ക്ക് ലഭിക്കുന്ന അവകാശം കേരളത്തിലെ കുട്ടികള്‍ക്ക് ലഭിക്കാതിരിക്കുന്നത് ശരിയാണോ എന്ന് മലയാളികള്‍ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
◾ സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മയാണ് ഇന്നലെ വൈകിട്ടോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. 77 വയസായിരുന്നു. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.
◾ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ മത്സരം നടത്താനായി കലൂര്‍ സ്റ്റേഡിയം നവീകരണത്തിനു വിട്ടുകൊടുത്തതില്‍ വിമര്‍ശനവുമായി ഹൈബി ഈഡന്‍ എംപി. സ്റ്റേഡിയം നവീകരിക്കുന്നതിനു ചെലവഴിക്കുമെന്ന് പറയുന്ന 70 കോടി രൂപയുടെ എന്താണെന്ന് ഹൈബി ചോദിച്ചു. കായിക മന്ത്രി വി. അബ്ദുള്‍ റഹിമാന്‍ ബിസിനസുകാരനാണെന്നും കായിക താല്‍പര്യത്തേക്കാള്‍ അദ്ദേഹത്തിനുള്ളത് ബിസിനസ് താല്‍പര്യമാണെന്നും ഹൈബി ആരോപിച്ചു. അതിനിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ജിസിഡിഎ ചെയര്‍മാന്റെ ഓഫിസില്‍ ഫുട്ബോള്‍ കളിക്കാരുടെ വേഷത്തിലെത്തി പ്രതിഷേധിച്ചു.
◾ താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസില്‍ എസ്ഡിപിഐ പ്രാദേശിക നേതാവ് കസ്റ്റഡിയില്‍. കൂടത്തായി സ്വദേശി അമ്പാടന്‍ അന്‍സാര്‍ ആണ് പിടിയിലായത്. കൂടത്തായിയിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ 351 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
◾ തന്ത്രി കണ്ഠരര് രാജീവരരുടെ കൈവശമുണ്ടായിരുന്ന പഴയ കൊടിമരത്തിലെ ശബരിമല വാജിവാഹനം തിരിച്ചെടുക്കാനുള്ളെ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്ക് നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ചുമതല തിരുവാഭരണം കമ്മീഷണര്‍ക്ക് നല്‍കിയത്. 2017 ല്‍ കൊടിമരം മാറ്റിസ്ഥാപിച്ചപ്പോഴാണ് പഴയ വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. വിവാദങ്ങളെ തുടര്‍ന്ന് വാജിവാഹനം തിരികെ വാങ്ങണമെന്ന് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് കത്ത് നല്‍കിയിരുന്നു.
◾ മോന്താ തീവ്ര ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ കേരളത്തില്‍ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കള്‍ക്ക് വീടോട് കൂടി വസ്തു വാങ്ങി രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് നല്‍കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ഫണ്ട് ഉപയോഗിച്ചോ സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന ധനസഹായം ഉപയോഗിച്ചോ വീടോട് കൂടി വസ്തു വാങ്ങുന്നവര്‍ക്കാണ് ഇളവ് അനുവദിക്കുക.
◾ തിരുവനന്തപുരം കഴക്കൂട്ടത്ത് കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിക്ക് 9 വിരലുകള്‍ നഷ്ടമായ സംഭവത്തില്‍ സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്നും യുവതിക്ക് സിവില്‍ കേസ് നല്‍കാമെന്നുമാണ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ആശയക്കുഴപ്പമുള്ളതിനാല്‍ വീണ്ടും വിശദീകരണം ചോദിച്ചിരിക്കുകയാണ് കഴക്കൂട്ടം പൊലീസ്.
◾ അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍മക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും ഹൈക്കോടതി തള്ളി. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനാവശ്യത്തിന് വിട്ടു നല്‍കണമെന്നായിരുന്നു ലോറന്‍സിന്റെ ആഗ്രഹമെന്ന് മകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പെണ്‍മക്കളുടെ ആവശ്യം നേരത്തെ സുപ്രീംകോടതിയും തളളിയിരുന്നു.
◾ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി. എയര്‍പോര്‍ട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയുടെ നിര്‍മാണം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു.
◾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം അവധിയായിരിക്കും. ഇന്ന് വെകിട്ട് അഞ്ചുമണിക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ നിന്നാണ് ആറാട്ട് ഘോഷയാത്ര ആരംഭിക്കുക. പുതുക്കിയ വിമാന ഷെഡ്യൂളുകളും പുതുക്കിയ സമയക്രമവും അറിയാന്‍ യാത്രക്കാര്‍ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
◾ മണ്ണുത്തി ദേശീയപാതയിലെ 75 ലക്ഷത്തിന്റെ കവര്‍ച്ചയില്‍ രണ്ടു പേര്‍ പിടിയില്‍. പിടിയിലായത് അങ്കമാലി സ്വദേശികളാണ്. സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ ഒളിവിലാണ്. അങ്കമാലി സ്വദേശികളായ നിയാസും ശ്യാമുമാണ് പിടിയിലായത്. അങ്കമാലിയില്‍ നിന്നും കറുക്കുറ്റിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. കവര്‍ച്ചയ്ക്ക് എത്തിയ കാറും കണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.
◾ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയില്ല. കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ 14 സീറ്റുകളില്‍ കോണ്‍ഗ്രസും 11 സീറ്റുകളില്‍ മുസ്ലിംലീഗും മത്സരിക്കും. സിഎംപിയും ആര്‍എസ്പിയും കേരള കോണ്‍ഗ്രസും ഓരോ സീറ്റിലാണ് മത്സരിക്കുക.
◾ അങ്കമാലി എംഎല്‍എയും എഐസിസി സെക്രട്ടറിയുമായ റോജി എം. ജോണ്‍ വിവാഹിതനായി. കാലടി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി വീട്ടില്‍ പൗലോസിന്റെയും ലിസിയുടെയും മകള്‍ ലിപ്‌സിയാണ് വധു. ഇന്നലെ അങ്കമാലി സെയ്ന്റ് ജോര്‍ജ് ബസിലിക്കയിലായിരുന്നു വിവാഹം.
◾ സ്വകാര്യ ബസ്സില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എ വണ്‍ ട്രാവല്‍സ് എന്ന ബസ്സിലെ ജീവനക്കാരന്‍ കോഴിക്കോട് ചൂലൂര്‍ സ്വദേശി രജീഷിനെയാണ് കസബ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 26-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
◾ അച്ഛനും അമ്മയും ആറ് വര്‍ഷം മുന്‍പ് നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം അച്ഛനൊപ്പ താമസിക്കുന്ന 12 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വനിതാ പൊലീസാണ് അഴൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തത്. 12 കാരനെ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തെന്ന് എഫ്ഐആറില്‍ പറയുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 2019 മുതല്‍ സമാനനിലയിലുള്ള പീഡനങ്ങള്‍ കുട്ടി നേരിട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
◾ ടിവികെ ജനറല്‍ ബോഡി വിളിച്ച് വിജയ്. അടുത്ത മാസം അഞ്ചിന് മഹാബലിപുരത്താണ് യോഗം കൂടുക. അടുത്ത ചുവട് കരുതലോടെയും ആലോചിച്ചും വേണമെന്നാണ് വിജയ്യുടെ നിര്‍ദേശം. യോഗത്തില്‍ ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും പ്രവര്‍ത്തകര്‍ക്കുള്ള തുറന്ന കത്തില്‍ വിജയ് പറയുന്നുണ്ട്. നിലവിലെ പ്രധാന ഭാരവാഹികളെ നിലനിര്‍ത്തിയതിന് പുറമേ, കൂടുതല്‍ ജില്ലാ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തിയാണ് 28 അംഗ നിര്‍വ്വാഹക സമിതി പ്രഖ്യാപിച്ചത്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടിനു വേണ്ടി എന്തു ചെയ്യാനും തയാറാകുമെന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വോട്ടിനു വേണ്ടി നാടകം കളിക്കാന്‍ പറഞ്ഞാല്‍ മോദിജി അത് ചെയ്യുമെന്നും സ്റ്റേജില്‍വന്ന് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. ബീഹാറില്‍ ഭരിക്കുന്നത് നിതീഷ് കുമാറാണെങ്കിലും ഭരണം നിയന്ത്രിക്കുന്നത് ബിജെപിയാണെന്നും നിതീഷിന്റെ മുഖം മാത്രമാണ് ബിജെപി ഉപയോഗിക്കുന്നതെന്നും രാഹുല്‍ ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വിമര്‍ശിച്ചു.
◾l ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിഹാറിലെ ജനങ്ങളെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപമാനിച്ചെന്ന് ബിജെപി. നാടന്‍ ഗുണ്ടയേപ്പോലെയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
◾ ആമസോണ്‍ ആഗോള തലത്തില്‍ നടത്തുന്ന കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യയിലെ 900 മുതല്‍ 1100 വരെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ആമസോണ്‍ വെട്ടിച്ചുരുക്കുക 30,000 തസ്തികകളാണ്. 2022ല്‍ ഏകദേശം 27,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം ആമസോണ്‍ നടത്തുന്ന ഏറ്റവും വലിയ വെട്ടിച്ചുരുക്കലാണിത്.
◾ അഫ്ഗാന്‍ മണ്ണില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ ഒരു 'വിദേശ രാജ്യവുമായി' കരാറുണ്ടെന്ന് പാകിസ്ഥാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഈ വെളിപ്പെടുത്തലാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള തുര്‍ക്കി ചര്‍ച്ചകളില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
◾ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം തന്റെ ഭീഷണി കാരണം നിറുത്തിയെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം നിറുത്തില്ലെന്ന് തന്നെ അറിയിച്ച നരേന്ദ്ര മോദി രണ്ട് ദിവസത്തിന് ശേഷം ഇത് സമ്മതിച്ചെന്നും ട്രംപ് പറഞ്ഞു. 250 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യയേയും പാകിസ്ഥാനേയും താന്‍ അറിയിച്ചെന്നും ട്രംപ് ജപ്പാനില്‍ പറഞ്ഞു.
◾ ഇന്ത്യ - ചൈന അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായി. ഈ മാസം 25 ന് ചുഷുല്‍ - മോള്‍ഡോ അതിര്‍ത്തി കൂടിക്കാഴ്ചാ പോയിന്റില്‍ നടന്ന യോഗത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തിയാണ് സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ ധാരണയായത്.
◾ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍, സംഘടനയുടെ പുതിയ വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍ മൊഅ്മിനാത്ത് പ്രഖ്യാപിച്ചു. 'ജയ്ഷിന്റെ ശത്രുക്കള്‍ ഹിന്ദു സ്ത്രീകളെ സൈന്യത്തില്‍ എത്തിച്ചെന്നും വനിതാ മാധ്യമപ്രവര്‍ത്തകരെ തങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നുമാണ് മസൂദ് അസ്ഹറിന്റെ ആരോപണം. ഇതിനെ നേരിടാനാണ് പുതിയ വനിതാ വിഭാഗമെന്നും 21 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഓഡിയോ റെക്കോര്‍ഡിംഗില്‍ അസ്ഹര്‍ അവകാശപ്പെട്ടു.
◾ പാകിസ്താനില്‍ തെഹ്രീകെ താലിബാന്റെ ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റനടക്കം ഏഴു സൈനികര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂന്‍ഖ്വയിലാണ് ടിടിപി പാകിസ്താന്‍, സൈന്യത്തിന് നേരേ രൂക്ഷമായ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പാക് സൈന്യത്തില്‍ ക്യാപ്റ്റനായ നുമാന്‍ അടക്കം .ഏഴുസൈനികര്‍ കൊല്ലപ്പെട്ടതായും 17 സൈനികര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
◾ ഗാസയിലെ സമാധാന കരാര്‍ കൂടുതല്‍ വഷളാകുന്നു. മൃതദേഹങ്ങള്‍ കൈമാറുന്നതില്‍ കൃത്രിമത്വം കാണിച്ചതിലൂടെ ഹമാസ് ഇസ്രയേലിനെയും അമേരിക്കയെയും ലോകത്തെയും ചതിച്ചെന്ന രൂക്ഷമായ പ്രതീകരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരിക്കുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 90 ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ഇസ്രയേല്‍ സൈനികനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
◾ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 46 കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെടെ 104 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 250-ഓളം പേര്‍ക്ക് പരിക്കേറ്റെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ കഴിഞ്ഞദിവസം ഗാസയില്‍ ആക്രമണം ആരംഭിച്ചത്. അതേസമയം, ബുധനാഴ്ച രാവിലെയോടെ ആക്രമണം നിര്‍ത്തിവെച്ചതായും ഇസ്രയേല്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ പുനഃസ്ഥാപിച്ചതായും എന്നാല്‍, ഏതെങ്കിലും തരത്തില്‍ ലംഘനമുണ്ടായാല്‍ അതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.
◾ ആണവ പോര്‍മുനയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. ഗ്രീക്ക് പുരാവൃത്തത്തിലെ സമുദ്രദേവനായ പൊസൈഡണിന്റെ പേരു നല്‍കിയിരിക്കുന്ന ഈ ആയുധത്തിന് ശത്രുക്കളുടെ റഡാറുകളെ കബളിപ്പിക്കാന്‍ സാധിക്കുമെന്ന് പരീക്ഷണത്തിന്റെ വിജയത്തെക്കുറിച്ച് പ്രഖ്യാപിക്കവേ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പറഞ്ഞു.
◾ മഴയെ തുടര്‍ന്ന് ഓസ്‌ട്രേലിയ - ഇന്ത്യ ഒന്നാം ടി20 ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 9.4 ഓവറില്‍ ഒന്നിന് 97 എന്ന നിലയില്‍ നില്‍ക്കെയാണ് രണ്ടാമതും മഴയെത്തിയത്. എന്നാല്‍ തോരാമഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലുമായിരുന്നു ക്രീസില്‍. 19 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
◾ വനിതാ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 125 റണ്‍സിന് തോല്‍പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിന് യോഗ്യത നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 169 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് മികവില്‍ 320 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 42.3 ഓവറില്‍ 194 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികളെ ദക്ഷിണാഫ്രിക്ക ഫൈനലില്‍ നേരിടും.
◾ സെരോധയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ പ്ലാറ്റ്‌ഫോമായ 'കോയിന്‍' വഴി ഉടന്‍തന്നെ സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുന്നു. ദീര്‍ഘകാല നിക്ഷേപകര്‍ക്കായി കുറഞ്ഞ റിസ്‌ക് ഉള്ള നിക്ഷേപ ഓപ്ഷനുകള്‍ വിപുലീകരിക്കുന്നതില്‍ സെരോധയുടെ ഏറ്റവും പുതിയ ചുവടുവെപ്പാണ് ഇത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കോയിന്‍ പ്ലാറ്റ്‌ഫോമില്‍ എഫ്ഡി ഉല്‍പ്പന്നം അവതരിപ്പിക്കും. സെരോധയുടെ നിക്ഷേപ വിഭാഗമായ റെയിന്‍മാറ്റര്‍ ക്യാപിറ്റല്‍, ന്യൂ ഡല്‍ഹി ആസ്ഥാനമായുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ബ്ലോസ്റ്റെമില്‍ ഒരു പുതിയ ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കുന്നതിനൊപ്പമാണ് നീക്കം. ബ്ലോസ്റ്റെമുമായി സഹകരിച്ചായിരിക്കും എഫ്ഡി സേവനം ലഭ്യമാക്കുക. ഈ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അവരുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സ്ഥാപനങ്ങളില്‍ പോലും എഫ്ഡി തുറക്കാന്‍ അനുവദിക്കുന്നു. മിക്ക നിക്ഷേപങ്ങളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലായിരിക്കും, ഇത് പരമ്പരാഗത വാണിജ്യ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. നിക്ഷേപം ആരംഭിക്കുന്നത് മുതല്‍ പൂര്‍ത്തിയാക്കുന്നത് വരെയുള്ള മുഴുവന്‍ പ്രക്രിയയും പൂര്‍ണ്ണമായും ഡിജിറ്റലായിരിക്കും. ഇത് നിക്ഷേപകരുടെ ദീര്‍ഘകാല നിക്ഷേപം ലളിതവും പേപ്പര്‍ രഹിതവും സുതാര്യവുമാക്കും.
◾ മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍ അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന 'അതിഭീകര കാമുകന്‍' സിനിമയുടെ രസികന്‍ ട്രെയിലര്‍ പുറത്തിറങ്ങി. അര്‍ജുന്‍ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വര്‍ഷം കഴിഞ്ഞ് കോളേജില്‍ പഠിക്കാന്‍ ചേരുന്നതും തുടര്‍ന്നുള്ള പ്രണയവും അയാളുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായി ലുക്മാന്‍ എത്തുമ്പോള്‍ അനു എന്ന നായികാ കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. മനോഹരി ജോയ്, അശ്വിന്‍, കാര്‍ത്തിക്, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.
◾ യുവതാരം ആന്റണി വര്‍ഗീസും മലയാളിയും ദേശീയ അവാര്‍ഡ് ജേതാവുമായ തെന്നിന്ത്യന്‍ നായികാതാരം കീര്‍ത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഫസ്റ്റ് പേജ് പ്രൊഡക്ഷന്‍സ്, എ വി എ പ്രൊഡക്ഷന്‍സ്, മാര്‍ഗ എന്റര്‍ടെയ്നേഴ്സ് എന്നീ ബാനറുകളില്‍ മോനു പഴേടത്ത്, എ വി അനൂപ്, നോവല്‍ വിന്ധ്യന്‍, സിമ്മി രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും. പ്രോജക്ട് സൈനിങ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. 'ആക്ഷന്‍ മീറ്റ്സ് ബ്യൂട്ടി' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ ആന്റണി വര്‍ഗീസ് കീര്‍ത്തി സുരേഷിനൊപ്പം ഒന്നിക്കുന്ന ഈ പുതിയ ചിത്രവും ആക്ഷന് പ്രാധാന്യം ഉള്ളതാവുമെന്ന സൂചനയാണ് ലഭിക്കുന്നത്. തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ തിരക്കേറിയ താരമായ കീര്‍ത്തി സുരേഷ്, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
◾ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. പുതിയ റെനോ ഡസ്റ്റര്‍ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ഔദ്യോഗികമായി പുറത്തിറക്കും. 2012ലാണ് ഇന്ത്യയില്‍ ആദ്യമായി റെനോ ഡസ്റ്റര്‍ പുറത്തിറക്കിയത്. ഡസ്റ്റര്‍ രാജ്യത്തെ എസ് യുവി വിപണിയെ പൂര്‍ണമായി മാറ്റിമറിച്ചതായി കമ്പനി അവകാശപ്പെടുന്നു.െേ റനായുടെ 'ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027'ന്റെ ഭാഗമായി ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ ഉല്‍പ്പന്നമാണ് ഈ പുതിയ ഡസ്റ്റര്‍. ഇന്ത്യ കേന്ദ്രീകരിച്ച് കമ്പനി നടപ്പാക്കുന്ന 'റെനോ റീത്തിങ്ക്' പദ്ധതിയുടെ ഭാഗം കൂടിയാണ് പുതിയ വാഹനം. ലോകമെമ്പാടും 18 ലക്ഷത്തോളം ഉപഭോക്താക്കളും ഇന്ത്യയില്‍ രണ്ടു ലക്ഷത്തിലധികം സന്തുഷ്ട ഉടമകളുമുള്ള ഡസ്റ്റര്‍, റെനോയുടെ ആഗോള എസ്യുവി വാഹന നിരയിലെ ഏറ്റവും വിജയകരമായ മോഡലുകളില്‍ ഒന്നാണെന്നും കമ്പനി വ്യക്തമാക്കി.
◾ 'വേനലും വര്‍ഷവും രണ്ടറ്റങ്ങളിലേക്കും ഒരുപോലെ പായുന്ന മനുഷ്യരും ചേര്‍ന്ന് രണ്ട് കോണ്‍ട്രാസ്റ്റുകള്‍ നല്‍കാറുണ്ട് കണ്ണൂരിന്. തെയ്യവും തീയും ചുട്ടുപഴുത്ത ചെങ്കല്ലും പോരാട്ടവും അണിചേര്‍ന്നൊരു സൂര്യമുഖവും, പെരുമഴയും പായല്‍പ്പുതപ്പും നീല കുളവും കരുണയും ഇഴചേര്‍ന്നൊരു നിലാമുഖവും. കണ്ണൂരിന്റെ ഉറപ്പുള്ള മണ്ണില്‍നിന്നും കഥ പറയുന്ന പ്രബിന്റെ കഥകളിലും ഈ കോണ്‍ട്രാസ്റ്റുകള്‍ നമുക്ക് കാണാം. 'ഭയം ഭ്രമം ഭാവന'. പ്രബിന്‍ എം.വി. ഗ്രീന്‍ ബുക്സ്. വില 95 രൂപ.
◾ ഇന്ത്യക്കാരുടെ പരമ്പരാഗതമായ പ്രധാന ഭക്ഷണമാണ് ചോറ്. എന്നാല്‍ ചോറില്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ വീക്കം ഉണ്ടാക്കാനും അസ്ഥികള്‍ ദുര്‍ബലമാകാനും ശരീരഭാരം കൂടാനും കാരണമാകുമെന്ന വാദത്തെ തുടര്‍ന്ന് പലരും ചോറിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ ഇത് വെറും മിഥാധാരണയാണെന്നും കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കിയുള്ള ഡയറ്റ് ആരോഗ്യത്തിന് സുരക്ഷിതമല്ലെന്നും ഓര്‍ത്തോപീഡിയാക് സര്‍ജന്‍ ആയ ഡോ. മനന്‍ വോറ പറയുന്നു. കാര്‍ബോഹൈഡ്രേറ്റിനെയും ചോറിനെയും ശത്രുവായി കാണേണ്ടതില്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ അവശ്യ പോഷകാണ് കാര്‍ബോഹൈഡ്രേറ്റ്. കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ കുറയുന്നത് പേശികളെ ദുര്‍ബലപ്പെടുത്താം. പേശികളുടെ വീണ്ടെടുക്കലിന് കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്ന് വരുന്ന ഗ്ലൈക്കോജന്‍ ആവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ കുറയ്ക്കുമ്പോള്‍, ശരീരത്തില്‍ ഗ്ലൈക്കോജന്‍ സംഭരണം കുറയുന്നു. അത് പേശികള്‍ വേഗത്തില്‍ ക്ഷീണിക്കുന്നതിനും അസ്ഥികളെ സപ്പോര്‍ട്ട് ചെയ്യുന്ന ടിഷ്യു കൂടുതല്‍ സൂക്ഷ്മ സമ്മര്‍ദം നേരിടുകയും ചെയ്യുന്നു. അരി കാര്‍ബോഹൈഡ്രേറ്റുകളുടെ മാത്രം ഉറവിടമല്ല, അതില്‍ മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് എളുപ്പത്തില്‍ ഊര്‍ജ്ജം ലഭ്യമാക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇത് ഗ്ലൂറ്റന്‍ രഹിതമാണ്, കൊഴുപ്പും സോഡിയവും കുറവാണ്, ബി വിറ്റാമിനുകള്‍, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. മറ്റെല്ലാ ഭക്ഷണങ്ങളെയും പോലെ, അരി കഴിക്കുമ്പോഴും മിതത്വം പാലിക്കുകയെന്നതാണ് പ്രധാനം. ഭക്ഷണം ഒഴിവാക്കുന്നതിനെ കുറിച്ചല്ല, നിങ്ങളുടെ ശരീരത്തിന് യഥാര്‍ഥത്തില്‍ ആവശ്യമായത് എന്താണെന്ന് മനസിലാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ തലച്ചോറിനും പേശികള്‍ക്കും ശക്തി നല്‍കുന്നതും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതുമായ പ്രാഥമിക ഇന്ധനമാണ് കാര്‍ബോഹൈഡ്രേറ്റ്.

