2021 ഓഗസ്റ്റിലാണ് സംഭവം നടന്നത്. യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചെങ്കിലും ആദ്യം അത് സ്വീകരിച്ചില്ല. പിന്നീട് സ്ഥിരമായി ചാറ്റ് ചെയ്ത് പ്രതി യുവതിയെ വശീകരിച്ചു.
യുവതിയെ കാണാനാണ് വരുന്നതെന്നും അതിന് മുമ്പ് വിലപ്പെട്ട ഒരു സമ്മാനം അയച്ചിട്ടുണ്ടെന്നും ഇയാൾ അവരെ വിശ്വസിപ്പിച്ചു.
കസ്റ്റംസിന്റെ കൈയിൽ നിന്ന് നേരിട്ട് വാങ്ങണമെന്നും അതിന് പണം നൽകണമെന്നും പ്രതി യുവതിയോട് പറഞ്ഞു.
ആദ്യം യുവതി ഒന്നു മടിച്ചെങ്കിലും കോടികൾ വിലമതിക്കുന്ന സമ്മാനമാണെന്ന് പറഞ്ഞതോടെ അതിൽ വീണു.
8.5 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. രണ്ട് അക്കൗണ്ടുകളിലേക്ക് നാല് ഗഡുക്കളായി 8,55,500 രൂപ യുവതി അയച്ചു. പിന്നീട് പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതോടെയാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി.
ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, സബ് ഇൻസ്പെക്ടർ ജഗ് മോഹൻ ദത്ത, എസ്.സി.പി.ഒ.മാരായ കാജാഹുസൈൻ, നിഷാദ്, മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് മുംബൈയിലെത്തി പ്രതിയെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.