Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (19/10/2025)


 2025 | ഒക്ടോബർ 19 | ഞായർ | തുലാം 2 |  


◾  സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് പുല്ലാളൂര്‍ പറപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് ഇടിമിന്നലേറ്റ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാല് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലിന് നേരിയ പൊള്ളലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. മഴ പെയ്തപ്പോള്‍ അടുത്തുള്ള വീടിനകത്തേക്ക് കയറിയവര്‍ക്ക് വീടിന് അകത്തു വച്ചാണ് മിന്നലേറ്റത്. പാലക്കാട് കുറ്റനാട് ഇടിമിന്നലില്‍ യുവതിക്കാണ് പരിക്കേറ്റത്. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലില്‍ അശ്വതിക്കാണ് ഇടിമിന്നലേറ്റത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ പുസ്തകം എടുക്കാന്‍ മുറിക്കകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അതിശക്തമായ മിന്നലേറ്റത്. സംഭവത്തില്‍ അശ്വതിയുടെ കൈക്കാണ് പൊള്ളലേറ്റത്. അല്‍പ്പ സമയം ചലനശേഷി നഷ്ടമായ ഇവരെ ഉടന്‍ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ കുട്ടികള്‍ അടക്കമുള്ള കുടുംബാഗങ്ങള്‍ ഇടിമിന്നലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.


◾  സംസ്ഥാനത്ത് വീണ്ടും പരക്കെ മഴ. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴമുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.


◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ എട്ട് മണിക്കൂര്‍ നീണ്ട പരിശോധന. കാരേറ്റുള്ള പോറ്റിയുടെ കുടുംബവീട്ടിലാണ് പരിശോധന നടന്നത്. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്‍കി എന്നാണ് പോറ്റി പറയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴികള്‍.


◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ കാരേറ്റുള്ള പോറ്റിയുടെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം വിവിധ രേഖകള്‍ പിടിച്ചെടുത്തു. പുളിമാത്ത് വില്ലജ് ഓഫീസര്‍, വാര്‍ഡ് അംഗം എന്നിവരുടെ സന്നിധ്യത്തിലായിരുന്നു പരിശോധന. അന്വേഷണത്തിലൂടെ എല്ലാം തെളിയും എന്നാണ് വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം.


◾  ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വീണ്ടും ഗൂഢാലോചന വാദവുമായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. യുഡിഎഫിനെ ഉന്നമിട്ടാണ് മന്ത്രി വാസവന്റെ പ്രതികരണം. അന്വേഷണം പ്രഖ്യാപിച്ച ശേഷവും യുഡിഎഫ് സമരം ചെയ്തെന്ന് മന്ത്രി വാസവന്‍ ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ വിശ്വാസികള്‍ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾  പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെയെന്നും കള്ളന്മാര്‍ നടത്തിയ കളവ് ആരും അറിഞ്ഞില്ല എങ്കില്‍ അവര്‍ വീണ്ടും കക്കാന്‍ പോകുമെന്നും ദേവസ്വം മന്ത്രിയും ബോര്‍ഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.


◾  വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തില്‍ യുഡിഎഫ് എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും സ്വര്‍ണക്കവര്‍ച്ചയില്‍ കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണമാണ് വേണ്ടതെന്നും കെ.മുരളീധരന്‍. കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസമില്ലാത്തവര്‍ ശബരിമലയില്‍ പോയി കൈകെട്ടി നില്‍ക്കുകയാണെന്നും അയ്യപ്പനെ തൊട്ടുകളിച്ചാല്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം അഭിപ്രായമുള്ളിടത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമെന്നും ഇതൊന്നും തദ്ദേശ തിരഞ്ഞെടുപ്പിനെയോ നിയമസഭാ തിരഞ്ഞെടുപ്പിനെയോ ബാധിക്കില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. കെപിസിസി പുനസംഘടനയില്‍ അതൃപ്തനായ മുരളീധരന്‍ ആറ് മണിക്കൂര്‍ വൈകി രാത്രി 10 മണിയോട് അടുപ്പിച്ചാണ് പന്തളത്തെ വിശ്വാസ സംരക്ഷണ ജാഥയുടെ സമാപന സമ്മേളനത്തിന്റെ വേദിയിലെത്തിയത്.



◾  കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്ററില്‍ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത, 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ 5,580 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ഒന്നായി ദേശീയപാത വികസനം മാറുമെന്നും മന്ത്രി പറഞ്ഞു.


◾  നെടുമ്പാശ്ശേരി വിമാനത്താവള റെയില്‍വെ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് അദ്ദേഹം ഉറപ്പുനല്‍കിയതായാണ് വിവരം. വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നം കൂടിയാണ് നെടുമ്പാശ്ശേരി വിമാനത്താവള റെയില്‍വെ സ്റ്റേഷന്‍.


◾  നവംബര്‍ ഒന്നു മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലകളില്‍ സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ വിലക്കുറവ് നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ നിലവില്‍ നല്‍കുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾  ഹംസഫര്‍ എക്‌സ്പ്രസിന് കായംകുളത്തും രാജ്യറാണി എക്‌സ്പ്രസിന് കരുനാഗപ്പള്ളിയിലും പുതുതായി സ്റ്റോപ്പ് അനുവദിച്ചതായി കെ.സി വേണുഗോപാല്‍ എം പി. യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഇക്കാര്യത്തില്‍ അനുകൂല നടപടി സ്വീകരിച്ച മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എംപി കൂട്ടിച്ചേര്‍ത്തു.


◾  സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ആദ്യം പ്രതികരിക്കാതിരുന്നത് ഛിദ്രശക്തികളുടെ ഇടപെടല്‍ തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വിജയിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.  


◾  ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായ മലയാളി യുവാക്കള്‍ക്കായി പ്രാര്‍ഥനയോടെ നാട്. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. അപകടത്തില്‍ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.


◾  പുഴയില്‍ ചാടി ജീവനൊടുക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച് സ്വയം മരിച്ചെന്ന് വരുത്തി തീര്‍ത്ത് നാടുവിട്ടയാളെ ബെംഗളൂരുവില്‍ നിന്ന് കയ്യോടെ പൊക്കി കേരള പൊലീസ്. പഞ്ചാബി ഹൗസ് സിനിമാ സ്റ്റൈലില്‍ നാടുവിട്ട ഗുജറാത്ത് സ്വദേശി ഗുഹാനി സിറാജ് അഹമ്മദ് ഭായിയെയാണ് പാലക്കാട് ഷൊര്‍ണൂര്‍ പൊലീസ് കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നാണ് സിനിമ തിരക്കഥയെ വെല്ലും രീതിയില്‍ സ്വന്തം മരണത്തെ ബന്ധുക്കളെ അറിയിച്ചശേഷം സ്ഥലം വിട്ടത്.


◾  തിരുവനന്തപുരം പോത്തന്‍കോട് പാഴ്സല്‍ നല്‍കാത്തതിന് പായസക്കട തകര്‍ത്തതായി പരാതി. കാര്യവട്ടം സ്വദേശി റസീനയുടെ പോത്തന്‍കോട് റോഡരികിലുള്ള പായസക്കടയാണ് കാറിടിച്ച് തകര്‍ത്തത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചു.


◾  കൂത്തുപറമ്പില്‍ വയോധികയുടെ മാല മോഷ്ടിച്ച് കൗണ്‍സിലര്‍ പിപി രാജേഷിനെ സിപിഎം പുറത്താക്കി. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും നാലാം വാര്‍ഡ് കൗണ്‍സിലറുമാണ് രാജേഷ്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കും വിധം പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജേഷ് വയോധികയുടെ മാല പൊട്ടിച്ചത്.



◾  വിവാഹമോചന സമയത്ത് സാമ്പത്തിക ഭദ്രതയുള്ള പങ്കാളിക്ക് ജീവനാംശം അനുവദിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. ജീവനാംശം അനുവദിക്കുന്നത് 'ഓട്ടോമാറ്റിക്' ആയ പ്രക്രിയ അല്ലെന്നും പങ്കാളി 'സാമ്പത്തികമായി സ്വയംപര്യാപ്തയാണെങ്കില്‍' അനുവദിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ ഗ്രൂപ്പ് 'എ' ഓഫീസറായ യുവതി ജീവനാംശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.


◾  കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടിവികെ ധനസഹായം നല്‍കി. 20 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. 39 പേരുടെ കുടുംബത്തിന് പണം നല്‍കിയെന്ന് ടിവികെ അറിയിച്ചു. കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓര്‍മയ്ക്കായി ഈ വര്‍ഷം ദീപാവലി ആഘോഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ജില്ലാ സെക്രട്ടറിമാരോടും അണികളോടും നിര്‍ദേശിച്ചു.


◾  മഹാരാഷ്ട്രയില്‍ ഒരു വീട്ടില്‍ 800 വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തെന്ന ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര നവനിര്‍മാണ സേന. നാസിക് സെന്‍ട്രല്‍ നിയമസഭാ മണ്ഡലത്തിലെ നനാവലി പ്രദേശത്തെ 3892-ാം നമ്പര്‍ വീട്ടില്‍ നിന്ന് 800 വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്ദവ് വിഭാഗം ശിവസേന പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിലവിലെ വോട്ടര്‍ പട്ടിക അവലോകനം നടത്തിയപ്പോഴാണ് നാനാവലി പ്രദേശത്തെ 3892-ാം നമ്പര്‍ വീട്ടില്‍ 800 വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതെന്ന് എംഎന്‍എസ് നേതാക്കള്‍ പറഞ്ഞു.


◾  ബിഹാറിലെ മഹാസഖ്യത്തില്‍ പൊട്ടിത്തെറി. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മഹാസഖ്യം ഉപേക്ഷിച്ചു. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സഖ്യം വിട്ട ജെഎംഎം ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. അതിനിടെ ആര്‍ജെഡി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.


◾  ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ മജ്‌റ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ്. പത്തോളം കാറുകളും ഇരുപതോളം ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ 30 ലധികം വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തുവെന്ന് സബര്‍കാന്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അതുല്‍ പട്ടേല്‍ പറഞ്ഞു.


◾  ഇന്ത്യയ്ക്കെതിരേ വീണ്ടും പരോക്ഷ ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീര്‍. പുതിയ പ്രകോപനം പൊട്ടിപ്പുറപ്പെട്ടാല്‍, പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിരിക്കും പാകിസ്താന്റെപ്രതികരണെമെന്ന് അസിം മുനീര്‍ ഭീഷണി മുഴക്കി. ഭൂമിശാസ്ത്രപരമായ വിശാലത നല്‍കുന്ന സുരക്ഷിതത്വത്തേക്കുറിച്ചുള്ള ഇന്ത്യയുടെ മിഥ്യാധാരണയെ പാക് സൈന്യം തകര്‍ത്തെറിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.


◾  പാകിസ്ഥാനിലെ ഓരോ ഇഞ്ച് ഭൂമിയും ബ്രഹ്‌മോസ് മിസൈലിന്റെ പ്രഹര ശേഷിയുടെ പരിധിയിലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ബ്രഹ്‌മോസ് മിസൈല്‍ സാങ്കേതിക മേന്മ തെളിയിക്കുകയും ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്‌തെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ലഖ്‌നൗവിലെ ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡ് യൂണിറ്റില്‍ നിര്‍മ്മിച്ച സൂപ്പര്‍സോണിക് ബ്രഹ്‌മോസ് മിസൈലുകളുടെ ആദ്യ ബാച്ച് രാജ്‌നാഥ് സിങും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.


◾  റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന വാദം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നത് ഇന്ത്യ യുഎസ് ബന്ധത്തില്‍ കല്ലുകടിയാകുന്നു. ട്രംപിനോട് എന്നും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് നിലവില്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. വ്യാപാര കരാറിന് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിട്ടുണ്ട്.


◾  വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് പാകിസ്താന്‍ വീണ്ടും അഫ്ഗാനിസ്താന് നേരേ ആക്രമണം നടത്തിയതില്‍ വ്യാപക പ്രതിഷേധം. പാകിസ്താന്റെ നടപടി ഭീരുത്വം നിറഞ്ഞതും പ്രാകൃതവുമാണെന്ന് അഫ്ഗാന്‍ മുന്‍ പാര്‍ലമെന്റ് അംഗം മറിയം സുലൈമാന്‍ഖില്‍ ദേശീയമാധ്യമമായ എന്‍ഡിടിവിയോട് പ്രതികരിച്ചു.


◾  ധാക്ക വിമാനത്താവളത്തില്‍ തീപിടിത്തമെന്ന് വിവരം. വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാര്‍ഗോ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.  ബെംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 28 ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്



◾  വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ ബസ് യാത്രികരായ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒകു കുടുംബത്തില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ഹമാസ് സുരക്ഷാ സേന വിശദമാക്കുന്നത്. വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേല്‍ ആക്രമണം നടന്ന സെയ്തൂണ്‍ മേഖലയിലെ തങ്ങളുടെ വീട് പരിശോധിക്കാനായി പുറപ്പെട്ട കുടുംബമാണ് കൊല്ലപ്പെട്ടതെന്നാണ് സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ വിശദമാക്കുന്നത്.


◾  പൊതുവിടങ്ങളില്‍ ബുര്‍ഖ അടക്കം മുഖം മൂടുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കുമായി പോര്‍ച്ചുഗല്‍. ലിംഗപരമോ, മതപരമോ ആയ കാരണങ്ങളാല്‍ പൊതുസ്ഥലത്ത് മുഖംമൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനാണ് വിലക്ക്. ഇത്തരത്തിലുള്ള വസ്ത്രധാരണവുമായി എത്തുന്നവരില്‍ നിന്ന് വന്‍തുക പിഴയീടാക്കാനും നിര്‍ദ്ദേശിക്കുന്ന നിയമത്തിനാണ് പോര്‍ച്ചുഗല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിട്ടുള്ളത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ചെഗയാണ് ഈ ബില്‍ പാര്‍ലമെന്റില്‍ നിര്‍ദ്ദേശിച്ചത്.


◾  ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വലിയ വിവാദങ്ങളിലേക്ക് എത്തിയതിന് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബത്തിലെ സുപ്രധാന പദവികള്‍ ഉപേക്ഷിച്ച് ആന്‍ഡ്രൂ രാജകുമാരന്‍. ഡ്യൂക്ക് ഓഫ് യോര്‍ക്ക് ഉള്‍പ്പെടെയുള്ള പദവികള്‍ ഉപേക്ഷിക്കുകയാണെന്ന് ആന്‍ഡ്രൂ രാജകുമാരന്‍ വെള്ളിയാഴ്ച വ്യക്തമാക്കി.


◾  ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് 2025 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ 991.94 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. തൊട്ടു മുന്‍വര്‍ഷം സമാനപാദത്തിലെ 1,096.25 കോടി രൂപയുമായി നോക്കുമ്പോള്‍ ലാഭം 9.51 ശതമാനം ഇടിഞ്ഞു. ബാങ്കിന്റെ പലിശ വരുമാനം 5.4 ശതമാനം ഉയര്‍ന്ന് 2,495 കോടി രൂപയായി. ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 1,644 കോടി രൂപയായി. തൊട്ട് മുന്‍ വര്‍ഷം സമാനപാദത്തില്‍ ഇത് 1,565 കോടി രൂപയായിരുന്നു. മൊത്തവരുമാനം 3.75 ശതമാനം വര്‍ധനയോടെ 7824.33 കോടി രൂപയിലെത്തി. ഫീ വരുമാനം 13 ശതമാനം വര്‍ധനവോടെ 885.54 കോടി രൂപയായി. ബാങ്കിന്റെ മൊത്തം ബിസിനസ് ഇക്കാലയളവില്‍ 5,33,576.64 കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 2,69,106.59 കോടി രൂപയില്‍ നിന്ന് 2,88,919.58 കോടി രൂപയായി വര്‍ധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 2,30,312.24 കോടി രൂപയില്‍ നിന്ന് 2,44,657.06 കോടി രൂപയായി വര്‍ധിച്ചു. 4532.01 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി.


◾  ഇന്ദ്രന്‍സ് വേറിട്ട വേഷപ്പകര്‍ച്ചയില്‍ എത്തിയ ചിത്രമാണ് 'സ്റ്റേഷന്‍ 5'. പ്രശാന്ത് കാനത്തൂരാണ് സംവിധാനം. തിയറ്റര്‍ റിലീസായി ഏറെ നാളുകള്‍ക്ക് ശേഷം ചിത്രം മനോരമമാക്സിലൂടെ ഒടിടിയിലും എത്തിയിരിക്കുകയാണ്. ചേവമ്പായി എന്ന കരുത്തുറ്റ കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണ്‍ ആണ്. പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേല്‍ എന്നിങ്ങനെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. കെ എസ് ചിത്ര, നഞ്ചമ്മ, വിനോദ് കോവൂര്‍, കീര്‍ത്തന ശബരീഷ്, ശ്രീഹരി എന്നിവരാണ് പാടിയത്.


◾  ത്രില്ലിംങ്ങ് മിസ്റ്ററി എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങുന്ന 'നിധിയും ഭൂതവും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൂ വീലര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തില്‍ പൊടുന്നനവെ സംഭവിക്കുന്ന നിഗൂഢതകളുടെയും അവിശ്വസനീയ സംഭവങ്ങളുടെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജന്‍ ജോസഫ്. നവംബര്‍ 14 ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഡീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. അനൂപ്, ധര്‍മ്മ, സതി എന്നീ ഉറ്റ ചങ്ങാതിമാരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അനീഷ് ജി മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ അശ്വല്‍ ലാല്‍, മുഹമ്മദ് റാഫി, നയ്റ നിഹാര്‍, വിഷ്ണു ഗോവിന്ദന്‍, വൈക്കം ഭാസി, പോള്‍സണ്‍, പ്രമോദ് വെളിയനാട്, ഗോകുലന്‍, രാധ ഗോമതി, രശ്മി അനില്‍ തുടങ്ങി 45 ഓളം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ചിത്രത്തില്‍ 2 ഗാനങ്ങളാണ് ഉള്ളത്. വിഷ്ണു എസ്. ശേഖര്‍ സംഗീതം നല്‍കി നിഷികാന്ത് രചിച്ച 'കല്യാണ കൊണ്ടാട്ടം', ജയ്സണ്‍ ജെ നായര്‍ ഈണമിട്ട് സന്തോഷ് വര്‍മ്മ വരികളെഴുതിയ 'എന്നൊരമ്മേ' എന്നാരംഭിക്കുന്ന ഗാനം എന്നിവയാണവ.


◾  മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്യുവിയായ ഫ്രോങ്ക്സ് ശക്തമായ വില്‍പ്പനയുമായി സെഗ്മെന്റില്‍ മുന്നില്‍ തുടരുന്നു. ടാറ്റ നെക്‌സോണിനും മാരുതി ബ്രെസയ്ക്കും പിന്നില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കാറാണിത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഈ എസ്യുവിയുടെ 76,805 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. അതായത് എല്ലാ മാസവും 12,800 ഉപഭോക്താക്കള്‍ ഈ എസ്യുവി വാങ്ങുന്നു. ഈ മാസം, കമ്പനി 88,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ടര്‍ബോ വേരിയന്റിന് 88,000 രൂപ വരെ വിലവരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഫ്രോങ്ക്‌സിന്റെ പുതിയ എക്‌സ്-ഷോറൂം വില 6,84,900 രൂപ ആണ്. 1.0 ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് മാരുതി ഫ്രോങ്ക്സിന് കരുത്ത് പകരുന്നത്. ഇതിനുപുറമെ, നൂതനമായ 1.2 ലിറ്റര്‍ കെ-സീരീസ്, ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനും ഇതിന് കരുത്ത് പകരുന്നു. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഈ എഞ്ചിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


◾  ഈ ഭൂമിയില്‍ താമസിക്കാന്‍ സാധിച്ചതിനുള്ള വാടകയാണ് മറ്റുള്ളവരോടു നാം ചെയ്യേണ്ട സഹായങ്ങളെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ആ സഹായം പണമാവാം, വസ്തുക്കളാവാം, സമയമാവാം. എന്നാലതു സ്വന്തം ആത്മാവു തന്നെയാവുമ്പോള്‍ ഡോ. ഭാനുമതിയെപ്പോലെയുള്ള മഹദ്ജന്മങ്ങളായതു മാറും. അവരെപ്പോലൊരു വ്യക്തിയെ ഈ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുകയും, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന വലിയ പ്രവൃത്തികളെക്കുറിച്ചും അതിലേക്കെത്താനായി അവര്‍ താണ്ടിയ കഠിനവഴികളെക്കുറിച്ചും നമുക്കു പറഞ്ഞുതരികയും ചെയ്യുന്നതിലൂടെ മറ്റൊരു ആത്മപ്രകാശനമാണ് സുമംഗല നടത്തുന്നത്. അമ്ഹ എന്ന പ്രസ്ഥാനത്തിന്റെ നെടുനായികയായ ഡോ. പി. ഭാനുമതിയുടെ ജീവിതകഥ. 'ഭാനുമതി അമ്ഹ'. കെ വി സുമംഗല. മാതൃഭൂമി ബുക്സ്. വില 247 രൂപ.


◾  ഒരു സ്ത്രീ ആര്‍ത്തവ വിരാമം എന്ന ഘട്ടത്തിലേക്ക് അടുക്കുന്തോറും ശരീരത്തിലെ ഹോര്‍മോണുകളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചു തുടങ്ങും. അത് ശാരീരികമായും മാനസികമായും ഏറെ ബാധിക്കാം. ഈ വലിയൊരു മാറ്റം കൈകാര്യം ചെയ്യുന്നതിന് സ്ത്രീകള്‍ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്ന് ഒഹായോയില്‍ നിന്നുള്ള ഫിസിക്കല്‍ തെറാപ്പിസ്റ്റ് ആയ ഡോ. വെന്‍ഡി ചോര്‍ണി ഓര്‍മിപ്പിക്കുന്നു. നാല്‍പതുകളിലേക്ക് ചുവടുവെയ്ക്കുന്ന എല്ലാ സ്ത്രീകളും ദിനചര്യകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ആര്‍ത്തവ വിരാമത്തിന് ശേഷം നിങ്ങളുടെ അസ്ഥികളും പേശികളും ദുര്‍ബലമാകാം. അതുകൊണ്ട് തന്നെ ഇന്ന് മുതല്‍ ഭാരം ഉയര്‍ത്തുക എന്നത് നിങ്ങളുടെ ജീവിത ദിനചര്യയുടെ ഭാഗമാക്കണം. ഇത് നിങ്ങളുടെ എല്ലുകളുടെയും പേശികളുടെയും ബലം വര്‍ധിപ്പിക്കും. ആര്‍ത്രൈറ്റിസ് വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് സന്ധികളുടെ ആരോഗ്യം നേരത്തെ മുതല്‍ പരിപാലിക്കേണ്ടതുണ്ട്. ആര്‍ത്തവ വിരാമം അടുത്ത സ്ത്രീകളും ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളും കുറഞ്ഞത് 10000-12000 ചുവടുകള്‍ നടക്കാന്‍ ശ്രമിക്കണം. ശരീരത്തിന് പോഷകാഹാരം നല്‍കുക എന്നതും വളരെ പ്രധാനമാണ്. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കൂടുതലും ഉള്‍പ്പെടുത്തുക. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റുകളും കഴിക്കാം. മാത്രമല്ല, ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. മാനസികസമ്മര്‍ദവും തിരക്കും വര്‍ധിച്ച ഇന്നത്തെ സാഹചര്യത്തില്‍ വിശ്രമത്തിന് പ്രാധാന്യം നല്‍കേണ്ടത് നിര്‍ണായകമാണ്. ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നതിന് കൃത്യമായ ഉറക്ക ദിനചര്യ പിന്തുടരേണ്ടത് പ്രധാനമാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക