Click to learn more 👇

തകരാറ് ഇടതുകാലിന്, ശസ്ത്രക്രിയ ചെയ്തത് വലതുകാലില്‍; 60-കാരിയുടെ ചികിത്സയില്‍ ഗുരുതര അനാസ്ഥയെന്ന് പരാതി


കോഴിക്കോട്: ഇടതുകാൽ തകരാറിലായതിനെ തുടർന്ന് ചികിത്സ തേടിയ യുവതിയുടെ വലതുകാലിന് ശസ്ത്രക്രിയ. കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് സംഭവം.

കോഴിക്കോട് കക്കോടി സ്വദേശി സജ്ന(60)യ്ക്കാണ് ഗുരുതര അവഗണന. എട്ട് മാസത്തോളമായി സജ്‌നയെ ചികിത്സിച്ച ഡോക്ടർക്കാണ് അബദ്ധം പറ്റിയത്.

വാതിലിനുള്ളിൽ കുടുങ്ങി കാലിന്റെ ഞരമ്പ് തകരാറിലായതിനെ തുടർന്നാണ് സജ്ന ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചു. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച സജ്നയെ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. ബഹിർഷനാണ് സജ്‌നയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയക്കായി രോമംനീക്കി വൃത്തിയാക്കിയ ഇടതുകാലിന് പകരമാണ് രോമം കളയാത്ത വലതു കാലിന് ശ്രസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് കാൽ അനക്കാൻ കഴിയാതെ വന്നപ്പോഴാണ് ഇടതുകാലിന് പകരം വലതുകാലിലാണ് ഓപ്പറേഷൻ ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സജ്ന നഴ്സുമാരെ വിവരമറിയിച്ചു.

ബന്ധുക്കൾ പരാതിപ്പെട്ടപ്പോഴാണ് കാല്‍ മാറിയാണ് ശസ്ത്രക്രിയ നടത്തിയതായി ഡോക്ടർ അറിഞ്ഞത്. തനിക്ക് തെറ്റ് പറ്റിയെന്ന് ഡോക്ടർ സമ്മതിച്ചതായി രോഗിയുടെ ബന്ധുക്കൾ പറഞ്ഞു. രോഗിയുടെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പോലീസിനും പരാതി നൽകി.

Tendon Achilles rupture എന്ന അസുഖത്തിനാണ് സജ്‌നയുടെ ഇടതുകാലിന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.  ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ സ്‌കാനിംഗിൽ വലതുകാലിന് ഭാഗികമായി തകരാറ് കണ്ടെത്തി. തുടർന്ന് വലതു കാലിൽ ശസ്ത്രക്രിയ നടത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇടതുകാലിനും ശസ്ത്രക്രിയ നടത്തും. ഇക്കാര്യം ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ബന്ധുക്കളെയും രോഗിയേയും അറിയിച്ചെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.