Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ


 

◾കേരളത്തില്‍ കോണ്‍ഗ്രസിനു നേതൃമാറ്റം ഇല്ലെന്ന് എഐസിസി നേതൃത്വം. ഭീഷണിയുടേയും പകപോക്കലിന്റേയും പ്രതികാര രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടില്ലെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റേയും വി.ഡി. സതീശന്റേയും കൈകള്‍ പിടിച്ചുള്ള ഫോട്ടോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനായി എടുത്ത കേസുകളെ നിയമപരമായി നേരിടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു.

◾ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നതിനു ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ജൂലൈ 11 വരെ നീട്ടി. സമയപരിധി ഇന്നലെ അവസാനിച്ചതായിരുന്നു.


◾സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയേയും പൊലീസ് മേധാവിയേയും ഇന്നു മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. കെ വേണുവിനേയും ഡിജിപിയായി കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരേയുമാണു പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനില്‍കാന്തും ഈ മാസത്തോടെ വിരമിക്കുകയാണ്.


◾മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജ് പിടിയില്‍. മാലി ദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ പോലീസ് സമ്മര്‍ദം ചെലുത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചയുടനേ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ സഹായിച്ചത് എസ് എഫ് ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ അബിനാണെന്നാണു നിഖിലിന്റെ മൊഴി.


◾കേരളത്തില്‍ പനി അടക്കമുള്ള വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഇന്നലെ എട്ടു പേര്‍ മരിച്ചു. പനി ബാധിച്ച് ഇന്നലെ പതിനയ്യായിരം പേരാണ് ആശുപത്രികളില്‍ ചികില്‍സ തേടിയത്. 55 പേര്‍ക്കു ഡെങ്കിപനി സ്ഥിരീകരിച്ചിട്ടുണ്ട്.

◾മഴ ശക്തമാകുന്നു. ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദവും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കാലവര്‍ഷം കനക്കാന്‍ കാരണം.


◾കൊച്ചിയിലെത്തിയ അബ്ദുള്‍ നാസര്‍ മദനിയെ ദേഹാസ്വാസ്ഥ്യംമൂലം കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മൂലമാണ് അഡ്മിറ്റ് ചെയ്തത്. 12 ദിവസത്തെ യാത്രാനുമതിയാണ് മദനിക്കുള്ളത്. 10 പൊലീസുകാരെയാണ് മഅദനിയുടെ സുരക്ഷക്കായി കര്‍ണാടക പോലീസ് നിയോഗിച്ചിട്ടുള്ളത്.


◾കേരളത്തിലെ ഇടുങ്ങിയ ഹൈവേകള്‍ മോദി സര്‍ക്കാര്‍ വികസിപ്പിച്ച് ആറുവരിപാതയാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. 1,266 കിലോമീറ്ററുള്ള ഈ പാതയുടെ നിര്‍മ്മാണം ദ്രുതഗതിയിലാണ്. കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടിലെ യാത്ര ഇതോടെ സുഗമമാകും. ബിജെപി തിരുവനന്തപുരം പാര്‍ലമെന്റ്  മണ്ഡലം വിശാല്‍ ജനസഭ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.


◾ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയില്‍. ചികിത്സയ്ക്കായി രണ്ടുമാസത്തേക്കു ജാമ്യം വേണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും.   ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിലുമുണ്ട്.

◾കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ടു കോടി മുപ്പത്തയ്യായിരം രൂപ  ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ജി ശക്തിധരന്‍. ഫെയ്സ്ബുക് പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. പണം കൊണ്ടുപോയത് ഇപ്പോഴത്തെ ഒരു മന്ത്രി സഞ്ചരിച്ച കാറിലാണെന്നും ആരോപിക്കുന്നു.


◾സേഫ് കേരള പദ്ധതിയില്‍ ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലാപ്ടോപ്പുകള്‍ വാങ്ങിയത് മൂന്നിരട്ടിയിലധികം വിലയ്ക്കാണ്. ലാപ്ടോപ്പ് അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ താന്‍ പുറത്തു വിടുമെന്നും ചെന്നിത്തല പറഞ്ഞു.


◾കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി പ്രിയ വര്‍ഗീസ്. അപ്പീലില്‍ തന്റെ വാദം കേള്‍ക്കാതെ കോടതി തീരുമാനം എടുക്കരുതെന്നാണ് പ്രിയ വര്‍?ഗീസിന്റെ ആവശ്യം.


◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയനില്‍ യുയുസിയായി ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ തനിക്കു പങ്കില്ലെന്ന് മുന്‍ എസ്എഫ്ഐ നേതാവ് വിശാഖ്. തന്നെ വിശാഖ് കബളിപ്പിച്ചതാണെന്ന് പ്രിന്‍സിപ്പാള്‍ ഷൈജു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയില്‍ ഇരുവരും ഇങ്ങനെ വാദിച്ചത്. യുയുസി അനഘ രാജി വച്ച ഒഴിവില്‍ തന്റെ പേര് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് വിശാഖ് പറഞ്ഞു. വിജയിച്ച ആള്‍ രാജിവച്ചാല്‍  തെരഞ്ഞെടുപ്പ് നടത്തുകയല്ലേ വേണ്ടതെന്നു കോടതി ചോദിച്ചപ്പോള്‍ അറിവില്ലായ്മകൊണ്ടു ചെയ്തതാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി.  

◾കേരളത്തിലെ ക്രമസമാധാനനില പരിതാപകരമെന്ന് ദേശീയ വനിത കമ്മീഷന്‍. കഴക്കൂട്ടത്തു യുവതിയെ കെട്ടിയിട്ടു ബലാല്‍സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. സമയബന്ധിതമായി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കണമെന്നു കമ്മീഷന്‍ ഡിജിപിക്കു കത്തു നല്‍കി. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്കു സൗജന്യ ചികിത്സ നല്‍കണമെന്നും നിര്‍ദേശിച്ചു. പ്രതി കിരണിനെ റിമാന്‍ഡു ചെയ്തു.


◾സിനിമാ നടന്‍ സി.വി  ദേവ് അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും  നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


◾കോഴിഫാമില്‍നിന്നു ഷോക്കേറ്റ് മലബാര്‍ എഗ്ഗര്‍ ചിക്കന്‍ ഫാം ഉടമ മരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം വില്‍സണ്‍ മാത്യു (58) ആണ് മരിച്ചത്. സംസ്‌കാരം ഇന്നു വൈകുന്നേരം അഞ്ചിന്. മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കോഴി കര്‍ഷകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.  


◾ചലച്ചിത്ര ക്യാമറാമന്‍ നവാസ് ഇസ്മായില്‍ അന്തരിച്ചു. 46 വയസായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


◾മക്കളുടെ കണ്‍മുന്നില്‍വച്ച് അമ്മയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ പ്രതിക്കു ജീവപരന്ത്യം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ വടക്കേക്കര ആലംതുരുത്ത് സ്വദേശി പുതുമന ഷൈന്‍ഷാദി (ഷൈമി  -39) നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.  ഭാര്യ റഹ്‌മത്താണ് കൊല്ലപ്പെട്ടത്.

◾പത്തു ലക്ഷം രൂപയുടെ മുദ്രാ ലോണ്‍ വാഗ്ദാനം ചെയ്തു കോട്ടയത്ത് റെയില്‍വേ ജീവനക്കാരിയില്‍നിന്ന് മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ചളവറ സ്വദേശി ആബിദ് (30) ആണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്.


◾നാപ്തോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയുടെ പേരില്‍ പതിമ്മൂന്നര ലക്ഷം രൂപയുടെ സമ്മാനം വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ തട്ടിയെടുത്ത കര്‍ണാടക സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക കല്ലുഗുണ്ടി സ്വദേശികളായ ജഗദീഷ് (40), ദേവി പ്രസാദ്(35) എന്നിവരാണ് പിടിയിലായത്. പള്ളിപ്പാട് വില്ലേജില്‍ നീണ്ടൂര്‍ മുറിയില്‍ ഈശ്വരന്‍ പറമ്പില്‍ വീട്ടില്‍ ഗോപാലകൃഷ്ണപിള്ളയുടെ പരാതിയിലാണ് അറസ്റ്റ്.  


◾തൃശൂര്‍ ഇളംതുരുത്തിയില്‍ തെരുവുനായ കടിച്ച് വീട്ടമ്മയ്ക്കു ഗുരുതര പരുക്ക്. പല്ലുതേവര്‍ റോഡില്‍ പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ഉഷ (52) ക്കാണ് കടിയേറ്റത്. നായയ്ക്കു പേവിഷബാധയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.


◾കാസര്‍കോട് എരിക്കുളത്ത് യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജയപ്രകാശ് അറസ്റ്റില്‍. ചിറപ്പുറം സ്വദേശി ഷീജ ഈ മാസം 19 നാണു തൂങ്ങി മരിച്ചത്.


◾യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസര്‍കോട് കജംപാടിയില്‍  മധൂര്‍ അറംതോട് സ്വദേശി സന്ദീപാണു കൊല്ലപ്പെട്ടത്. പ്രതി കജംബാഡി സ്വദേശി പവന്‍ രാജ് ഒളിവിലാണ്.


◾താമരശേരി ചുരത്തില്‍ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞു രണ്ടു പേര്‍ക്കു പരിക്ക്. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍ തകരപ്പാടിക്ക് അരികിലാണ് അപകടമുണ്ടായത്.  മറ്റു യാത്രക്കാരാണ് പരിക്കേറ്റവരെ കൊക്കയില്‍നിന്നു മുകളിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◾കരിപ്പൂരില്‍ സ്വര്‍ണം കടത്തിയ യാത്രക്കാരനും അതു കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പൊലീസിന്റെ പിടിയിലായി. യുഎഇയില്‍നിന്ന് 67 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പുറത്തിറങ്ങിയ മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയേയും കുടുംബത്തേയും ആക്രമിച്ചു പണം തട്ടാന്‍ ശ്രമിച്ചവരാണു പിടിയിലായത്. വിമാനത്താവളത്തിന്റെ ഗേറ്റില്‍ കണ്ട കാഞ്ഞങ്ങാട്  സ്വദേശി റഷീദിനെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം കടത്തിന്റേയും കവര്‍ച്ചാ പദ്ധതിയുടേയും വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.


◾നെടുമ്പാശേരിയില്‍ വീണ്ടും കാര്‍ഗോ വഴി സ്വര്‍ണക്കള്ളക്കടത്ത്. രണ്ടു  കൊറിയറുകളില്‍ നിന്നായി 410 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഈ മാസം ഇത് നാലാം തവണയാണ് കാര്‍ഗോ വഴി സ്വര്‍ണക്കടത്ത് പിടികൂടുന്നത്.


◾കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. തിരുവല്ല സ്വദേശി സാബുവാണ് (49)പിടിയിലായത്.


◾ബിസ്‌കറ്റ് വാങ്ങാന്‍ കടയില്‍ എത്തിയ പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമയായ വൃദ്ധനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി ഗോപാലകൃഷ്ണന്‍ നായരാണ് (70) പിടിയിലായത്.

◾തിരുവനന്തപുരം വള്ളക്കടവില്‍ കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിക്കു കാരണം. സംഭവത്തില്‍ പരാതിയുമായി ഇരു വിഭാഗവും പൊലീസിനെ സമീപിച്ചു. കൂട്ടയടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍.


◾റെയില്‍വേയുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ വൈകാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്ന് ട്രെയിന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾തമിഴ്നാട്ടില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതിയില്‍. കേസ് ജൂലൈ ഏഴിലേക്കു മാറ്റി.


◾ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ. ഹിമാചല്‍ പ്രദേശിലെ സോലാനില്‍ മേഘവിസ്‌ഫോടനംമൂലം വിനോദ സഞ്ചാരികള്‍ വഴിയില്‍ കുടുങ്ങി. മഴക്കെടുതിയില്‍ ആറു പേര്‍ മരിച്ചു. മഴഭീഷണിമൂലം മധ്യപ്രദേശിലെ രണ്ടിടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടികള്‍ മാറ്റിവച്ചു.


◾മണിപ്പൂരില്‍ കലാപകാരികളുടെ 12 ബങ്കറുകള്‍ സൈന്യം തകര്‍ത്തു. മോര്‍ട്ടാര്‍ ഷെല്ലുകള്‍ അടക്കം ആയുധങ്ങളും പിടിച്ചെടുത്തു. വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആഭ്യന്തര മന്ത്രി അമിത്ഷാ മണിപ്പൂരുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അറിയിച്ചു.

◾പാക് അധിനിവേശ കാഷ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമാണെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജമ്മു സര്‍വകലാശാല സംഘടിപ്പിച്ച സെക്യൂരിറ്റി കോണ്‍ക്ലേവില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാഷ്മീരിന്റെ വലിയൊരു ഭാഗം പാക്കിസ്ഥാന്‍ അനധികൃതമായി കൈയേറി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


◾തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് പാര്‍ട്ടിയിലെ മുന്‍ മന്ത്രിയും മുന്‍ എംഎല്‍എമാരും അടക്കം 35 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്. ഇവരില്‍ 12 പേര്‍ ഇന്നലെ ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തെത്തി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.


◾എഥനോള്‍ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ ഉടനേ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറക്കുന്ന ടൊയോട്ട കാമ്രിയില്‍ എഥനോള്‍ ഇന്ധനമായിരിക്കും. നാഗ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏക സിവില്‍ കോഡിലൂടെ തുല്യത ഉണ്ടാവില്ല. കെപിസിസി പ്രസിഡന്റ് സുധാകരനെതിരായ കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. പാറ്റ്നയില്‍ ചേര്‍ന്ന വിശാല പ്രതിപക്ഷ യോഗത്തെക്കുറിച്ചുള്ള പ്രതീക്ഷകളും യെച്ചൂരി പങ്കുവച്ചു.


◾പുകവലിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ അധ്യാപകര്‍ മര്‍ദ്ദിച്ചു കൊന്നെന്നു പരാതി. ബീഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ ബജ്രംഗി കുമാര്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പം പാലത്തിനടിയിലിരുന്നു  പുകവലിച്ചെന്നാരോപിച്ച് ബെല്‍റ്റുകൊണ്ട് അധ്യാപകര്‍ അടിച്ചെന്നാണു പരാതി.  


◾കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. 99 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ എഫ് സി യിലെ മറ്റു ഓഹരി ഉടമകള്‍ സിഡ്ബി, സ്റ്റേറ്റ്  ബാങ്ക് ഓഫ്  ഇന്ത്യ, എല്‍ ഐ സി മുതലായ സ്ഥാപനങ്ങളാണ്. കെ എഫ് സി  അതിന്റെ 70 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. അറ്റാദായം മുന്‍ വര്‍ഷത്തേക്കാള്‍ നാലിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തി 50.19 കോടി രൂപയായി. വായ്പാ ആസ്തി 37.44 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 6529.40 കോടി രൂപയിലെത്തി. കെ എഫ് സി യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 5000 കോടി രൂപയുടെ വായ്പാ ആസ്തി മറികടക്കുന്നത്. മൊത്ത നിഷ്‌ക്രിയ ആസ്മി 3.11 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.74 ശതമാനമായും കുറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 200 രൂപയുടെ ഓഹരി മൂലധനം ലഭിച്ചതോടെ കെ എഫ് സി യുടെ മൂലധന പര്യാപ്തത അനുപാതം കഴിഞ്ഞ വര്‍ഷത്തെ 22.41% ല്‍ നിന്ന് 25.58% ആയി മെച്ചപ്പെട്ടു.

◾സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ചു നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന 'നല്ല നിലാവുള്ള രാത്രി' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം തിയ്യേറ്ററുകളില്‍ എത്താന്‍ 4 ദിവസം ബാക്കി നില്‍ക്കെ ആണ് ഇപ്പോള്‍ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ജൂണ്‍ 30 വെള്ളിയാഴ്ച തിയ്യേറ്ററുകളില്‍ എത്തും. ഒരു പക്കാ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ആയിട്ട് ആണ് ചിത്രം അണിയിച്ചു ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിത്രത്തിലെ 'തനാരോ തന്നാരോ' എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞിരുന്നു. സ്ത്രീകഥാപാത്രങ്ങള്‍ ആരും ഇല്ലാത്ത ഒരു സിനിമയാണ് 'നല്ല നിലാവുള്ള രാത്രി'. സംവിധായകന്‍ മര്‍ഫി ദേവസ്സിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം കൂടിയാണ് 'നല്ല നിലാവുള്ള രാത്രി'.


◾അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്,ജാഫര്‍ ഇടുക്കി,  എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 'അഭ്യൂഹം'  ജൂലൈയില്‍ വേള്‍ഡ് വൈഡ് റിലീസിനെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനീഷ് ആന്റണി, ജെയിംസ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊ -പ്രൊഡ്യൂസേഴ്സ്  സെബാസ്റ്റ്യന്‍, വെഞ്ചസ്ലാവസ്, അഖില്‍ ആന്റണി. മിസ്റ്ററി ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ  ആനന്ദ് രാധാകൃഷ്ണനും നൗഫല്‍ അബ്ദുള്ളയും ചേര്‍ന്ന് എഴുതിയിരിക്കുന്നു. കോട്ടയം നസീര്‍, ആത്മീയ രാജന്‍,എന്നിവരും ചിത്രത്തില്‍  വേഷമിടുന്നു. കുറ്റവാളിയായി ജയിലില്‍ കഴിയുന്ന പിതാവിന്റെ നിരപരാധിത്വം തെളിയിക്കാനായി  ശ്രമിക്കുന്ന ഒരു മകനും ആ ശ്രമങ്ങള്‍ക്കിടയിലുണ്ടാകുന്ന പല കണ്ടത്തലുകളുമായി ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത്.

◾നാലു കോടി രൂപയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി മോഡലാണ് ധവാന്റെ പുതിയ വാഹനം. എസ്യുവിയില്‍ സഞ്ചരിക്കുന്ന വീഡിയോയും ധവാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സുരക്ഷയും ആഡംബരവും ഒത്തു ചേര്‍ന്ന വാഹനമാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് റേഞ്ച് റോവറിന് ഇന്ത്യയിലുള്ളത്. 48വി ഹൈബ്രിഡ് മോട്ടറും മൂന്ന് എന്‍ജിനുകളില്‍ ഉപയോഗിക്കുന്നുണ്ട്. 8 സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. എട്ട് ടെറെയ്ന്‍ സെലക്ഷന്‍ ഓപ്ഷനുകളുള്ള വാഹനമാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി. അതുകൊണ്ടുതന്നെ ഓണ്‍റോഡും ഓഫ്‌റോഡും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഈ വാഹനത്തിനാവും. 13.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ഈ കാറിലുള്ളത്. ചൂടാക്കാനും തണുപ്പിക്കാനും മസാജ് ചെയ്യാനുമൊക്കെ കഴിയുന്ന 24 വേ പവര്‍ അഡ്ജസ്റ്റബിള്‍ സീറ്റുകളാണ് വാഹനത്തിലുള്ളത്. ഇതു കൂടാതെ 89.41 ലക്ഷം വിലയുള്ള റേഞ്ച് റോവര്‍ വെലാറും 1.29 കോടി രൂപ മുതല്‍ വില ആരംഭിക്കുന്ന ജര്‍മന്‍ നിര്‍മിത മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍എസും 2.44 കോടി രൂപ മുതല്‍ വിലയുള്ള ബിഎംഡബ്ല്യു എം8 ഉം ധവാന്റെ കൈവശമുള്ള മറ്റ് ആഡംബര വാഹനങ്ങളില്‍ പെടുന്നു.


◾കണ്ണന്‍ എന്ന കുട്ടിയും അവന്റെ വീട്ടിലെ കറുമ്പി, നന്ദിനി എന്നീ പശുക്കളുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കുടുംബത്തിന്റെ തണലായി പശു മാറുന്നത് ഹൃദ്യമായാണ് ഇതില്‍ അവതരിപ്പിച്ചിട്ടുള്ളത്. വല്യമ്മാവനും അച്ഛനും അമ്മയും അമ്മായിയും തൊഴുത്തുണ്ടാക്കാന്‍ വരുന്ന ശങ്കുവാശാരിയും നടത്തുന്ന നാട്ടു വര്‍ത്തമാനങ്ങളിലൂടെ പഴയകാല ഗ്രാമീണജീവിതത്തിന്റെ നേര്‍ചിത്രമാണ് ഗ്രന്ഥകര്‍ത്താവ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. 'കാമധേനു'. കെ.ജി. രഘുനാഥ്. ഗ്രീന്‍ ബുക്സ്. വില 162 രൂപ.


◾ഇടയ്ക്കിടെയുള്ള ചെറു മയക്കങ്ങള്‍ നമ്മുടെ തലച്ചോറിനെ ചെറുപ്പമാക്കി നിര്‍ത്തുമെന്നും മറവിരോഗം പോലുള്ളവയുടെ സാധ്യത കുറയ്ക്കുമെന്നും പഠനം. അമേരിക്ക, യുകെ, ഉറുഗ്വേ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. പഠനത്തിന്റെ ഭാഗമായി 40നും 69നും ഇടയില്‍ പ്രായമുള്ള 3,78,932 പേരുടെ ഡേറ്റ ഗവേഷകര്‍ വിലയിരുത്തി. ഇടയ്ക്കിടെ മയങ്ങുന്നവരുടെ തലച്ചോറിന്റെ വ്യാപ്തി  വലുതാണെന്നും അവരുടെ യഥാര്‍ഥ പ്രായത്തെ അപേക്ഷിച്ച് തലച്ചോര്‍ 2.6 മുതല്‍ 6.5 വര്‍ഷം ചെറുപ്പമാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. 65 വയസ്സിനു മുകളില്‍ പ്രായമായവരില്‍ മുന്‍പ് നടത്തിയ ചില പഠനങ്ങളും പകല്‍ നേരത്തെ ചെറു മയക്കങ്ങള്‍ ധാരണശേഷി മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിരുന്നു. പുതിയ പഠനം ഈ മയക്കങ്ങളുടെ ദൈര്‍ഘ്യം രേഖപ്പെടുത്തുന്നില്ലെങ്കിലും 30 മിനിറ്റില്‍ താഴെയുള്ള ഉറക്കമാണ് ഇക്കാര്യത്തില്‍ മികച്ചതെന്ന് മുന്‍ പഠന റിപ്പോര്‍ട്ടുകള്‍ ശുപാര്‍ശ ചെയ്യുന്നു. ഉറക്കം തലച്ചോറിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നതിനെ അടിവരയിടുന്നതാണ് പുതിയ പഠനം. ഈ കണ്ടെത്തലുകള്‍ പ്രായമായവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും കരുത്ത് പകരും. അതേ സമയം ഓര്‍മകളുടെ കേന്ദ്രമായ ഹിപ്പോകാംപസിന്റെ വലുപ്പത്തിലും പ്രതികരണ സമയത്തിലും ദൃശ്യങ്ങളെ വിലയിരുത്തുന്നതിലും പകല്‍ ഉറങ്ങുന്നവരും ഉറങ്ങാത്തവരും തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല. സ്ലീപ് ഹെല്‍ത്ത് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.