ഉപ്പിന്റെയും പഞ്ചസാരയുടെയും അമിത ഉപഭോഗം പുതിയ കാലത്തെ ഭക്ഷണരീതികളെ അനാരോഗ്യമാക്കുന്നുണ്ട്.
ഉപ്പിന്റെയും പഞ്ചസാരയുടെയും അമിത ഉപഭോഗം ഗുരുതരമായ പല രോഗങ്ങള്ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തില് ഇവ രണ്ടിലും ഏതാണ് ആരോഗ്യത്തിന് കൂടുതല് ദോഷമെന്നു നോക്കാം.
ഉപ്പും പഞ്ചസാരയും ശരീരത്തിന് ശരിയായ അളവില് തന്നെ ആവശ്യമാണ്. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിര്ത്തുന്നതിന് ഉപ്പ് അത്യാവശ്യം തന്നെയാണ്. മാത്രമല്ല ഇത് പേശികളുടെ, നാഡീവ്യവസ്ഥയുടെ ശരിയായ പ്രവര്ത്തനത്തിനും അത്യാവശ്യമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും അമിതമായ ഉപ്പിന്റെ ഉപഭോഗം ഉയര്ന്ന രക്തസമ്മര്ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം എന്നിവയ്ക്കുള്ള സാധ്യത വര്ധിപ്പിക്കാനും കാരണമാകും.
മുതിര്ന്നയാള്ക്ക് ഒരു ദിവസം 5 ഗ്രാം, ഏകദേശം 1 ടീസ്പൂണ് ഉപ്പ് കഴിക്കാവുന്നതാണ്. അതില് കൂടുതല് ഉപ്പ് കഴിക്കുന്നത് വളരെയധികം ദോഷം ചെയ്യും. പഞ്ചസാരയെ സംബന്ധിച്ചാണെങ്കില് ലോകാരോഗ്യ സംഘടന ദിവസേനയുള്ള ഉപഭോഗം 25 ഗ്രാമില്, ഏകദേശം 5-6 ടീസ്പൂണില് കവിയാന് പാടില്ല എന്ന് ശുപാര്ശ ചെയ്യുന്നുണ്ട്.
ഇന്ന് ഏറ്റവും കൂടുതല് ആശങ്കപ്പെടുത്തുന്നത് ജങ്ക് ഫുഡ്, സോസുകള്, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്, സോഫ്റ്റ് ഡ്രിങ്കുകള് എന്നിവയില് മറഞ്ഞിരിക്കുന്ന ഉപ്പിന്റെയും പഞ്ചസാരയുടെയും ഒരുപോലെയുള്ള സാന്നിധ്യമാണ്. ഇവയിലൊക്കെ തന്നെ ഉയര്ന്ന അളവില് ഉപ്പും പഞ്ചസാരയും അടങ്ങിയിരിക്കുന്നുമുണ്ട്.
അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നത് ആരോഗ്യത്തെ ഗണ്യമായി ബാധിക്കും. അമിതമായി പഞ്ചസാര കഴിക്കുന്നത് ഇന്സുലിന് പ്രതിരോധത്തിനും മെറ്റബോളിക് സിന്ഡ്രോമിനും കാരണമാവുകയും ചെയ്യും. ഇത് ശരീരത്തെ നിരവധി രോഗങ്ങളിലേക്കാണ് തള്ളിവിടുക.
ഏതാണ് കൂടുതല് അപകടം
ഉപ്പും പഞ്ചസാരയും അമിതമായാല് ആരോഗ്യത്തെ നന്നായി ബാധിക്കുമെന്നും ഇത് മരണത്തിലേക്ക് പോലും നയിക്കുമെന്ന കാര്യത്തില് യാതൊരു തകര്ക്കവുമില്ല. എന്നാല്, കൂടുതല് അപകടകാരി പഞ്ചസാരയാണെന്നാണ് കണക്കാക്കുന്നത്. കാരണം ഇത് സാവധാനത്തിലാണ് ശരീരത്തിന് ദോഷം ചെയ്തുവരുക.
പഞ്ചസാരയ്ക്ക് അടിമപ്പെടാന് എളുപ്പവും ഉപേക്ഷിക്കാന് പ്രയാസവുമാണ്. മറുവശത്ത് അമിതമായി ഉപ്പ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ പെട്ടെന്ന് ഭീഷണി ഉയര്ത്തുകയും ചെയ്യുന്നുണ്ട്. അതിനാല്, നല്ല ആരോഗ്യം നിലനിര്ത്തുന്നതിനായി രണ്ടിന്റെയും സമതുലിതമായ ഉപയോഗമാണ് ഉണ്ടാവേണ്ടതാണ്.