Click to learn more 👇

പ്രവാസി മലയാളിയോട് കൈക്കൂലിയായി 20000 രൂപയും കുപ്പിയും വാങ്ങിയ അസിസ്റ്റന്‍റ് എഞ്ചിനിയര്‍ വിജിലന്‍സ് പിടിയില്‍


 

കോട്ടയം: പ്രവാസി മലയാളിയിൽ നിന്ന് 20000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് പിടികൂടി.

മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ അജിത് കുമാർ ഇ.ടി.യെയാണ് വിജിലൻസ് പിടികൂടിയത്.  ഒരു പ്രോജക്റ്റിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലിയായി 20000 രൂപയും ഒരു കുപ്പി സ്കോച്ചും വാങ്ങുകയായിരുന്നു.

2020 മുതൽ പരാതിക്കാരനായ വിദേശ മലയാളി 14 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ അംഗീകാരത്തിനായി മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും പലതവണ കണ്ടെങ്കിലും ഫലമുണ്ടായില്ല.  ഒടുവിൽ 23ന് അസിസ്റ്റന്റ് എൻജിനീയറായ അജിത്കുമാർ എന്ന ഉദ്യോഗസ്ഥനെ കണ്ട് വിവരം പറഞ്ഞു.  എന്നാൽ തനിക്കൊന്നും അറിയില്ലെന്ന് അജിത്ത് പറഞ്ഞപ്പോൾ 5000 രൂപ കൈക്കൂലിയായി നൽകി.

പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം ഇത് പോരാ എന്ന് പറഞ്ഞ അജിത് കുമാർ 20000 രൂപയും ഒരു കുപ്പി സ്‌കോച്ചും ആവശ്യപ്പെട്ടു.  ഈ വിവരം പ്രവാസി മലയാളി വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം അജിത് കുമാറിന്റെ ഓഫീസിലെത്തി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഫിനോഫ്താൽ പുരട്ടിയ നോട്ടുകൾ കൈമാറി. ഈ സമയം ഓഫീസിന് പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘം ഉടൻ തന്നെ അകത്ത് കയറി അജിത്കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.