പൂനെ: ഈ വർഷത്തെ ആദ്യ പരമ്പര വിജയം തേടി ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരം വൈകിട്ട് പൂനെയിൽ നടക്കും.
6.30നാണ് ടോസ്. മുംബൈയിലെ വാങ്കഡെയിൽ നടന്ന ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ട് റൺസിന്റെ ത്രസിപ്പിക്കുന്ന ജയം നേടി.
രണ്ടാം വിജയം നേടി പരമ്പരയിൽ തോൽവിയറിയാതെ മുന്നേറാനാണ് ഇന്ത്യയുടെ ശ്രമം.
മുംബൈയിലേത് പോലെ തന്നെ ബാറ്റിംഗിന് സഹായകമാണ് പൂനെയിലെ പിച്ച്. അതിനാൽ, രാത്രിയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ റൺ പിന്തുടരാൻ വലിയ വെല്ലുവിളി നേരിടേണ്ടിവരില്ല. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത.
കഴിഞ്ഞ മത്സരത്തിൽ ഫീൽഡിങ്ങിനിടെ പരിക്കേറ്റ സഞ്ജു സാംസൺ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറി. പകരം പുതുമുഖ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ടീമിലെത്തി.
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. എന്നാൽ ഇന്നത്തെ കളിയിൽ ജിതേഷ് പ്ലെയിംഗ് ഇലവനിൽ ഉണ്ടാകാൻ സാധ്യതയില്ല.
സഞ്ജുവിന് പകരം രാഹുൽ ത്രിപാഠി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ നിരവധി വൈറ്റ് ബോൾ പരമ്പരകളിൽ ത്രിപാഠി ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.