തിരുവനന്തപുരം: ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർഥാടനത്തിലൂടെ 351 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എസ്.അനന്തഗോപൻ അറിയിച്ചു.
നാണയങ്ങൾ എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തല്‍. തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പരാതി ഉയർന്നിരുന്നു. 70 ദിവസമായി ജീവനക്കാർ ജോലി ചെയ്യുന്നു. ബാക്കിയുള്ള നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണും.
അരവണ പായസത്തിന് ഉപയോഗിക്കുന്ന ഏലക്കായുടെ ഗുണമേന്മ സംബന്ധിച്ച് ആക്ഷേപം ഉയർന്നാൽ ഭാവിയിൽ ഏലക്കയുടെ ഉപയോഗം ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. പമ്പയിലെ ലാബിലാണ് എല്ലാം പരിശോധിക്കുന്നത്. ലൈസൻസ് എടുക്കാൻ നിർദേശം വന്നാൽ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.