കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും കുട്ടിയെ ആക്രമിച്ച് തെരുവുനായ്‌ക്കൾ. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിയെ (9) ആണു നായ്ക്കൾ കടിച്ചു പരുക്കേൽപിച്ചത്.
കൂട്ടത്തോടെയെത്തിയ നായകൾ കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ട്. പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏതാനും ദിവസം മുൻപാണ് മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ നിഹാൽ മരിച്ചത്. തുടർന്ന് മുഴുപ്പിലങ്ങാട് പ്രദേശത്തുനിന്ന് 31 തെരുവുനായ്ക്കളെ പിടികൂടി. തന്റെ മകനുണ്ടായ അനുഭവം ഇനി മറ്റൊരാൾക്കും വരാതിരിക്കാൻ അക്രമകാരികളായ തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാനുള്ള നടപടി വേണമെന്ന് മരിച്ച നിഹാലിന്റെ പിതാവ് നൗഷാദ് ആവശ്യപ്പെട്ടിരുന്നു.