Click to learn more 👇

ഇന്നത്തെ വാർത്തകൾ ഒറ്റ നോട്ടത്തിൽ



◾റോഡ് കാമറകള്‍ ഒരാഴ്ചയ്ക്കകം പിടികൂടിയത് നാലു ലക്ഷം നിയമലംഘനങ്ങള്‍. പിഴ ഈടാക്കാന്‍ പരിവാഹന്‍ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാനായത് വെറും 29,800 കേസുകളാണ്. 18,830 കേസുകള്‍ക്കു മാത്രമാണ് ഇ- ചെലാന്‍ അയക്കാനായത്. കാമറ രേഖപ്പെടുത്തിയ എല്ലാ നിയമലംഘനങ്ങളും വാഹന്‍ പരിവാഹന്‍ സൈറ്റില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല.  


◾ബ്രിജ് ഭൂഷണെതിരെ  ലൈംഗികാരോപണം ഉന്നയിച്ച  വനിത ഗുസ്തി താരങ്ങളോട് തെളിവു ഹാജരാക്കണമെന്ന് ഡല്‍ഹി പോലീസ്. ശ്വാസപരിശോധനയുടെ പേരില്‍ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, അമര്‍ത്തി കെട്ടിപ്പിടിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവു ചോദിച്ചത്. ഇതേസമയം ബ്രിജ് ഭൂഷണ്‍ തന്റെ മണ്ഡലമായ യുപിയിലെ ഗോണ്ടയില്‍ ഇന്നു ശക്തിപ്രകടന റാലി നടത്തും.

◾സര്‍ക്കാരിനും എസ്എഫ്ഐക്കും എതിരേ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെഎസ് യുവിന്റെ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്തതിനെ ഗോവിന്ദന്‍ ന്യായീകരിച്ചു.  മാധ്യമ പ്രവര്‍ത്തകക്കെതിരായ കേസിനെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും പറഞ്ഞു.

◾കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ സംയുക്തമായി യോഗം ചേര്‍ന്നതു ശരിയായ നടപടിയല്ലെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സീനിയര്‍ മോസ്റ്റ് നേതാക്കള്‍ പങ്കെടുത്തതും ശരിയായില്ല. ഇത്രയും നാള്‍ സൗഭാഗ്യം അനുഭവിച്ചവരാണ് യോഗം ചേര്‍ന്നത്. അണികള്‍ക്കു ഗ്രൂപ്പിസത്തില്‍ താല്‍പര്യമില്ല. സതീശനെതിരെ ഇരു ഗ്രൂപ്പുകളും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കേ, സതീശനെ പിന്തുണച്ചാണ് സുധാകരന്റെ പരാമര്‍ശം.


◾കോണ്‍ഗ്രസില്‍ ഒറ്റപ്പെടുത്തി കൂട്ടായ ആക്രമണം പുതിയ സംഭവമല്ലെന്നു കെ. മുരളീധരന്‍ എംപി. തന്റെ അച്ഛന്‍ കെ. കരുണാകരനേയും ഒറ്റതിരിഞ്ഞ് ആക്രമിച്ചിട്ടുണ്ട്. വി.ഡി സതീശനെതിരായ എഐ ഗ്രൂപ്പുകളുടെ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


◾തൃശൂരില്‍ മൂന്നിടത്തു മയക്കുമരുന്നു വേട്ട. ഒല്ലൂരില്‍ എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പും ദേശീയ ഭാരോദ്വഹന ടീമിലേക്ക് സെലക്ഷന്‍ നേടിയ താരവുമായ മുകുന്ദപുരം കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റിബിന്‍ (30), എന്‍ജിനിയറായ കല്ലൂര്‍ ഭരതദേശത്ത് കളപ്പുരയില്‍ ഷെറിന്‍ (32) എന്നിവരെയാണു പിടികൂടിയത്. ബൈക്കില്‍ ഒന്നര കിലോയോളം കഞ്ചാവ് കടത്തിയ തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി മാളക്കാരന്‍ വീട്ടില്‍ റിക്‌സന്‍ തോമസ് എക്‌സൈസിന്റെ പിടിയിലായി. നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റ എഴുപതുകാരിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കരിയന്നൂര്‍ അണ്ടേക്കാട്ട് വീട്ടില്‍ ബീവിയാണ് അറസ്റ്റിലായത്.

◾ഗുണ്ടാ നിയമപ്രകാരം യുവാവിനെ പൊഴിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചിലേറെ കേസുകളില്‍ പ്രതിയായ പരുത്തിയൂര്‍ പള്ളിവിളകം വീട്ടില്‍ അഖിന്‍ (23) ആണ് അറസ്റ്റിലായത്.


◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗസംഖ്യ 24 ല്‍ നിന്ന് 36 ആയി ഉയര്‍ത്തും. പുനസംഘടന ഉടനെയുണ്ടാകും. ശശി തരൂര്‍, രമേശ് ചെന്നിത്തല എന്നിവരെയും രാജസ്ഥാനിലെ സച്ചിന്‍ പൈലറ്റിനേയും ഉള്‍പെടുത്തുന്ന കാര്യത്തില്‍ ആലോചനകള്‍ നടക്കുന്നു. പ്രവര്‍ത്തക സമിതി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ എഐസിസി റായ്പൂര്‍ സമ്മേളനം പാര്‍ട്ടി  അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തിയിരുന്നു.


◾ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ചെന്നൈയില്‍ രാത്രി ഒന്‍പതരയ്ക്ക് വിമാനം ഇറങ്ങിയതിന് പിറകേ വിമാനത്താവളം റോഡിലെ തെരുവു വിളക്കുകള്‍ അണഞ്ഞു. 25 മിനിറ്റിനു ശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. അമിത് ഷായെ സ്വീകരിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ വൈദ്യുതി വകുപ്പിനെതിരെയും ഡിഎംകെ സര്‍ക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ച് റോഡ് ഉപരോധിച്ചു.

◾പുതുതായി നിര്‍മിച്ച ബെംഗളൂരു- മൈസൂര്‍ എക്‌സ്പ്രസ് വേയില്‍ അഞ്ചുമാസത്തിനിടെ 570 അപകടങ്ങളിലായി 55 പേര്‍ മരിച്ചു. 52 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഇടിച്ചാണ് പല അപകടങ്ങളും. കാറുകളുടെ ചക്രം പൊട്ടിയും അപകടമുണ്ടായി.


◾ഒരേസമയം ഒരേ വേദിയില്‍ 2,143 ദമ്പതികള്‍ വിവാഹിതരായി ലോക റിക്കാര്‍ഡിട്ടു. രാജസ്ഥാനിലെ ബാരനിലാണ് സംഭവം. ആറുമണിക്കൂര്‍ നീണ്ട വിവാഹാഘോഷത്തിനിടെയാണ് ഒരേ വേദിയില്‍ ഇത്രയും ദമ്പതിമാര്‍ വിവാഹിതരായത്. ശ്രീ മഹാവീര്‍ ഗോശാല കല്യാണ്‍ സന്‍സ്ഥാന്‍ എന്ന രജിസ്റ്റേര്‍ഡ് ട്രസ്റ്റാണ് ഹിന്ദു, മുസ്ലീം വിവാഹങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമൂഹവിവാഹം സംഘടിപ്പിച്ചത്.

◾ഡല്‍ഹി- നോയിഡ റൂട്ടിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ 801 കോടി രൂപയുടെ സൂപ്പര്‍ റോഡിന് അനുമതി നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ആറു  കിലോമീറ്റര്‍ ചില്ല എലിവേറ്റഡ് റോഡിനാണ് ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.


◾ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരേ ആം ആദ്മി പാര്‍ട്ടി രാംലീല മൈതാനിയില്‍ നടത്തുന്ന മഹാറാലി ഇന്ന്. ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയെ കൈകാര്യം ചെയ്യാന്‍ കേന്ദ്രം പോലീസിനു പുറമേ 12 കമ്പനി പാരാമിലിറ്ററി സേനയേയും ഇറക്കിയിട്ടുണ്ട്.


◾യന്ത്രത്തകരാര്‍ മൂലം ഡല്‍ഹി - ചെന്നൈ ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍തന്നെ തിരിച്ചിറക്കി. വിമാനത്തില്‍ 230 യാത്രക്കാരുണ്ടായിരുന്നു.

◾നീണ്ട 18 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റയില്‍ നിന്ന് വീണ്ടുമൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്കെത്തുന്നു. ടാറ്റാ മോട്ടോഴ്‌സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്‌നോളജീസാണ് പ്രാരംഭ ഓഹരി വില്‍പ്പനയുമായി എത്തുന്നത്. 2004 ല്‍ നടന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഐ.പി.ഒയാണ് ഗ്രൂപ്പില്‍ നിന്നുള്ള അവസാനത്തേത്. ഐ.പി.ഒയ്ക്ക് ആവശ്യമായ പ്രാരംഭ രേഖകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ചെങ്കിലും അടുത്ത അഞ്ച്-ആറ് മാസങ്ങള്‍ക്കുളള്ളിലായിരിക്കും ഐ.പി.ഒ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ടാറ്റാ ടെക്‌നോളജീസില്‍ 74.69 ശതമാനം ഓഹരി പങ്കാളിത്തവും ടാറ്റാ മോട്ടോഴ്‌സിനാണ്. ആല്‍ഫയ്ക്ക് 7.26 ശതമാനവും ടാറ്റ കാപിറ്റലിന് 3.63 ശതമാനവുമാണ് പങ്കാളിത്തം. മൊത്തം 9.57 കോടി ഓഹരികളാണ് വിറ്റഴിക്കുക.  ഇതില്‍ 8.11 കോടിയും ടാറ്റാ മോട്ടോഴ്‌സാണ് വില്‍ക്കുന്നത്. ബാക്കി ആല്‍ഫ ടി.സി ഹോള്‍ഡിംഗ്‌സും ടാറ്റ കാപ്പിറ്റല്‍ ഗ്രോത്ത് ഫണ്ടും. 8,000 കോടി രൂപയാണ് കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. ഐ.പി.ഒ വഴി ടാറ്റ മോട്ടോഴ്‌സിന് 1,600 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഏയ്‌റോ സ്‌പേസ്, ഓട്ടോമോട്ടീവ്, ഇന്‍ഡസ്ട്രിയല്‍ ഹെവി മെഷിനറി തുടങ്ങിയ മേഖലകള്‍ക്കുള്ള സാങ്കേതിക സേവനങ്ങള്‍ കമ്പനി നല്‍കി വരുന്ന കമ്പനിയാണ് ടാറ്റ ടെക്‌നോളജീസ്.


◾കേരളത്തിലെ ആദ്യത്തെ എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പായ 'ഐ എയ്റോ സ്‌കൈ' വികസിപ്പിച്ച ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ പേരില്‍. 'നമ്പിസാറ്റ് 1' എന്നാണ് ഇതിന് പേരു നല്‍കിയിരിക്കുന്നത്. റോബട്ടിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐ ഹബ് റോബട്ടിക്സിന്റെ അനുബന്ധ സ്ഥാപനമാണ് 'ഐ എയ്‌റോ സ്‌കൈ'. നമ്പി സാറ്റ് 1 ദുരന്ത നിവാരണം, പരിസ്ഥിതി, കൃഷി എന്നീ മേഖലകള്‍ക്ക് ആവശ്യമായ കൃത്യതയുള്ള ഡേറ്റ ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിര്‍മിത ബുദ്ധിയുടെ സഹായവും നമ്പി സാറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ ഡേറ്റയ്ക്ക് കൃത്യതയേറും. 5.6 കിലോഗ്രാം മാത്രം ഭാരമുള്ള നാനോ സാറ്റലൈറ്റിനു 30-35-20 സെന്റിമീറ്റര്‍ വലുപ്പം മാത്രമാണുള്ളത്. റിമോട്ട് സെന്‍സിങ് ക്യാമറ, ഡേറ്റയും വോയ്സ് സിഗ്‌നലുകളും ഭൂമിയിലേക്ക് അയയ്ക്കുന്ന കമ്യൂണിക്കേഷന്‍ സിസ്റ്റം എന്നിവയാണു സാറ്റലൈറ്റിലുള്ളത്. വിക്ഷേപണത്തിനുള്ള സാങ്കേതിക സഹായത്തിനായി കമ്പനി ഐ.എസ്.ആര്‍.ഒയെ സമീപിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ നമ്പി സാറ്റ് 1 ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന്‍ ആന്‍ഡ് ഓതോറൈസേഷന്‍ സെന്ററിന്റെ സഹകരണത്തോടെ ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റില്‍ വിക്ഷേപിക്കാനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എയ്‌റോ സ്‌കൈ സ്വന്തമായി വികസിപ്പിക്കുന്ന ആദ്യ റോക്കറ്റ് 2026ഓടെ വിക്ഷേപിക്കും.

◾പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കാജോളിന്റെ നായകനായി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. കശ്മീരിലെ തീവ്രവാദത്തെ ആസ്പദമാക്കിയുള്ള സിനിമയിലൂടെ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. 2023ലാണ് കജോള്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഇമോഷണല്‍ ത്രില്ലറിന്റെ ചിത്രീകരണം ആരംഭിക്കുക. 12 വര്‍ഷത്തിന് ശേഷമാണ് കാജോളും കരോണ്‍ ജോഹറും വീണ്ടും ഒന്നിക്കുന്നത്. കജോളിന്റെ മകനായിട്ടാണ് ഇബ്രാഹിം എത്തുക. ആലിയാ ഭട്ടും രണ്‍വീര്‍ സിങ്ങും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കരണ്‍ ജോഹറിന്റെ അസിസ്റ്റന്റായി ഇബ്രാഹിം പ്രവര്‍ത്തിച്ചിരുന്നു. അയ്യ, ഔറംഗസീബ്, നാം ഷബന എന്നീ ബോളിവുഡ് ചിത്രങ്ങളിലാണ് പൃഥ്വിരാജ് നേരത്തെ അഭിനയിച്ചിട്ടുള്ളത്. ബഡേ മിയാന്‍ ഛോട്ടോ ബിയാന്‍ എന്ന അക്ഷയ് കുമാര്‍ ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്.


◾മലയാളി പ്രേക്ഷകരുടെ പ്രിയതാരമായ സംയുക്ത നായികയായി എത്തിയതാണ് 'വിരൂപാക്ഷ'. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'വിരൂപാക്ഷ' എന്ന ത്രില്ലര്‍ ചിത്രം തിയറ്റര്‍ റണ്‍ അവസാനിപ്പിക്കുമ്പോള്‍ ആകെ നേടിയിരിക്കുന്നത് 90.85 കോടി രൂപയാണ് എന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. 'വിരൂപാക്ഷ' എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 19.8 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളില്‍ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളം പ്രി- റിലീസ് ബിസിനസായി നേടിയിരുന്നു. കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങള്‍ പറയുന്ന 'വിരൂപാക്ഷ'യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന 'വിരൂപാക്ഷ'യില്‍ അജയ്, സായ് ചന്ദ്, ബ്രഹ്‌മജി, രാജീവ് കനകല, സുനില്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

◾മാരുതി സുസുക്കിയുടെ വാണിജ്യ കാര്‍ നിര ശക്തമാക്കാന്‍ ആള്‍ട്ടോയുടെ ടൂര്‍ എച്ച് 1 എത്തി. കാഴ്ചയ്ക്ക് ആള്‍ട്ടോ കെ 10 ന് സമാനമാണ് ഹാച്ച് ബാക്ക് ശ്രേണിയില്‍പെട്ട ടൂര്‍ എച്ച് 1. ബി.എസ് 6 മാനദണ്ഡങ്ങളനുസരിച്ച്  എ.ബി.എസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, മുന്‍ സീറ്റുകള്‍ക്ക് എയര്‍ബാഗ് എന്നീ സുരക്ഷാ സംവിധാനങ്ങങ്ങളോടെ പൂര്‍ണമായും വാണിജ്യാവശ്യങ്ങള്‍ക്കനുസരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. കെ-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വി.വി.റ്റി എന്‍ജിന്‍ മികച്ച പ്രകടനവും ഇന്ധനക്ഷമതയും പ്രദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആള്‍ട്ടോ കെ 10 ന്റെ അടിത്തറയിലാണ് വാണിജ്യ വിപണിയിലേക്ക് ടൂര്‍ എച്ച് 1 നെ മാരുതി എത്തിക്കുന്നത്. പെട്രോള്‍ വേരിയന്റിന് 5500 ആര്‍.പി.എമ്മില്‍ 49 കിലോവാട്ട് പ്രദാനം ചെയ്യാനാകുമ്പോള്‍ സി.എന്‍.ജി വേരിയന്റിന് 3500 ആര്‍.പി.എമ്മില്‍ 41.7 കിലോവാട്ടാണ് കപ്പാസിറ്റി. പെട്രോള്‍ ലിറ്ററിന് 24.60 കിലോമീറ്ററും സി.എന്‍.ജിക്ക് 34.46 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. മെറ്റാലിക് സില്‍ക്കി സില്‍വര്‍, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, ആര്‍ക്ടിക് വൈറ്റ് എന്നീ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. 4,80,500 രൂപ മുതലാണ്  ടൂര്‍ എച്ച് 1 ന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഹാച്ച്ബാക്ക്, സെഡാന്‍, എം.യു.വി വിഭാഗത്തിലുള്ള കാറുകള്‍ ടൂര്‍ എഡിഷനില്‍ മാരുതിക്കുണ്ട്.


◾മനുഷ്യാവസ്ഥയിങ്ങനെ എന്ന് അനുഭവിപ്പിക്കുന്ന കൃതി. 'പ്രതി ജന ഭിന്ന' വിചിത്രമെങ്കിലും ആ അനുഭവമാര്‍ഗ്ഗങ്ങളെല്ലാം സഹജീവികളുടെ സഹജാനുഭൂതിയായി പരിണമിക്കുന്നു. ഇങ്ങനെ പരിണാമ രമണീയമായ വൃത്താന്ത പരിതോവസ്ഥകളും ഗൃഹാതുര വാങ്മയങ്ങളുംകൊണ്ട് ഈ ആത്മകൃതിക്ക് വായനക്കാരില്‍ ഇടം കിട്ടുന്നു. എഴുതിയേ തീരൂ എന്ന അനിവാര്യതയില്‍ നിന്നാണ് ഈ വര്‍ണ്ണജാലകക്കാഴ്ചകള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. അജയന്‍ അനുഭവിച്ച സങ്കടങ്ങളും ധര്‍മ്മസങ്കടങ്ങളും ആഹ്ലാദങ്ങളും മാതൃപ്രതിഷ്ഠയുടെയും പിതൃപ്രതിഷ്ഠയുടെയും വഴികളിലൂടെ കണ്ട അടുപ്പങ്ങളും അകലങ്ങളുമെല്ലാം യൗവനതീക്ഷ്ണമായ ഒരു ഭാവുകത്വത്തിലൂടെ ആവിഷ്‌കരിക്കുന്നുവെന്നതാണ് ഈ ആത്മരചനയുടെ നേട്ടം. 'വര്‍ണ്ണജാലകങ്ങള്‍'. ഡോ എന്‍. അജയന്‍ കൂടല്‍. ഗ്രീന്‍ ബുക്സ്. വില 152 രൂപ.

◾പ്രായമാകുമ്പോള്‍, സ്ത്രീകളില്‍ പ്രത്യേകിച്ചും എല്ലുകളുടെ സാന്ദ്രത കുറഞ്ഞു വരാറുണ്ട്. ഇതിനുള്ള  സാധ്യത ആര്‍ത്തവവിരാമത്തിനു ശേഷം അധികരിക്കുന്നു. ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ തോത് താഴുന്നത് എല്ലുകളുടെ കട്ടി നഷ്ടമാകുന്നതിലേക്ക് നയിക്കുന്നു. ഇത് വീഴ്ചകളില്‍ എല്ലുകള്‍ പെട്ടെന്ന് ഒടിയാന്‍ കാരണമാകുന്നു. ഓസ്റ്റിയോപോറോസിസിനുള്ള സാധ്യതയും സ്ത്രീകളില്‍ അധികമാണ്. പ്രായമാകുമ്പോള്‍  എല്ലുകളെ ശക്തമാക്കി വയ്ക്കുന്നതിന് സ്ത്രീകള്‍ക്ക് ഇനി പറയുന്ന ജീവിതശൈലി മാറ്റങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയ ചീര, കെയ്ല്‍, പോപ്പി വിത്തുകള്‍, എള്ള് എന്നിവ എല്ലിന്റെ സാന്ദ്രത കുറയുന്ന പ്രക്രിയയെ തടുത്ത് നിര്‍ത്തുന്നു. ഇതിനാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. യോഗര്‍ട്ട് പോലുള്ള പാലുല്‍പന്നങ്ങളില്‍ കാല്‍സ്യവും പ്രോട്ടീനും പൊട്ടാസിയവും മഗ്നീഷ്യവും വൈറ്റമിന്‍ കെയുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഉണക്കിയ പ്ലം പഴങ്ങളിലുള്ള വൈറ്റമിന്‍ കെ എല്ലുകളുടെ സാന്ദ്രതയെ കാത്തു രക്ഷിക്കുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട വയര്‍ കമ്പനങ്ങള്‍ തടയാനും ഇത് സഹായിക്കും. ശരീരത്തിലെ ഈസ്ട്രജനെ അനുസ്മരിപ്പിക്കുന്നതാണ് സസ്യാധിഷ്ഠിത പ്രോട്ടീനില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോഈസ്ട്രജനുകള്‍. പുതിയ എല്ലുകളുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഓസ്റ്റിയോബ്ലാസ്റ്റുകളെ ഈ ഫൈറ്റോഈസ്ട്രജനുകള്‍ ഉത്തേജിപ്പിക്കുന്നു. ഇതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ടര്‍ണിപ്, കെയ്ല്‍, ബ്രോക്കളി തുടങ്ങിയ പച്ചക്കറികളും പച്ചിലകളും കാല്‍സ്യവും വൈറ്റമിന്‍ കെയുമെല്ലാം അടങ്ങിയതാണ്. ഇവയും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഭാരം ഉയര്‍ത്തുന്ന തരത്തിലുള്ള സ്ട്രെങ്ത് വ്യായാമങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തെ പരിപാലിക്കും. നടത്തം, ഓട്ടം, എയറോബിക്സ്, പടി കയറല്‍ പോലുള്ള ശാരീരിക വ്യായാമങ്ങളും ഗുണം ചെയ്യും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.