നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
കഷായത്തില്‍ വിഷം കലർത്തി ഗ്രീഷ്മ ചതിച്ചെന്നും താൻ മരിക്കാൻ പോകുകയാണെന്നും ഐസിയുവിൽ കിടന്ന കാമുകൻ ഷാരോൺ രാജ് കരഞ്ഞുകൊണ്ട് ബന്ധുവിനോട് പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. ഒക്‌ടോബർ 13ന് രാത്രി അവർ ഒരു മണിക്കൂറും 7 മിനിറ്റും സെക്‌സിനെ കുറിച്ച് സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതിനാലാണ് വീട്ടിലേക്ക് പോയതെന്ന് ഷാരോൺ ബന്ധുവിനോട് പറഞ്ഞു.
2021 ഒക്‌ടോബർ മുതൽ ഷാരോൺരാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2022 മാര്‍ച്ച് 4ന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതല്‍ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറില്‍ ഷാരോണിന്റെ വീട്ടിവച്ച് താലികെട്ടി. വെട്ടുകാട് പള്ളിയില്‍വച്ചും താലികെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരക ബന്ധത്തില്‍ ഏര്‍പ്പെട്ടു.
വിവാഹം അടുത്തിരിക്കുന്നതിനാൽ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുന്നു. 2022 ഓഗസ്റ്റ് 22-ന്, പാരസെറ്റമോൾ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും ശരീരത്തിനുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും ഗ്രീഷ്മ ഗൂഗിളിൽ പലതവണ തിരഞ്ഞു. തുടർന്ന് ഗ്രീഷ്മ വീട്ടിൽ പാരസെറ്റമോൾ, ഡോളോ ഗുളികകൾ വെള്ളത്തിൽ ലയിപ്പിച്ച് ബാഗിൽ സൂക്ഷിച്ചു.
തിരുവിതാംകോടു നിന്ന് രണ്ട് ജ്യൂസും വാങ്ങി ഷാരോണിന്റെ കോളേജിൽ എത്തി. കോളേജിലെ റിസപ്ഷൻ ഏരിയയിലെ ശുചിമുറിയിൽ ജ്യൂസ് കുപ്പിയിൽ ഗുളികകൾ അടങ്ങിയ ലായനി നിറച്ചു. ഷാരോണിന് ജ്യൂസ് നൽകിയെങ്കിലും കയ്പ്പായതിനാൽ കുടിച്ചില്ല. ഗുളിക കലര്‍ത്താത്ത ജൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചു. 14-ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു.
ഷഡാങ്ക പാനീയം (ആയുര്‍വേദ മരുന്ന്) കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്. ഇതിൽ കീടനാശിനി കലര്‍ത്തി. 'കഷായം കുടിക്കാമെന്ന് മുന്‍പ് ചാലഞ്ച് ചെയ്തല്ലേ ദാ ഇരിക്കുന്നു കുടിക്ക്' എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനു ശേഷം കയ്പ്പ് നീക്കാൻ ജ്യൂസ് നൽകി.
കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങുന്നതിനിടെ പലതവണ ഛർദ്ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും ഷാരോൺ സുഹൃത്തിനോട് പറഞ്ഞു.
വൃക്ക, കരൾ, ശ്വാസകോശം എന്നിവ തകരാറിലായതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഷാരോൺ മരിച്ചത്.
ഷാരോണിന്റെ മരണശേഷം ഗ്രീഷ്മ മൊബൈൽ ഫോണിലെ ചാറ്റുകൾ നശിപ്പിച്ചു. ചാറ്റുകൾ വീണ്ടെടുക്കാൻ കഴിയുമോ എന്നറിയാൻ ഗൂഗിളിലും യൂട്യൂബിലും തിരഞ്ഞു. കീടനാശിനി കുപ്പിയുടെ ലേബൽ ഇളക്കിമാറ്റിയ ശേഷം വീടിനോട് ചേർന്നുള്ള റബ്ബർ ഷെഡിൽ എറിഞ്ഞു. അമ്മയ്ക്ക് കൊലപാതക വിവരം അറിയാമായിരുന്നു. തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചത് അമ്മാവനായിരുന്നു.
കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ഇപ്പോൾ ജയിലിലാണ്. രണ്ടാം പ്രതി അമ്മ സിന്ധുവിന് ജാമ്യം ലഭിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്‌മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായരും ജയിലിലാണ്.