ഇന്നലെ ഉച്ചയോടെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പൊലീസ് സംഘം പ്രതിയുമായി കാറില്‍ യാത്ര തിരിച്ചിരുന്നു. രാവിലെയാണ് കോഴിക്കോടെത്തിയത്.
അതേസമയം, ഷാരൂഖ് സെയ്‌ഫിയുടെ പ്രാഥമിക മൊഴി പുറത്തുവന്നു. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീവച്ചതിനുശേഷം അതേ ട്രെയിനില്‍തന്നെ കണ്ണൂരിലെത്തിയെന്ന് ഷാരൂഖ് മൊഴി നല്‍കി. പൊലീസിന്റെ പരിശോധന നടക്കുമ്ബോള്‍ ഒന്നാം നമ്ബര്‍ പ്ളാറ്റ്‌ഫോമില്‍ ഒളിച്ചിരുന്നു. കേരളത്തില്‍ എത്തുന്നത് ആദ്യം. ട്രെയിനില്‍ അക്രമം നടത്തിയത് തന്റെ കുബുദ്ധി കൊണ്ടാണെന്നും ഷാരൂഖ് മൊഴി നല്‍കി. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനുശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഞായര്‍ രാത്രി 9 മണിയോടെയാണ് ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന എക്സിക്യുട്ടിവ് എക്സ്പ്രസിനുള്ളില്‍ അക്രമി തീയിട്ടത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് ചാടിയ മൂന്നുപേര്‍ മരിച്ചിരുന്നു. ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് പിടികൂടിയത്