Click to learn more 👇

കാടിനോട് പടവെട്ടി പഠിച്ച ആദിവാസി യുവാവിന് ഉന്തിയ പല്ല് വിനയായി; സര്‍ക്കാര്‍ ജോലിക്ക് അയോഗ്യത


പാലക്കാട്: പല്ല് പുറത്തേക്ക് തള്ളിയതിനെ തുടർന്ന് ആദിവാസി യുവാവിന് സർക്കാർ ജോലി നഷ്ടമായി. 

പുത്തൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണ് പല്ല് കാരണം ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോലി നഷ്ടമായത്.

എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസായെങ്കിലും ശാരീരികക്ഷമതാ പരീക്ഷയിൽ പല്ല് പുറത്തേക്ക് തള്ളിയതാണ് മുത്തുവിന് വിനയായത്.

ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്കുള്ള പിഎസ്‌സിയുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിൽ എഴുത്തുപരീക്ഷയും ശാരീരികക്ഷമതാ പരീക്ഷയും പാസായ ശേഷമാണ് മുത്തു അഭിമുഖത്തിന് പോയത്.  

ഇതിന് മുന്നോടിയായി ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.  


ചെറുപ്രായത്തിൽ തന്നെ വീഴ്ചയിൽ മുത്തുവിന്റെ പല്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. 18,000 രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയിലൂടെ പ്രശ്നം പരിഹരിക്കാമെന്നാണ് വിദഗ്ധാഭിപ്രായം.

മുക്കാലിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് മുത്തു താമസിക്കുന്ന ആനവായൂർ. ഊരിലെ കുറുമ്പർ വിഭാഗം പൂർണമായും കാടുകയറിയ സമൂഹമാണ്.  ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും കാരണം പല്ല് ചികിൽസിച്ച് നേരെയാക്കാൻ കഴിയാതിരുന്നത് എന്ന് മുത്തുവിന്റെ മാതാപിതാക്കൾ പറഞ്ഞു.

ചില തസ്തികകളിലേക്കുള്ള യോഗ്യതയും അയോഗ്യതയും സ്പെഷല്‍ റൂളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പിഎസ്‌സി അറിയിച്ചു.  

ഇത് കണ്ടെത്തിയാൽ, സ്ഥാനാർത്ഥി അയോഗ്യനാകും. ഉന്തിയ പല്ല്, കോമ്ബല്ല് (മുന്‍പല്ല്) എന്നിവ അയോഗ്യതയ്ക്കുള്ള  ഘടകങ്ങളാണെന്നും പിഎസ്‌സി അധികൃതർ വ്യക്തമാക്കി.