ഡൽഹി: അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് യുവാവ് നാല് മാസത്തോളം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചു.
ഒടുവിൽ 23 ലക്ഷം രൂപ വാടക നൽകാതെ യുവാവ് ഹോട്ടലിൽ നിന്ന് മുങ്ങി. ലീല പാലസ് ഹോട്ടൽ മാനേജ്‌മെന്റിന്റെ പരാതിയിൽ വഞ്ചന, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട മുഹമ്മദ് ഷെരീഫിനെ ഡൽഹി പോലീസ് തിരയുകയാണ്.
ഓഗസ്റ്റ് ഒന്നിന് ലീല പാലസിലെത്തിയ ഷരീഫ് നവംബർ 20ന് അപ്രത്യക്ഷനായി.മുറിയിൽ നിന്ന് വെള്ളി പാത്രങ്ങളും പേൾ ട്രേയും ഉൾപ്പെടെ നിരവധി സാധനങ്ങൾ മോഷ്ടിച്ചതായി ഹോട്ടൽ ജീവനക്കാർ ആരോപിച്ചു.
താൻ യുഎഇയിൽ താമസിക്കുന്നയാളാണെന്നും അബുദാബി രാജകുടുംബത്തിലെ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അടുത്ത ബന്ധമുണ്ടെന്നും ഷെരീഫ് ജീവനക്കാരോട് പറഞ്ഞു.
ബിസിനസ്സ് ആവശ്യത്തിനായാണ് താൻ ഇന്ത്യയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ബിസിനസ് കാർഡ്, യുഎഇ റസിഡന്റ് കാർഡ്, മറ്റ് രേഖകൾ എന്നിവയും തെളിവായി കാണിച്ചിരുന്നു. യുഎഇയിലെ ജീവിതത്തെക്കുറിച്ച് ജീവനക്കാരോട് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നതിനാൽ പറയുന്നത് അവർ വിശ്വസിച്ചു.
ഷെരീഫ് കാണിച്ച രേഖകൾ വ്യാജമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
നാലു മാസത്തെ താമസത്തിനുള്ള മുറികൾക്കും സേവനങ്ങൾക്കുമായി ഉള്ള ബിൽ 35 ലക്ഷം രൂപയാണ്. 11.5 ലക്ഷം രൂപ അടച്ച ശേഷം ബാക്കി തുക നൽകാതെ പ്രതി മുങ്ങുകയായിരുന്നു. നവംബർ 20ന് ജീവനക്കാർക്ക് 20 ലക്ഷം രൂപയുടെ ചെക്കും ഇയാൾ നൽകിയിരുന്നു. പ്രതിയെ തിരിച്ചറിയാൻ പോലീസ് സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്.