Click to learn more 👇

'ശസ്ത്രക്രിയ ചെയ്യുമ്ബോഴും ഹിജാബ് ധരിക്കണം' തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് വിദ്യാര്‍ത്ഥിനികളുടെ കത്ത്; കത്ത് വാർത്തയോടൊപ്പം


 ഓപ്പറേഷൻ തീയേറ്ററുകളില്‍ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍.

ആവശ്യമുന്നയിച്ച്‌ ഹൗസ് സര്‍ജൻമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ കോളേജ് പ്രിൻസിപ്പലിന് കത്ത് നല്‍കി. ആലോചിച്ച്‌ മറുപടി പറയാമെന്നാണ് പ്രിൻസിപ്പലിന്റെ മറുപടി.

ഓപ്പറേഷൻ തീയേറ്ററില്‍ ഹിജാബും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥിനികളാണ് കോളേജ് പ്രിൻസിപ്പലിന് കത്ത് നല്‍കിയത്. മതവിശ്വാസമനുസരിച്ച്‌ മുസ്ലീം സ്ത്രീകള്‍ക്ക് ഏത് സാഹചര്യത്തിലും ഹിജാബ് നിര്‍ബന്ധമാണെന്നാണ് കത്തില്‍ പറയുന്നത്.

വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിൻസിപ്പലിന് നല്‍കിയ കത്ത്

2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ത്ഥി നല്‍കിയ കത്തില്‍ 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ഥിനികളുടെയും ഒപ്പുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥിനികള്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസിന് കത്ത് നല്‍കിയത്.

ആശുപത്രിയുടേയും ഓപ്പറേഷൻ തീയേറ്ററിലെയും ചട്ടങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഹിജാബ് ധരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഓപ്പറേഷൻ തിയേറ്ററുകളില്‍ ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ നല്‍കുന്ന കമ്ബനികളുണ്ട്. ശസ്ത്രക്രിയക്ക് ആവശ്യമായ വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന കമ്ബനികളില്‍ അണുവിമുക്തമാക്കി കൊണ്ടുളള ഫുള്‍ സ്ലീവ് സ്ക്രബ് ജാക്കറ്റുകളും സര്‍ജിക്കല്‍ ഹൂഡ്സും ലഭ്യമാണെന്നും കത്തില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ത്ഥിനികളുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ക്കുശേഷം വേണ്ട നടപടിയെടുക്കുമെന്നും കോളേജ് പ്രിൻസിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസ് 'ദ ഫോര്‍ത്തി'നോട് പ്രതികരിച്ചു. "ഞാൻ ഒരു അനസ്തറ്റിസ്റ്റ് ആണ്. 32 വര്‍ഷമായി ഞാൻ ഓപ്പറേഷൻ തീയേറ്ററില്‍ ഈ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. പ്രിൻസിപ്പലായിട്ട് ഒരു വര്‍ഷമേ ആയുളളൂ. ഓപ്പറേഷൻ തീയേറ്ററിലെത്തുന്ന രോഗിയെ എങ്ങനെ അണുബാധയില്ലാതെ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രധാനമായും നോക്കുന്നത്. ആഗോളതലത്തിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ തീയേറ്ററില്‍ വരുന്ന രോഗിക്കുളള മുൻകരുതലുകള്‍ ആശുപത്രികള്‍ സ്വീകരിച്ചുവരുന്നത്," ലിനറ്റ് പറഞ്ഞു.

ഓപ്പറേഷൻ ചെയ്യുന്ന സീനിയര്‍ സര്‍ജൻമാരും അസിസ്റ്റ് ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുമാണ് ഓപ്പറേഷൻ തീയേറ്ററില്‍ ഉണ്ടാകുന്നത്. അണുബാധയില്ലാതെ സൂക്ഷിക്കുന്ന സ്ഥലമാണ് ഓപ്പറേഷൻ തീയേറ്റര്‍. പുറത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങളൊന്നും തന്നെ ഇവിടെ ഉപയോഗിക്കാനാവില്ല. പകരം അണുവിമുക്തമാക്കിയ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഈ വസ്ത്രങ്ങള്‍ ധരിച്ചശേഷം ഇരുകൈകളും കൈമുട്ടുവരെ കഴുകും. ഇതിന് പല രീതികളും അവലംബിക്കാറുണ്ട്. പൈപ്പ് തുറന്നുവിട്ട് വളരെ ശക്തിയായി വരുന്ന വെളളത്തില്‍ ഇരുകൈകളും കഴുകിയശേഷം മറ്റ് ഇടങ്ങളിലൊന്നും തൊടാതെ സര്‍ജറിക്കുളള ഗൗണ്‍ ധരിച്ചശേഷമാണ് രോഗിയുടെ അടുത്തേക്ക് എത്തുന്നതെന്നും അവര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കാനുളള ആവശ്യം ഉന്നയിച്ച്‌ കത്ത് നല്‍കിയപ്പോള്‍ തന്നെ ചോദിച്ചത് ഓപ്പറേഷൻ തീയേറ്ററില്‍ കയറിയിട്ടുണ്ടോയെന്നാണ്. ഉണ്ടെന്നായിരുന്നു അവരുടെ മറുപടി. അതിനാല്‍ ഓപ്പറേഷൻ തീയേറ്ററിലെ മാനദണ്ഡങ്ങളെക്കുറിച്ച്‌ അവര്‍ക്ക് കൃത്യമായി അറിയാമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പറയുന്നതുപോലെ ഫുള്‍ സ്ലീവ് വസ്ത്രം ധരിച്ചാല്‍ കൈകള്‍ കഴുകാനാകില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തെക്കുറിച്ച്‌ തനിക്ക് ചിന്തിക്കാനോ ഒറ്റയ്ക്ക് തീരുമാനമെടുക്കാനോ സാധിക്കില്ലെന്ന് അവരെ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാൻ ആദ്യം തീയേറ്റര്‍ കമ്മിറ്റി കൂടേണ്ടതുണ്ട്. സര്‍ജൻസ് ആൻഡ് ഇൻഫക്ഷൻസ് കണ്‍ട്രോള്‍ ടീമിന്റെ കീഴില്‍ ഇത് ചര്‍ച്ചയ്ക്ക് വച്ചശേഷം പത്ത് ദിവസത്തിനകം കുട്ടികളോട് നിലപാട് അറിയിക്കാനാകുമെന്നും ലിനറ്റ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, വിദ്യാര്‍ത്ഥികള്‍ നല്‍കിയ കത്തിലെ വസ്തുതകളെ സമൂഹമാധ്യമങ്ങളില്‍ വളച്ചൊടിക്കുന്നതായി കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഖില എം പ്രതികരിച്ചു. ''വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ കത്ത് എങ്ങനെ ചോര്‍ന്നതെന്ന് അറിയില്ല. ബിജെപി വക്താക്കളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ ഇതെങ്ങനെ വന്നുവെന്നും അറിയില്ല. കത്ത് നല്‍കിയ വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിലും ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്,'' അഖില പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.