തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഗോതമ്പിന് പകരക്കാരനെ പരീക്ഷിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്.
ഗോതമ്പിന് പകരം പോഷകസമൃദ്ധമായ ഭക്ഷ്യധാന്യമായ റാഗി വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി കർണാടകയിലെ എഫ്‌സിഐ ഗോഡൗണിൽ നിന്ന് മികച്ച ഭക്ഷ്യ ഗുണനിലവാരം ഉറപ്പാക്കിയ റാഗി നേരിട്ട് എത്തിക്കും. ഒരു കിലോയുടെ പാക്കറ്റുകളിലാക്കി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു.
ഗുണനിലവാരം ഉറപ്പാക്കിയ 687 മെട്രിക് ടൺ റാഗി പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്ത് എത്തിക്കും. ആദ്യഘട്ടത്തിൽ ഒരു പഞ്ചായത്തിലെ റേഷൻ കട വഴിയാണ് റാഗി വിതരണം ചെയ്യുക. കാലങ്ങളായി ഗോതമ്പ് ഭക്ഷ്യധാന്യമായി ഉപയോഗിക്കുന്ന സംസ്ഥാനത്തെ ജനങ്ങൾ സ്വീകരിക്കുമോയെന്ന് പരിശോധിച്ച ശേഷമായിരിക്കും റാഗി വ്യാപകമായി വിതരണം ചെയ്യുക. തുടർന്ന് ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലൽ കൂടുതൽ റേഷന് കടകളിലേക് വിതരണം വ്യാപിപ്പിക്കാനാണ് നീക്കം. സംസ്ഥാനത്ത് ഗോതമ്പ് വിതരണം ചെയ്യുന്ന അതേ നിരക്കിൽ റാഗിയും ലഭ്യമാക്കും.