Click to learn more 👇

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്; മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ; 110 പ്രതികളെ വിട്ടയച്ചു


കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവ്ശിക്ഷ വിധിച്ച്‌ കോടതി.

കേസില്‍ 88ാം പ്രതിയായ ദീപക്കിന് മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. 18ാം പ്രതി സി.ഒ.ടി നസീര്‍, 99ാം പ്രതി ബിജു പറമ്ബത്ത് എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. അഞ്ച് വര്‍ഷം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം കണ്ണൂര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ ഇവര്‍ മൂവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2013 ഒക്‌ടോബര്‍ 27ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും കണ്ണൂരില്‍ കാല്‍ടെക്‌സ് മുതല്‍ പൊലീസ് ക്ളബ് വരെ മാര്‍ഗതടസമുണ്ടാക്കി മാരകായുധങ്ങളുപയോഗിച്ച്‌ വധിക്കാന്‍ ശ്രമിച്ചു എന്നുമാണ് കേസ്. 

മുഖ്യമന്ത്രിയുടെ വാഹനത്തെയും അകമ്ബടി പൊലീസ് വാഹനങ്ങളെയും ആക്രമിച്ച സംഘം കല്ല്, മരവടി. ഇരുമ്ബുവടി എന്നിവ വാഹനത്തിന് നേരെ എറിഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലത്‌വശം വഴി മുദ്രാവാക്യം വിളിച്ചെത്തിയ സംഘത്തിന്റെ കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകരുകയും ഉമ്മന്‍ചാണ്ടി, ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെ.സി ജോസഫ്, ടി.സിദ്ദിഖ് എന്നിവര്‍‌ക്കും പരിക്കേറ്റു. 

വാഹനം തകര്‍ത്ത വകയില്‍ അഞ്ച് ലക്ഷം രൂപ നഷ്ടമുണ്ടായതായാണ് കേസിലെ കുറ്റപത്രത്തില്‍ പറയുന്നത്. മുന്‍ എംഎല്‍എ കെ.കെ നാരായണന്‍ അടക്കം 113 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 110 പേരെ കോടതി വെറുതെവിട്ടു. പ്രതികളില്‍ തലശേരി സ്വദേശിയായ സി.ഒ.ടി നസീര്‍,ചാലാട് സ്വദേശി ദീപക്ക് എന്നിവരെ പാര്‍ട്ടി പുറത്താക്കുകയും ചെയ്‌തിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.