Click to learn more 👇

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്


 തൃശൂര്‍: നടനും ഹാസ്യ താരവുമായ കൊല്ലം സുധി(39) കയ്‌പമംഗലത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.

വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാര്‍ എതിരെവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കള്‍ പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം. കയ്‌പമംഗലത്തിനടുത്ത് പനമ്ബിക്കുന്നിലെ വളവില്‍വച്ചാണ് അപകടം നടന്നത്.

ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുധിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ പരിക്ക് സാരമായതിനാല്‍ എറണാകുളത്തേക്ക് മാറ്റുമെന്നാണ് വിവരം.

സംഭവം നടന്നയുടൻ ശിഹാബ് തങ്ങള്‍ ആംബുലൻസ്, എസ്.വൈ.എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവര്‍ത്തരാണ് ഇവരെ പുറത്തെത്തിച്ച്‌ ആശുപത്രിയിലെത്തിച്ചത്. ഒരാഴ്‌ച മുൻപ് ഇതേസ്ഥലത്ത് നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ ഡ്രൈവര്‍ മരണമടഞ്ഞിരുന്നു.

സിനിമ, ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ് കൊല്ലം സുധി മലയാളികള്‍ക്ക് പരിചിതനാകുന്നത്. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലെത്തിയ സുധി കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാര്‍പ്പാപ്പ, ആൻ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി,കേശു ഈ വീടിന്റെ നാഥനടക്കം ഒരുപിടിയോളം ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.