എഡ്‌ജ്‌ബാസ്റ്റണ്‍: ഇത്തവണത്ത ആഷസ് ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഏറെ സവിശേഷതകളുണ്ട്. ശക്തമായ ഓസീസ് ബൗളിംഗ് ലൈനപ്പിനെതിരെ ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലിയില്‍ ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കുന്നതാണ് ഇതിലൊന്ന്. ഇതില്‍ അവസാനിക്കുന്നതല്ല ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ ആവനാഴിയിലെ ആയുധങ്ങള്‍.
എഡ്‌ജ്‌ബാസ്റ്റണ്‍ വേദിയാവുന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാംദിനം ഓസീസ് മാസ്റ്റര്‍ ബാറ്റര്‍ സ്റ്റീവ് സ്‌മിത്തിന് ലെഗ് സ്ലിപ്പില്‍ രണ്ട് ഫീല്‍ഡര്‍മാരെ ഇട്ട് സ്റ്റോക്‌സ് അമ്പരപ്പിച്ചിരുന്നു. മൂന്നാം ദിനത്തിലേക്ക് മത്സരം നീണ്ടപ്പോള്‍ കണ്ടത് അഗ്രസീവ് ഫീല്‍ഡ് സെറ്റിംഗിന്‍റെ മറ്റൊരു സുന്ദര കാഴ്‌ചയാണ്.
എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ അഗ്രസീവ് ഫീല്‍ഡിംഗ് പ്ലാനുകളാണ് മൈതാനത്ത് ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് നടപ്പാക്കുന്നത്. സ്റ്റീവ് സ്‌മിത്തിനെതിരെ സ്ലിപ്പിലും ഗള്ളിയിലുമായി ഫീല്‍ഡര്‍മാരെ നിരത്തിയിട്ട് സ്റ്റോക്‌സ് തന്ത്രങ്ങള്‍ ഒരുക്കിയെങ്കില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് നിരയിലെ സെഞ്ചുറിവീരന്‍ ഉസ്‌മാന്‍ ഖവാജയെ പുറത്താക്കാനും അഗ്രസീവ് ശൈലി തന്നെ സ്റ്റോക്‌സ് പ്രയോഗിച്ചു. ക്യാച്ചെടുക്കാന്‍ പാകത്തില്‍ വിക്കറ്റ് കീപ്പറെ കൂടാതെ ആറ് പേരെ ഖവാജയുടെ ചുറ്റിലും സ്റ്റോക്‌സ് നിയോഗിച്ചു.
ഇതോടെ സ്റ്റംപ് ഔട്ട് ചെയ്‌ത് ഫീല്‍ഡര്‍മാര്‍ക്ക് മുകളിലൂടെ പന്തടിക്കാന്‍ ശ്രമിച്ച ഖവാജയ്‌ക്കെതിരെ ഓലീ റോബിന്‍സണിനെ കൊണ്ട് അത്യുഗ്രന്‍ യോര്‍ക്കര്‍ എറിയിച്ചു. എന്താണ് മൈതാനത്ത് നടന്നത് എന്ന് കാര്യം പോലും പിടികിട്ടാത്തെ സെഞ്ചുറിക്കാരന്‍ ഉസ്‌മാന്‍ ഖവാജ തലനാഴ്‌ത്തി മടങ്ങുന്നതാണ് പിന്നാലെ ആരാധകര്‍ കണ്ടത്. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന്‍റെ ബാറ്റിംഗ് തകര്‍ച്ചയിലും രക്ഷകനായി മാറിയ ഖവാജ 321 പന്തില്‍ 14 ഫോറും മൂന്ന് സിക്‌സും സഹിതം 141 റണ്‍സെടുത്തു.
The dismissal of Usman Khawaja.
A great tactical move to get the well settled Khawaja. pic.twitter.com/y5EJ14qYGj
SIX catchers in and the plan works 👏
Khawaja gone for 141.
COME ON ENGLAND! 🏴 #EnglandCricket | #Ashes pic.twitter.com/6MLJcQxzCX
ഖവാജയുടെ തകര്‍പ്പന്‍ സെഞ്ചുറിക്കിടയിലും ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് ഏഴ് റണ്‍സിന്‍റെ ലീഡ് വഴങ്ങി. ഇംഗ്ലണ്ടിന്‍റെ 393 പിന്തുടര്‍ന്ന ഓസീസ് 116.1 ഓവറില്‍ 386 എന്ന സ്കോറില്‍ എല്ലാവരും പുറത്തായി. ട്രാവിഡ് ഹെഡും(50), അലക്‌സ് ക്യാരിയും(66) അര്‍ധസെഞ്ചുറികള്‍ നേടി. ഇംഗ്ലണ്ടിനായി ഓലീ റോബിന്‍സണും സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വീതവും മൊയീന്‍ അലി രണ്ടും ബെന്‍ സ്റ്റോക്‌സും ജയിംസ് ആന്‍ഡേഴ്‌സനും ഓരോ വിക്കറ്റും വീഴ്‌ത്തി. നേരത്തെ, ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സ് ഒന്നാം ദിനം മൂന്നാം സെഷന്‍ പൂര്‍ത്തിയാകും മുമ്പ് 78 ഓവറില്‍ 393-8 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്‌തിരുന്നു.
സെഞ്ചുറി നേടിയ ജോ റൂട്ടാണ്(118) ടോപ് സ്കോറര്‍. സാക്ക് ക്രൗലിയും(61), ജോണി ബെയ്‌ര്‍സ്റ്റോയും(78) അര്‍ധസെഞ്ചുറികള്‍ നേടി. ഓസീസിനായി നഥാന്‍ ലിയോണ്‍ നാലും ജോഷ് ഹേസല്‍വുഡ് രണ്ടും കാമറൂണ്‍ ഗ്രീനും സ്കോട്ട് ബോളണ്ടും ഓരോ വിക്കറ്റും സ്വന്തമാക്കി.