അവസരം ഒത്തുകിട്ടിയാൽ എത്ര ശക്തന്മാരായ ജീവികളെയും നിമിഷങ്ങൾകൊണ്ട് കീഴടക്കാനുള്ള ശക്തി അവയ്ക്കുണ്ട്. അതിനാൽ മുതലകളുടെ സമീപത്ത് എത്തുന്നവർ അതീവ ജാഗ്രത പാലിക്കുകയും വേണം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ അവയെ പാർപ്പിച്ചിരിക്കുന്ന മൃഗശാലകളിൽ കൂടുതൽ സുരക്ഷയൊരുക്കുകയും ചെയ്യാറുണ്ട്. എന്നാൽ കണ്ടാൽ തന്നെ ഭയം തോന്നുന്ന കൂറ്റൻ മുതലയുടെ പുറത്ത് കയറിയിരുന്ന് അതിന് തീറ്റ കൊടുക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വിഡിയോയിലുള്ള വ്യക്തി ഭയമില്ലാതെ മുതലയുടെ പുറത്ത് സുഖമായി ഇരിക്കുന്നത് കാണാം. മുതല ആക്രമിക്കുമോ എന്ന പരിഭ്രാന്തിയില്ലെന്നു മാത്രമല്ല കുട്ടികളെയെന്നപോലെ അതിനെ കളിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു കയ്യിൽ ഇറച്ചിക്കഷ്ണവും പിടിച്ചാണ് അദ്ദേഹത്തിന്റെ ഇരിപ്പ്. അത് മുതലയ്ക്ക് കാണത്തക്ക വിധത്തിൽ ഇടയ്ക്ക് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നുമുണ്ട്.
ഓരോ തവണ ഇറച്ചിക്കഷണം കാണുമ്പോഴും അത് കടിച്ചെടുക്കാനായി മുതല ശരീരം പിന്നിലേക്ക് തിരിക്കും. വായ പിളർത്തി ഭക്ഷണത്തിൽ കടിക്കാൻ ഒരുങ്ങുമ്പോൾ പുറത്തിരിക്കുന്ന വ്യക്തി അത് മാറ്റിക്കളയും. അല്പമൊന്ന് ശ്രദ്ധ തെറ്റിയാൽ കൈ മുതലയുടെ വായിലാകുമെന്നുറപ്പ്. എന്നാൽ അത്തരം ഒരു ആശങ്ക അദ്ദേഹത്തിന്റെ മുഖത്തില്ല. മൂന്നു നാല് ആവർത്തി മുതലയെ പറ്റിച്ചശേഷം അതിന്റെ പുറത്തിരുന്നുകൊണ്ടു തന്നെ തീറ്റ അദ്ദേഹം വായിലേക്ക് കൊടുക്കുന്നതും വിഡിയോയിൽ കാണാം.