എന്നാൽ ആളുകൾക്ക് വാട്ട്‌സ്ആപ്പ് സേവനം ഉപയോഗിക്കാൻ കഴിയാത്ത ചില രാജ്യങ്ങളുണ്ട്. യുഎഇ, ചൈന, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ആളുകൾക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. പലയിടത്തും ഇന്റർനെറ്റ് നിരോധനം മൂലം ആളുകൾക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയാത്തതായും റിപ്പോർട്ടുകളുണ്ട്.
ഇതിന് പരിഹാരമായാണ് വാട്ട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പ്രോക്‌സി സെർവർ പിന്തുണയോടെ വാട്‌സ്ആപ്പ് സേവനം ലഭ്യമാക്കുന്നതിനുള്ള ഫീച്ചർ അവതരിപ്പിച്ചു. നിരോധനമുൾപ്പെടെയുള്ള കാരണങ്ങളാൽ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയാത്തവർക്ക് പ്രോക്‌സി സെർവർ സപ്പോർട്ട് ഉപയോഗിച്ച് വാട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
സന്നദ്ധ സംഘടനകളും മറ്റും സ്ഥാപിച്ച പ്രോക്‌സി സെർവറുകൾ പ്രയോജനപ്പെടുത്തി വാട്‌സ്ആപ്പ് ഉപയോഗിക്കാവുന്ന രീതിയിലാണ് സംവിധാനം. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സേവനം നൽകുന്നത്.
നെറ്റ്‌വർക്ക് കണക്ഷനായി ഉപയോഗിക്കുന്ന വെർച്വൽ പോയിന്റായ ഒരു പോർട്ട് ഉപയോഗിച്ചാണ് വാട്ട്‌സ്ആപ്പ് പ്രോക്‌സി സൃഷ്‌ടിച്ചത്. ഇത് സെർവറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 80,443, 5222 എന്നീ പോർട്ടുകൾ ഉപയോഗിക്കുന്നു. സെർവറിന്റെ IP മേല്‍വിലാസത്തിലേക്ക് നയിക്കുന്ന ഡൊമെയ്ന്‍ നെയിമും ഇതിന് ആവശ്യമാണ്.
വാട്ട്‌സ്ആപ്പിന്റെ പുതിയ പതിപ്പിൽ മാത്രമേ പ്രോക്‌സി ഫീച്ചർ ലഭ്യമാകൂ. വാട്ട്‌സ്ആപ്പിന്റെ സെറ്റിംഗ്‌സിൽ പ്രവേശിച്ച് പ്രോക്‌സി ഉപയോഗിക്കണം. സെറ്റിങ്ങ്‌സിലെ സ്റ്റോറേജ് ആന്റ് ഡേറ്റയില്‍ ക്ലിക്ക് ചെയ്ത ശേഷം താഴേക്ക് സ്ക്രോൾ ചെയ്‌താൽ നിങ്ങൾക്ക് പ്രോക്‌സി ഫീച്ചര്‍ കാണാൻ കഴിയും. പ്രോക്സി സെറ്റ് ചെയ്യണം. പ്രോക്സി അഡ്രസ് നൽകി പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. സേവ് അമർത്തി കണക്ഷൻ ലഭ്യമായാൽ വാട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.