മദ്യപിച്ചെത്തി ബിജേഷ് സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. ഇതില്‍ സഹികെട്ട അനുമോള്‍ വനിതാ സെല്ലില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് ബിജേഷ് പൊലീസിനോട് വെളിപ്പെടുത്തിയത്.
ഇത് സ്ഥിരീകരിക്കാന്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിജേഷിനെ കോടതിയില്‍ ഹാജരാക്കും,
കേസില്‍ ഒളിവിലായിരുന്ന ബിജേഷ് കുമളിക്ക് സമീപം തമിഴ്നാട് അതിര്‍ത്തിയിലെ വനപ്രദേശത്തുനിന്നാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെ കട്ടിലിനടിയില്‍ നിന്ന് അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് ബിജേഷ് ഒളിവില്‍ പോയത്. അന്വേഷണത്തിനിടയില്‍ ഇയാളുടെ മൊബൈല്‍ഫോണ്‍ തമിഴ്നാട് അതിര്‍ത്തിയിലെ വനത്തില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോള്‍. 17ന് സ്കൂളിലെത്തിയ അനുമോള്‍ പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. പക്ഷേ, വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുമോള്‍ സ്കൂളിലെത്തിയില്ല. മകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് ബിജേഷ് അനുവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. അവര്‍ വിളിച്ചപ്പോള്‍ യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഭാര്യയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയില്‍ അവര്‍ കയറാതിരിക്കാന്‍ ബിജേഷ് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ അനുവിന്റെ ഫോണ്‍ റിംഗ് ചെയ്യുകയും കട്ടാവുകയും ചെയ്തു. തുടര്‍ന്ന് അനുവിന്റെ മാതാപിതാക്കളും സഹോദരനും സ്‌റ്റേഷനിലെത്തി അന്വേഷണ പുരോഗതി തിരക്കിയിരുന്നു. വൈകിട്ട് ആറോടെ ബിജേഷും അനുവും താമസിച്ചിരുന്ന വീട്ടില്‍ ഇവര്‍ എത്തി. വീട് പൂട്ടിയിരിക്കുന്നത് കണ്ട് തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, കട്ടിലിനടിയിലെ കമ്ബിളിപ്പുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക് വരികയായിരുന്നു.