കൊച്ചി: അപകടത്തിൽ അറ്റുപോയ വലതുകൈയുടെ തള്ളവിരലിന്റെ ഭാഗം സ്വർണം കൊണ്ടുണ്ടാക്കി. ആലപ്പുഴ പുന്നപ്ര സ്വദേശി ആഷർ ജി.
മുപ്പത്തടം സ്വദേശി കേശവദാസാണ് ആഷറിനു വേണ്ടി ഒരു പവൻ തൂക്കമുള്ള സ്വർണ്ണ വിരൽ ഉണ്ടാക്കിയത്.
കളമശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് 33 കാരനായ ആഷർ.
ആറുമാസം മുമ്പ് യന്ത്രത്തിൽ കുടുങ്ങിയ സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വലതുകൈയിലെ തള്ളവിരലിന്റെ നഖം ഉൾപ്പെടെ അറ്റുപോവുകയായിരുന്നു.
വിരൽ തുന്നി ചേർക്കാൻ കഴിഞ്ഞില്ല. സിലിക്കൺ വിരൽ വയ്ക്കാനായിരുന്നു ആദ്യം വിചാരിച്ചത്. പിന്നീടാണ് സ്വർണത്തെ കുറിച്ച് ചിന്തിച്ചതെന്നും ആഷർ പറഞ്ഞു.
കളമശേരിയിലുള്ള ഒരു സുഹൃത്ത് വഴിയാണ് സ്വർണപ്പണിക്കാരനായ മണപ്പുറം കേശവദാസിനെ സമീപിച്ചത്. സാധാരണ വിരൽ പോലെ ഉപയോഗിക്കാവുന്നതായിരിക്കണമെന്നായിരുന്നു ആവശ്യം.
അറ്റുപോയ ഭാഗത്തിന്റെ നീളവും, വണ്ണവും മറ്റും പലതവണ അളന്നു. ശേഷിക്കുന്ന ഭാഗത്ത് സ്വർണ്ണ വിരൽ ഉറപ്പിക്കുന്നതിനുള്ള സംവിധാനവും തയ്യാറാക്കി.
ഒരാഴ്ച കൊണ്ട് വിരൽ ഉണ്ടാക്കി. സ്വർണ്ണം പൂശിയ നഖം പോലെയാണ് നിർമ്മാണം. വിരലിന്റെ അറ്റവും സമാനമായി സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചത്.
വിരൽത്തുമ്പ് മോതിരത്തിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ അത് അബദ്ധവശാൽ ഊരിപോകില്ല.
വിരൽ വളയ്ക്കാനും കഴിയുമെന്ന് കേശവദാസ് പറഞ്ഞു. പനികൂലി ഉൾപ്പെടെ 50,000 രൂപ ചിലവായി. തിങ്കളാഴ്ചയാണ് സ്വർണ വിരൽ കൈമാറിയത്.
പല്ലുകൾ സ്വർണ്ണം കൊണ്ട് നിർമിച്ചിട്ടുണ്ടങ്കിലും വിരൽ ഉണ്ടാക്കുന്നത് ആദ്യമാണെന്ന് കേശവദാസ് പറഞ്ഞു. പരമ്പരാഗതമായി സ്വർണത്തിൽ പണിയെടുക്കുന്ന ഇദ്ദേഹത്തിന്റെ വർക്ക്ഷോപ്പ് മുപ്പത്തടം പഞ്ചായത്ത് കവലയിലാണ്. 60 കാരനായ കേശവദാസ് ഒരു ഗായകൻ കൂടിയാണ്.