35 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് ആയിരം രൂപ പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ. നിലവില്‍ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത AAY/PHH വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന "സ്ത്രീ സുരക്ഷ" പെൻഷൻ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
പ്രതിമാസം 1000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് കൂടുതല്‍ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യം. ക്ഷേമപെൻഷനുകളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ട്രാൻസ് ജെൻഡർ ഉള്‍പ്പെടെയുള്ള വനിതകള്‍ക്കും പ്രതിമാസം സാമ്ബത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്ബത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
യുവതലമുറക്കായും നിരവധി പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. യുവതലമുറക്ക് കണക്‌ട് ടു വർക്ക് സ്കോളർഷിപ്പ്, ജോലി ലഭിക്കാൻ സ്റ്റൈപ്പൻഡ് അല്ലെങ്കില്‍ സാമ്ബത്തിക സഹായം എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കും തുടക്കമാകും. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള 5 ലക്ഷം യുവതീയുവാക്കള്‍ ഗുണഭോക്താക്കളാകും എന്നാണ് സർക്കാർ പ്രതീക്ഷ. ഇതിനായി പ്രതിവർഷം സർക്കാർ 600 കോടി രൂപ ചെലവഴിക്കേണ്ടിവരും.

