കൊച്ചി: ആണ്‍ സുഹൃത്തിനൊപ്പം ഹോട്ടലില്‍ താമസിച്ചിരുന്ന യുവതിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സുഹൃത്തായ യുവാവ് അറസ്റ്റിലായി.
ഇടപ്പള്ളിയിലെ ഹോട്ടലില്‍ ആണ്‍ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. പാലക്കാട് തിരുനെല്ലായി വിന്‍സെന്‍ഷ്യന്‍ കോളനിയില്‍ ചിറ്റിലപ്പിള്ളി പോള്‍സണിന്റെ മകള്‍ ലിന്‍സി (26) ആണ് കൊല്ലപ്പെട്ടത്. എന്നാല്‍ അന്വേഷണത്തില്‍ ലിന്‍സിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന്, ലിന്‍സിയുടെ ഒപ്പം ഹോട്ടലില്‍ താമസിച്ചിരുന്ന വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി ജെസ്സില്‍ ജലീലിനെ (36) എളമക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങളായി ജെസ്സിലും ലിന്‍സിയും ഹോട്ടലില്‍ താമസിച്ചു വരുകയായിരിന്നു. ലിന്‍സിയുടെ മാതാപിതാക്കള്‍ക്ക് ശനിയാഴ്ച രാത്രിയാണ് ജെസ്സിലിന്റെ ഫോണ്‍ വരുന്നത്. ലിന്‍സി ബാത്ത്‌റൂമില്‍ തലയിടിച്ചു വീണെന്നും അബോധാവസ്ഥയില്‍ ആണെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫോണ്‍. തുടര്‍ന്ന് പാലക്കാട് നിന്ന് ലിന്‍സിയുടെ മാതാപിതാക്കള്‍ ഹോട്ടലില്‍ എത്തി. ലിന്‍സിയുടെ മാതാപിതാക്കള്‍ ചേര്‍ന്നാണ് യുവതിയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ലിന്‍സിയെ അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അതിനുപിന്നാലെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാപിതാക്കള്‍ എളമക്കര പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന് വ്യക്തമായത്. ലിന്‍സിയും ജെസ്സിലും ഒരുമിച്ചാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ജെസ്സിലിനെ കാനഡയില്‍ കൊണ്ടുപോകാമെന്ന് ലിന്‍സി പറഞ്ഞിരുന്നു. ജെസ്സിലിന്റെ കടബാധ്യതകള്‍ തീര്‍ത്തു കൊടുക്കാമെന്നും നേരത്തെ ലിന്‍സി വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ലിന്‍സി നടത്തിക്കൊടുത്തില്ല. യുവതി കബളിപ്പിച്ചതിലെ വിരോധമാണ് കൊലപാതകത്തിനു പിന്നില്‍ എന്നാണ് ജെസ്സില്‍ പൊലീസിനോട് പറഞ്ഞത്.
ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടാകുകയും ജെസ്സില്‍ ലിന്‍സിയുടെ മുഖത്തടിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇടിക്കുകയും ലിന്‍സിയെ ചവിട്ടി താഴെ വീഴ്ത്തുകയും ചെയ്തു. ഇതെത്തുടര്‍ന്ന് ലിന്‍സി അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് ജെസ്സില്‍ ലിന്‍സിയുടെ വീട്ടുകാരെ വിളിച്ച് ലിന്‍സി ബാത്‌റൂമില്‍ വീണുവെന്നും ബോധമില്ലെന്നും അറിയിക്കുകയായിരുന്നു എന്നാണ് വിവരം.