Click to learn more 👇

'കൊടും തണുപ്പും അന്ധകാരവും'; സീറ്റുകള്‍ പോലുമില്ലാത്ത ടൈറ്റനിലെ ഉള്‍ക്കാഴ്ചകള്‍ ഇങ്ങനെയാണ്


 ടൊറൊന്‍റോ: കഷ്ടിച്ച് മിനിവാന്‍റെ വലുപ്പം മാത്രമുള്ള ഒരു ടോയ്ലെറ്റ് മാത്രമുള്ള ഒരു ചെറു അന്തര്‍വാഹിനിയിലെ അഞ്ച് സഞ്ചാരികള്‍ ലോകത്തെ തന്നെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് മണിക്കൂറുകള്‍ പിന്നിട്ട് കഴിഞ്ഞു. 

അറ്റ്ലാന്‍റിക്കിന്‍റെ അടിത്തട്ടിലേക്കുള്ള പര്യടനത്തിനിടയില്‍ ഞായറാഴ്ചയാണ് ടൈറ്റന്‍ കാണാതാവുന്നത്. രണ്ടര മണിക്കൂര്‍ സമയം എടുത്താണ് സാധാരണ ഗതിയില്‍ ടൈറ്റന്‍ ടൈറ്റാനിക്കിന് അടുത്തേക്ക് എത്താറുള്ളത്. പോളാര്‍ പ്രിന്‍സ് എന്ന മാതൃ പേടകത്തില്‍ നിന്ന് ഒരു മണിക്കൂറും 45 മിനിറ്റും അകലെയായ സമയത്താണ് ടൈറ്റനുമായുള്ള ബന്ധം നഷ്ടമായത്. സാധാരണ അന്തര്‍ വാഹിനികളേപ്പോലെയുള്ള സൌകര്യങ്ങളോട് കൂടിയതല്ല ടൈറ്റന്‍.

വൈദ്യുതി ഉത്പാദനത്തിന് പോലും മാതൃപേടകവുമായുള്ള  ബന്ധം പുലരേണ്ടത് ടൈറ്റന് നിര്‍ണായകമാണ്. ഓരോ യാത്രയിലും സാധാരണ ഗതിയില്‍ 10 മുതല്‍ 11 മണിക്കൂര്‍ വരെയാണ് ടൈറ്റന്‍ കടലിന് അടിയില്‍ ചെലവിടുക. എന്നാല്‍ അന്തര്‍ വാഹിനികള്‍ നിര്‍മ്മിതമാവുന്നത് മാസങ്ങള്‍ സമുദ്രാന്തര്‍ ഭാഗത്ത് തുടരുന്നതിന് സജ്ജമായാണ്. പേരിനോട് അക്ഷരാര്‍ത്ഥത്തില്‍ നീതി പുലര്‍ത്തുന്നത് പോലെ തന്നെയാണ് ടൈറ്റന്‍ എന്ന ചെറു പേടകത്തിന്‍റെ ഭാരവും. കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ടൈറ്റന്‍റെ ഭാരം 23000 പൌണ്ടാണ്. സുരക്ഷാ സംവിധാനങ്ങളെ നിയന്ത്രിക്കാനുള്ള മോണിട്ടര്‍ അടക്കമാണ് ഈ ഭാരമെന്നാണ് ഓഷ്യന്‍ ഗേറ്റ് സമുദ്രാന്തര്‍ ഗവേഷകര്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.

വ്യാഴാഴ്ച രാവിലെയാണ് നിലവില്‍ ടൈറ്റന് വേണ്ടിയുള്ള തെരച്ചിലിലെ ഡെഡ് ലൈനായി നല്‍കിയിട്ടുള്ളത്. ബ്രിട്ടീഷ് വ്യവസായിയായ ഹാമിഷ് ഹാര്‍ഡിംഗ്, ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധനായ പോള്‍ ഹെന്‍റി നാഗ്രലോട്ട്, പാകിസ്താന്‍ കോടീശ്വരന്‍ ഷഹ്സാദ ദാവൂദ് മകന്‍ സുലേമാന്‍ എന്നിവരാണ് ടൈറ്റനിലെ സഞ്ചാരികള്‍. 

ടൈറ്റനിലെ അഞ്ചാമന്‍ ഓഷ്ന്‍ഗേറ്റ് സിഇഒയും സ്ഥാപകനുമായ സ്റ്റോക്ടണ്‍ റഷാണ്.  ഇദ്ദേഹത്തിനാണ് പര്യടനത്തിലെ മുഴുവന്‍ വിവരങ്ങളും അറിയാവുന്നത്. ടൈറ്റനുള്ളില്‍ ഇരിക്കാനായി കസേര പോലുള്ള സൌകര്യങ്ങള്‍ ഇല്ല മറിച്ച് പര്യടന സമയത്ത് സഞ്ചാരികള്‍ കാലുകള്‍ പിണച്ച്  തറയില്‍ ഇരിക്കാറാണ് പതിവെന്നാണ് ടൈറ്റനിലെ മുന്‍ സഞ്ചാരികള്‍ വിശദമാക്കുന്നു. കാഴ്ചകള്‍ കാണാനുള്ള ഒരു ചെറിയ ജനല്‍ മാത്രമാണ് ടൈറ്റനുള്ളത്. ഇതിലൂടെയാണ് സഞ്ചാരികള്‍ക്ക് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ദൃശ്യമാവുക.

ഷൂസ് പോലും സഞ്ചാരികള്‍ വെസലിനുള്ളില്‍ ഉപയോഗിക്കാറില്ല. മുന്‍പൊരിക്കല്‍ ടൈറ്റന്‍ അന്തര്‍വാഹിനിയല്ലെന്നും ഒരു ലിഫ്റ്റ് പോലുള്ള സംവിധാനം മാത്രമാണെന്നും ഇതിലാകെയുള്ളത് ഒരു ബട്ടണ്‍ മാത്രമാണ് അത് പ്രവര്‍ത്തിപ്പിക്കാന്‍ വലിയ കഴിവുകള്‍ വേണ്ടെന്നുമാണ് നേരത്തെ ഒരു അഭിമുഖത്തില്‍ ഓഷ്യന്‍ ഗേറ്റ് സിഇഒ സ്റ്റോക്ടണ്‍ റഷ് പ്രതികരിച്ചത്. ടെക്സ്റ്റ് മെസേജുകളിലൂടെയാണ് ടൈറ്റന്‍ മാതൃ പേടകവുമായി ബന്ധപ്പെടുക. അതിനാല്‍ തന്നെ ഓരോ പതിനഞ്ച് മിനിറ്റിലും ഈ മെസേജ് ടൈറ്റന് നിര്‍ണായകമാണ്. പോളാര്‍ പ്രിന്‍സിലേക്ക് ടൈറ്റനില്‍ നിന്ന് അവസാന സന്ദേശമെത്തിയത് ഞായറാഴ്ച രാവിലെ 11.47 നാണ്. ചെലവ് കുറയ്ക്കാന്‍ നിലവാരം കുറഞ്ഞ സാങ്കേതിക വിദ്യയിലൂടെയാണ് ടൈറ്റന്‍ നിര്‍മ്മിതമായതെന്ന ആരോപണം ഇതിനോടം ഉയര്‍ന്നിട്ടുണ്ട്. പുറത്ത് നിന്നുള്ള റിമോട്ടിന്‍റെ നിയന്ത്രണം നഷ്ടമായാല്‍ അകത്ത് നിന്ന് ഹാര്‍ഡ് വയര്‍ സംവിധാനത്തിലൂടെ പ്രൊപ്പല്ലറുകളെ പ്രവര്‍ത്തിപ്പിക്കാനാവുമെന്നാണ് ഓഷ്യന്‍ ഗേറ്റ് വിശദമാക്കുന്നത്.

ആഴക്കടലിലെ തണുപ്പിനെ അതിജീവിക്കാന്‍ ചെറിയൊരു ഹീറ്റര്‍ ടൈറ്റനില്‍ ഉണ്ടെങ്കിലും ഇത് എല്ലാക്കാലവും പ്രവര്‍ത്തിക്കാനാവില്ലെന്ന ആശങ്ക ഓഷ്യന്‍ ഗേറ്റ് തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. പര്യടനം തുടങ്ങിയാല്‍ 24 മണിക്കൂറിനകം തനിയെ ഉയര്‍ന്ന് വരുന്ന നിലയിലാണ് ടൈറ്റനെ നിര്‍മ്മിച്ചിരിക്കുന്നത്. റിമോട്ട് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായ ടൈറ്റന്‍ സമുദ്രോപരിതലത്തില്‍ പാതിമുങ്ങിയ നിലയില്‍ ഒഴുകി നടക്കാനുള്ള സാധ്യതകളും വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. സമുദ്രാന്തര്‍ ഭാഗത്തെ കൊടും തണുപ്പും ഇരുട്ടുമാണ് നിലവില്‍ സഞ്ചാരികളെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.