Click to learn more 👇

മനോഹരന്റെ മരണം കസ്റ്റഡി മര്‍ദ്ദനം മൂലമെന്ന് ആവര്‍ത്തിച്ച്‌ കുടുംബം; ഹൃദയാഘാതമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം


കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അട്ടിമറി സാദ്ധ്യത നിലനില്‍ക്കുന്നതായി കുടുംബത്തിന്റെ ആരോപണം.

മനോഹരന്റെ മരണത്തിലേയ്ക്ക് നയിച്ചത് ഹില്‍പ്പാലസ് പൊലീസ് സ്റ്റേഷനില്‍ വെച്ചുണ്ടായ കസ്റ്റഡി മര്‍ദ്ദനമാണെന്നാണ് കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്. മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീര്‍ക്കാനായി ആസൂത്രിതമായ ശ്രമം നടക്കുന്നതായും കുടുംബം ആരോപിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പൊലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

പൂര്‍ണ ആരോഗ്യവാനായിരുന്ന മനോഹരന് ഹൃദയാഘാതം ഉണ്ടായെങ്കില്‍ അത് പൊലീസ് മര്‍ദ്ദനം മൂലമാണെന്നാണ് ബന്ധുക്കളുടെ വാദം. മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതിന് ശേഷവും മനോഹരനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്തിനാണെന്ന ചോദ്യവും അവര്‍ ഉന്നയിച്ചു. 

സംഭവത്തില്‍ എസ് ഐയെ മാത്രം സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ അതൃപ്തിയും കുടുംബാംഗങ്ങള്‍ രേഖപ്പെടുത്തി. വാഹന പരിശോധനയ്ക്കിടയില്‍ മനോഹരന് മര്‍ദ്ദനമേറ്റതായി ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മനോഹരന്‍ മരിച്ചതെന്നും കസ്റ്റഡി മര്‍ദ്ദനമുണ്ടായിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ശനിയാഴ്ചയാണ് മനോഹരന്റെ മരണത്തിലേയ്ക്ക് നയിച്ച പൊലീസ് പരിശോധന നടന്നത്. രാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന മനോഹരനെ ഇരുട്ടില്‍ ഒരു പൊലീസുകാരന്‍ കൈകാണിച്ചു. വാഹനം നിറുത്താതെ മുന്നോട്ടുപോയ മനോഹരനെ വളവില്‍ വച്ച്‌ പൊലീസ് സംഘം തടഞ്ഞു. വണ്ടി നിറുത്താത്തത് ചോദ്യം ചെയ്ത പൊലീസ് മുഖത്തടിച്ചു എന്നാണ് ദൃക്സാക്ഷിയുടെ മൊഴി, പരിശോധനയില്‍ മദ്യപിച്ചില്ല എന്ന് വ്യക്തമായതിന് പിന്നാലെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പിന്നാലെ മനോഹരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആദ്യം തൃപ്പൂണിത്തുറ ആശുപത്രിയിലും പിന്നാലെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു

Video courtesy Manorama News



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.