Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/11/2025)


 

2025 | നവംബർ 12 | ബുധൻ | തുലാം 26 | 


◾  ഡല്‍ഹി സ്ഫോടനം അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം ആസൂത്രിത ആക്രമണം അല്ലെന്നും പരിഭ്രാന്തിയില്‍ നടന്ന സ്‌ഫോടനമാണെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പദ്ധതിയിട്ടത് ഉഗ്രസ്‌ഫോടനത്തിനാണെന്നും എന്നാല്‍ പൊട്ടിത്തെറിച്ചത് നിര്‍മാണം പൂര്‍ത്തിയാക്കാത്ത ബോംബാണെന്നും അതിനാല്‍ സ്‌ഫോടനത്തിന്റെ തീവ്രത കുറഞ്ഞുവെന്നും ചാവേറിന്റെ രീതി പിന്തുടര്‍ന്നില്ല എന്നുമാണ് നിഗമനം. സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ഐ20 കാര്‍ ഓടിച്ചിരുന്ന ഡോ. ഉമറിന്റെ കൂട്ടാളികളില്‍നിന്ന് 2900 കിലോ സ്ഫോടകവസ്തുക്കള്‍ പിടികൂടിയതറിഞ്ഞ ഉമര്‍ പരിഭ്രാന്തനായെന്നും ഇതേത്തുടര്‍ന്ന് നേരത്തേ സൂക്ഷിച്ചുവെച്ച സ്ഫോടകവസ്തുക്കള്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടാകുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്ന് കാറില്‍ സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.



◾  ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിന് നിര്‍ദേശം നല്‍കിയത് ജയ്ഷെ മുഹമ്മദ് ആണെന്ന് സൂചന. ദില്ലിയിലെ പ്രധാന സ്ഥലത്ത് സ്ഫോടനം നടത്തണമെന്ന നിര്‍ദേശം ജയ്ഷെ മുഹമ്മദില്‍ നിന്നും ഈ സംഘത്തിന് കിട്ടിയിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന. സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതില്‍ നിന്നുമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്.


◾  ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തില്‍ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കും. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കും. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നവയില്‍ ചിലത് മൃതദേഹ ഭാഗങ്ങള്‍ മാത്രമാണ്. ഇവ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന അടക്കം നടത്തേണ്ടി വരും.


◾  കഴിഞ്ഞ ദിവസം ഫരീദാബാദില്‍ ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗവുമായി ബന്ധമുണ്ടെന്ന് ദില്ലി പൊലീസ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനുള്ള ചുമതല ഇവര്‍ക്ക് നല്‍കിയിരുന്നതായി ദില്ലി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


◾  ശബരിമല സ്വര്‍ണപ്പാളി കേസില്‍ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസു റിമാന്‍ഡില്‍. കേസിലെ മൂന്നാം പ്രതിയായ വാസുവിനെ പോലിസ് അറസ്റ്റ് ചെയ്ത് പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി നവംബര്‍ 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


◾  മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിലായതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രിയെയും നിലവിലെ ദേവസ്വം മന്ത്രിയെയും പ്രതികളാക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.


◾  ശബരിമല സന്നിധാനത്തെ പുതിയ പൊലീസ് കണ്‍ട്രോളറുടെ നിയമനത്തില്‍ ഉദ്യോഗസ്ഥനെപ്പറ്റിയുള്ള സമഗ്രമായ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. ഉദ്യോഗസ്ഥന്റെ സര്‍വീസ് കാലയളവിലെ മികവ്, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങള്‍ അടങ്ങിയതായിരിക്കണം റിപ്പോര്‍ട്ട്. പുതിയതായി നിയമിച്ച ആര്‍ കൃഷ്ണകുമാറിന്റെ വിവരങ്ങളാണ് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടത്.



◾  കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ മൂന്നാം ഭരണത്തിലേക്കുള്ള കാല്‍വെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വളരെ വ്യക്തമായ കാഴ്ചപ്പാടോട് കൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിക്കും എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.


◾  കൊച്ചി കോര്‍പറേഷനിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. യുവത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇത്തവണ യുഡിഎഫ് മത്സര രംഗത്തേക്കിറങ്ങുന്നത്. നാല്പത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇന്നലെ യുഡിഎഫ് പ്രസിദ്ധീകരിച്ചത്. മൂന്ന് ജനറല്‍ സീറ്റുകളിലടക്കം 22 ഡിവിഷനുകളില്‍ സ്ത്രീകളെയാണ് യുഡിഎഫ് മത്സരത്തിനിറക്കുന്നത്.


◾  തന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് ഇടയാക്കിയ വാര്‍ത്ത ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ഇ.പി.ജയരാജന്‍. തെറ്റുപറ്റിയെന്ന് പ്രസാധകര്‍തന്നെ പറഞ്ഞു. സംഭവത്തിന് കാരണക്കാരനായ വ്യക്തിയെ ഓഫീസില്‍നിന്ന് പുറത്താക്കിയതായും പ്രസാധകര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തുടര്‍നടപടിക്ക് പോകുന്നില്ലെന്നും ഇ.പി. പറഞ്ഞു.


◾  വിവരാവകാശ അപേക്ഷകളില്‍ രേഖകളുടെ പകര്‍പ്പ് ലഭിക്കുന്നതിന് ഫീസ് അടക്കാന്‍ വ്യക്തമായ അറിയിപ്പ് നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കില്‍ രേഖകള്‍ സൗജന്യമായി നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടികെ രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾  പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം. സ്‌കൂളിലെ ഓഫീസ് മുറികളുടെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഹെഡ്മാസ്റ്ററുടെ മുറിയുടെയും സ്റ്റാഫ് റൂമിന്റെയും വാതിലുകളാണ് തകര്‍ത്തത്. ഹെഡ്മാസ്റ്ററുടെ മുറിയില്‍ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 3600 രൂപ മോഷ്ടാവ് കവര്‍ന്നു. സ്‌കൂള്‍ ബസ്സുകള്‍ക്ക് ഡീസല്‍ അടിക്കുന്നതിനുവേണ്ടി സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.


◾  തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായ ആക്രമണത്തില്‍ മാനുകള്‍ ചത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി എകെ ശശീന്ദ്രന്‍. അന്വേഷണത്തിന് വനംമന്ത്രി സമിതി രൂപീകരിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, വനം വിജിലന്‍സ് വിഭാഗം സിസിഎഫ് ജോര്‍ജി പി മാത്തച്ചന്‍, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരാണ് അംഗങ്ങള്‍.


◾  കണ്ണൂര്‍ കോര്‍പ്പറേഷന്‍ സീറ്റ് വിഭജനത്തില്‍ ലീഗ് - കോണ്‍ഗ്രസ് തര്‍ക്കം. വാരം ഡിവിഷന്‍ വാഗ്ദാനം ചെയ്തുള്ള മുന്‍ ഡിസിസി അധ്യക്ഷന്റെ കത്ത് പുറത്ത് വിട്ട ലീഗ് അധിക സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ കടുംപിടുത്തം തുടര്‍ന്നതോടെ സീറ്റ് വിഭജനം പൂര്‍ത്തിയായില്ല. മുന്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ കയ്യൊപ്പോട് കൂടിയ കത്താണ് ലീഗ് നേതൃത്വം പുറത്തുവിട്ടത്. വാരം ഡിവിഷന്‍ നല്‍കുമ്പോള്‍ തത്തുല്യമായ സീറ്റ് പകരം തരണമെന്ന് കത്തില്‍ ഉണ്ടെന്ന് കോണ്‍ഗ്രസും പറയുന്നു.



◾  കോഴിക്കോട് കോര്‍പറേഷനിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 45 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. കാരപ്പറമ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയാകും. രണ്ട് വട്ടം കൗണ്‍സിലറായ നവ്യ വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്കയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയായിരുന്നു.


◾  കൊല്ലം കോര്‍പ്പറേഷനില്‍ എന്‍ഡിഎ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 21 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്.ഡിന്നി വടക്കേവിളയില്‍ മത്സരിക്കും. രണ്ട് ദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.


◾  തൃശൂരിലെ മുന്‍ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എന്‍ പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടേയും ലക്ഷദ്വീപിന്റെയും ചുമതലയാണ് ഇദ്ദേഹത്തിനുണ്ടാകുക,


◾  നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണയുടേയും വസതികള്‍ക്ക് വ്യാജബോംബ് ഭീഷണി. തമിഴ്‌നാട് ഡിജിപി ഓഫീസിലാണ് സന്ദേശം ലഭിച്ചത്. നടനും രാഷ്ട്രീയനേതാവുമായ എസ്.വി. ശേഖറിന്റെ വീടിനുനേരേയും ഭീഷണി സന്ദേശം ലഭിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവിലാണ് ഭീഷണിവ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.


◾  ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ 66.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 1951 ന് ശേഷം സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിംഗ് ആണ് ഇതെന്ന് ഔദ്യോഗികമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മിഥില, കോസി ബെല്‍റ്റ്, പടിഞ്ഞാറന്‍ ബീഹാര്‍, മഗധ്, അംഗിക, സീമാഞ്ചല്‍ മേഖലകള്‍ ഉള്‍പ്പെടെ ബീഹാറിലെ 122 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്  നടന്നത്. നവംബര്‍ 6 ന് 18 ജില്ലകളിലായി 121 മണ്ഡലങ്ങളില്‍ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 64.66% ത്തില്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും.


◾  ബിഹാറില്‍ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയ്ക്ക് അധികാരത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് ബീഹാറില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.


◾  ഡല്‍ഹി സ്‌ഫോടനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി തിരഞ്ഞെടുപ്പ് തിരക്കുകളിലാണെന്നും അദ്ദേഹം ആരോപിച്ചു.



◾  ചെങ്കോട്ട സ്ഫോടനം പാകിസ്ഥാനിലെ പ്രമുഖ ദിനപ്പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും റിപ്പോര്‍ട്ട് ചെയ്തത് വലിയ പ്രാധാന്യത്തോടെ. ഇന്ത്യയിലെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് സ്ഫോടനം അന്വേഷിക്കുന്നതെന്ന് പാകിസ്ഥാനിലെ പ്രമുഖ ദിനപത്രങ്ങളായ ഡോണ്‍, ജിയോ ന്യൂസ്, ദി എക്സ്പ്രസ് ട്രിബ്യൂണ്‍, ദി ന്യൂസ് ഇന്റര്‍നാഷണല്‍, പാകിസ്ഥാന്‍ ടുഡേ എന്നിവ റിപ്പോര്‍ട്ട് ചെയ്തു.


◾  പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്ഫോടനം. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും കോടതിയില്‍ വാദം കേള്‍ക്കാന്‍ എത്തിയവരാണ്.


◾  പാകിസ്ഥാനില്‍ നടന്ന ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇസ്ലാമാബാദ് കോടതിക്ക് സമീപം 12 പേര്‍ കൊല്ലപ്പെട്ട ചാവേറാക്രമണത്തിനും, അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള വാനയിലെ കേഡറ്റ് കോളേജില്‍ നടന്ന ആക്രമണത്തിനും പിന്നില്‍ ഇന്ത്യയുടെ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാകിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 'സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ടെററിസത്തിന്റെ' തുടര്‍ച്ചയാണ് ഈ ആക്രമണങ്ങള്‍ എന്ന് ഷെഹബാസ് ഷെരീഫ് ആരോപിച്ചു.


◾  ഇസ്ലാമാബാദിലെ സ്‌ഫോടനത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി കൊണ്ടുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ. ഇത് ആ രാജ്യത്തെ 'വിഭ്രാന്തിയിലായ' നേതൃത്വം വ്യാജമായ കഥകള്‍ മെനയാന്‍ ഉപയോഗിക്കുന്ന തന്ത്രമാണെന്നും ഇന്ത്യ പറഞ്ഞു.


◾  തുര്‍ക്കിയുടെ സൈനിക ചരക്കുവിമാനം ജോര്‍ജിയ-അസര്‍ബെയ്ജാന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തില്‍ 20 സൈനികരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അസര്‍ബെയ്ജാനില്‍നിന്ന് തുര്‍ക്കിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.


◾  പ്രമുഖ വ്യവസായി എം.എ യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു റീറ്റെയ്ല്‍ നടപ്പു വര്‍ഷത്തെ മൂന്നാം പാദത്തില്‍ 3.6 കോടി ഡോളറിന്റെ (ഏകദേശം 319 കോടി രൂപ) ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷം സമാനപാദത്തേക്കാള്‍ 2.4 ശതമാനമാണ് വര്‍ധന. ഇക്കാലയളവില്‍ വരുമാനം രണ്ട് ശതമാനം ഉയര്‍ന്ന് 189 കോടി ഡോളറിലെത്തി (ഏകദേശം 16,778 കോടി രൂപ). മൂന്ന് സാമ്പത്തിക പാദങ്ങളിലുമായി 7.5 ശതമാനം ലാഭവര്‍ധനയോടെ 1,447 കോടി രൂപയുടെ (163 മില്യണ്‍ ഡോളര്‍) ലാഭം നേടി. ഇക്കഴിഞ്ഞ 9 മാസത്തിനിടെ 53,220 കോടി രൂപയുടെ (6 ബില്യണ്‍ ഡോളര്‍) വരുമാനമാണ് നേടിയത്. എബിറ്റ്ഡ മാര്‍ജിന്‍ 5,301 കോടി രൂപയായി (598 മില്യണ്‍ ഡോളര്‍) ഉയര്‍ന്നു. മൂന്നാം പാദത്തില്‍ 33.6 ശതമാനം അധികവളര്‍ച്ച ലുലു ഇ കൊമേഴ്‌സിനുണ്ട്. പ്രൈവറ്റ് ലേബല്‍ പ്രൊഡക്ട്‌സിനും 6.2 ശതമാനത്തിന്റെ മികച്ച വളര്‍ച്ചാനിരക്കാണ് ഉള്ളത്. മൂന്നാം പാദത്തില്‍ മാത്രം നാലായിരം കോടി രൂപയുടെ (449 മില്യണ്‍ ഡോളര്‍) മൊത്ത വരുമാന വര്‍ധന ലഭിച്ചു.


◾  മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച 'കളങ്കാവല്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 'നിലാ കായും' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നല്‍കിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെല്‍സണ്‍. അന്ന റാഫിയാണ് ഈ ലിറിക്കല്‍ വീഡിയോ ഒരുക്കിയത്. നവംബര്‍ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.


◾  അര്‍ജുന്‍ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഖജുരാവോ ഡ്രീംസ്' റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്. ചിത്രം ഡിസംബര്‍ 5ന് തിയേറ്ററുകളിലെത്തും. യൂത്തിനെ ഏറെ ആകര്‍ഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായി എത്തുന്നതാണ് ചിത്രമെന്നാണ് സൂചന. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിര്‍മ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. പുരാതന ചുവര്‍ ചിത്രങ്ങള്‍ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാവോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടര്‍ന്നുള്ള ആകസ്മികമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. ധ്രുവന്‍, അതിഥി രവി, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജോണി ആന്റണി, സോഹന്‍ സീനുലാല്‍: സാദിഖ്, വര്‍ഷാ വിശ്വനാഥ്, നേഹാ സക്സേനാ, നസീര്‍ ഖാന്‍, അശോക് എന്നിവരും ചിത്രത്തിലുണ്ട്.



◾  ഇന്ത്യന്‍ ക്രിക്കറ്റ് താരം അര്‍ഷ്ദീപ് സിങിന്റെ യാത്രകള്‍ക്ക് ഇനി മെഴ്‌സിഡീസ് ബെന്‍സ് ജി63 എഎംജി എന്ന കരുത്തന്റെ കൂട്ട്. ഏകദേശം 4.5 കോടി രൂപയാണ് ഈ വാഹനത്തിനു വില. ഒബ്‌സിഡിയന്‍ ബ്ലാക്ക് എന്ന നിറമാണ് ജി വാഗണായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. റെഡ് ലെതര്‍ ഫിനിഷാണ് അകത്തളങ്ങളില്‍. ബെന്‍സ് നിരയിലെ ഏറ്റവും കരുത്തന്‍ എസ്യുവിയാണ് ജി വാഗണിന്റെ പെര്‍ഫോമന്‍സ് പതിപ്പ് ജി 63 എഎംജി. ഇതാണ് അര്‍ഷ്ദീപ് സിങ് സ്വന്തമാക്കിയിരിക്കുന്നത്. നാലു ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ട്വിന്‍ ടര്‍ബോ ഉപയോഗിക്കുന്ന എന്‍ജിന് 585 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 4.2 സെക്കന്റുകള്‍ മാത്രം മതി. ഉയര്‍ന്ന വേഗം 220 കിലോമീറ്ററാണ്. നേരത്തെ അര്‍ഷ്ദീപ് ടാറ്റ കര്‍വ് കൂപ്പെ എസ് യു വി അമ്മയ്ക്ക് സമ്മാനമായി നല്‍കിയിരുന്നു. കൂടാതെ ടൊയോട്ട ലെക്സസും ഇന്ത്യന്‍ ക്രിക്കറ്ററുടെ ഗാരിജിലുണ്ട്.


◾  ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികളുടെ ആര്‍ബിട്രേറ്ററായ അമിത് എന്ന ചെറുപ്പക്കാരന്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു ദിവസം പോലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ കിടക്കാന്‍ ആഗ്രഹിക്കുന്ന വളരെ ലളിതവും കൗതുകകരവും മന്ദഗതിയിലുമായ തുടക്കത്തില്‍നിന്നും അയാള്‍ ലോക്കപ്പിലെത്തിയ രാത്രിയോടെ അപ്രവചനീയവും അവിശ്വസനീയവുമായ വഴികളിലേക്ക് ഗതിമാറിയൊഴുകാന്‍ തുടങ്ങുന്ന രചന. ഓരോ വാക്കിലും വരിയിലും മനുഷ്യജീവിതമപ്പാടെ അള്ളിപ്പിടിച്ചിരിക്കുന്ന അധികാരത്തിന്റെ നീരാളിക്കൈസ്പര്‍ശം അനുഭവിപ്പിക്കുന്നു. വി. ഷിനിലാലിന്റെ ഏറ്റവും പുതിയ നോവല്‍. 'ലോക്കപ്പ്'. മാതൃഭൂമി. വില 178 രൂപ.


◾  പല്ലുകളെ ആവരണം ചെയ്തിട്ടുള്ള ഇനാമല്‍ ഒരിക്കല്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അത് പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ഇപ്പോഴിതാ, ഇനാമലിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിയുന്ന ഗ്ലിസറോള്‍-സ്റ്റബിലൈസ്ഡ് കാല്‍സ്യം ഫോസ്ഫേറ്റ് ജെല്‍ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ഈ പഠനം ദന്തചികിത്സാരംഗത്ത് വലിയ മുന്നേറ്റമായി വിദഗ്ധര്‍ കാണക്കാക്കുന്നു. ഭാവിയില്‍ കാവിറ്റികള്‍ അടയ്ക്കുന്നതിനുപകരം, സ്വാഭാവിക ഇനാമല്‍ പുനരുജ്ജീവിപ്പിക്കുന്നതിലേക്കാണ് ദന്തക്ഷയ ചികിത്സാരീതി മാറാനുള്ള സാധ്യതയാണ് ഈ പഠനം മുന്നോട്ട് വയ്ക്കുന്നത്. ബയോമിമിക്രിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്ലിസറോള്‍-സ്റ്റബിലൈസ്ഡ് കാല്‍സ്യം ഫോസ്ഫേറ്റ് ജെല്‍. ഗ്ലിസറോള്‍ ഉപയോഗിച്ച് സ്ഥിരപ്പെടുത്തിയ കാല്‍സ്യം ഫോസ്ഫേറ്റ് ജെല്‍ നിര്‍മിച്ചുകൊണ്ട് ശാസ്ത്രജ്ഞര്‍ ഈ പ്രശ്നം പരിഹരിച്ചുവെന്നാണ് പഠനത്തില്‍ പറയുന്നത്. കേടുപാടുകള്‍ സംഭവിച്ച പല്ലിന്റെ പ്രതലത്തില്‍ ഈ ജെല്‍ പുരട്ടുന്നതോടെ അത് അതില്‍ ശക്തമായി പറ്റിപ്പിടിക്കുകയും വേഗത്തില്‍ ഒരു സംരക്ഷണ പാളി രൂപപ്പെടുത്തുകയും ചെയ്യുന്നു. പരിശോധനകളില്‍ നിന്ന്, ഈ ജെല്‍ ഇനാമലിന്റെ തേയ്മാനം പരിഹരിക്കുന്നതായി കണ്ടെത്തി. കൂടാതെ, പുതുതായി രൂപപ്പെട്ട പാളിക്ക് സ്വാഭാവിക ഇനാമലിന് സമാനമായ കരുത്തും ആസിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക